ബംഗാളില്‍ സഖ്യമായി: 189 സീറ്റില്‍ ഇടത്, 90 സീറ്റില്‍ കോണ്‍ഗ്രസ്, സിപിഐയും വഴങ്ങണം!
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ഇടത് പാര്‍ട്ടികള്‍ 189 സീറ്റുകളില്‍ മത്സരിക്കും. 294 അംഗ അസംബ്ലിയിലെ 90 സീറ്റുകളില്‍ ഇടതുപാര്‍ട്ടികളുടെ സഖ്യകക്ഷിയായ കോണ്‍ഗ്രസ് മത്സരിക്കും. എട്ടിടങ്ങളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും സ്വതന്ത്രരെ പിന്തുണക്കും. ബാക്കിയുള്ള ഏഴ് സീറ്റുകളുടെ കാര്യത്തില്‍ ധാരണയായിട്ടില്ല. കോണ്‍ഗ്രസും ഇടതുപക്ഷവും തമ്മില്‍ ഇവിടങ്ങളില്‍ സൗഹൃദമത്സരം നടക്കും എന്നാണ് കൊല്‍ക്കത്തയില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍.
പശ്ചിമ ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡണ്ട് അധിര്‍ രഞ്ജന്‍ ചൗധരിയാണ് ഇടതുപാര്‍ട്ടികളുമായി സീറ്റ് ധാരണയായ കാര്യം അറിയിച്ചത്. ഏഴ് സീറ്റുകളില്‍ ഇടതുപക്ഷവുമായി തങ്ങള്‍ സൗഹൃദമത്സരം നടത്തും - ചൗധരി പറഞ്ഞു. മുര്‍ഷിദാബാദിലെ ബഹറാംപൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കോണ്‍ഗ്രസ് ബംഗാളില്‍ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം, കോണ്‍ഗ്രസുമായുള്ള സഖ്യം ഇടതുമുന്നണിയില്‍ പ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും എന്നാണ് അറിയുന്നത്. കോണ്‍ഗ്രസുമായി ഒരുമിച്ച് മത്സരിക്കാനില്ലെന്ന് സി പി ഐ നേരത്തെ നയം വ്യക്തമാക്കിയിരുന്നു. ഇത് പരിഗണിക്കാതെയാണ് സി പി എം സഖ്യശ്രമങ്ങള്‍ തുടര്‍ന്നത്. എത്ര സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കും എന്ന് വരെ ധാരണയായിക്കഴിഞ്ഞ സ്ഥിതിക്ക് സി പി ഐ ഇതിനോട് എങ്ങനെ പ്രതികരിക്കും എന്നത് കണ്ട് തന്നെ അറിയണം.
294 അംഗ അസംബ്ലിയിലേക്ക് ഒറ്റയ്ക്ക് മത്സരിക്കാനാണ് ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന്റെ തീരുമാനം. കേന്ദ്രം ഭരിക്കുന്ന ബി ജെ പിയും ഒറ്റയ്ക്ക് തന്നെ തിരഞ്ഞെടുപ്പിനെ നേരിടും. കോണ്‍ഗ്രസ് ഇടതുപക്ഷത്തിനൊപ്പം ജനവിധി തേടാന്‍ തീരുമാനിച്ചതോടെ പല പ്രമുഖ സീറ്റുകളിലും ത്രികോണ മത്സരം കാണാം. ആറ് ഘട്ടങ്ങളിലായിട്ടാണ് പശ്ചിമ ബംഗാളില്‍ ഇത്തവണ അസംബ്ലി തിരഞ്ഞെടുപ്പ്.












Click it and Unblock the Notifications