ഉപതിരഞ്ഞെടുപ്പില്ലാതെ തന്നെ മമത മുഖ്യമന്ത്രി കസേരയിൽ തുടരും? നിയമസഭയിൽ സുപ്രധാന നീക്കവുമായി തൃണമൂൽ
സഭയിൽ ഹാജരായ 265 എംഎൽഎമാരിൽ 196 പേരും വിദാൻ പരിഷത്ത് എന്നറിയപ്പെടുന്ന ലെജിസ്ലേറ്റീവ് കൗൺസിലിനെ പിന്തുണച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭയിൽ ഒരു ഉപരിസഭയുണ്ടാകും. പ്രതിപക്ഷമായ ബിജെപിയുടെ ശക്തമായ എതിർപ്പിനിടയിലും ലെജിസ്ലേറ്റീവ് കൗൺസിലിന് അനുമതി നൽകുന്ന പ്രമേയം ബംഗാൾ നിയമസഭ പാസാക്കി. സഭയിൽ ഹാജരായ 265 എംഎൽഎമാരിൽ 196 പേരും വിദാൻ പരിഷത്ത് എന്നറിയപ്പെടുന്ന ലെജിസ്ലേറ്റീവ് കൗൺസിലിനെ പിന്തുണച്ചു.

എന്നാൽ വിദാൻ പരിഷത്തിന് നിയമപരമായ പദവിയില്ലെന്നും മുഖ്യമന്ത്രി മമത ബാനർജിയെ ഉപതിരഞ്ഞെടുപ്പിന്റെ അഭാവത്തിൽ നിയമസഭയിൽ അംഗമാകാൻ സഹായിക്കുന്നതിനായാണ് ഇത് സൃഷ്ടിച്ചതെന്നും ബിജെപി കുറ്റപ്പെടുത്തി. വരേണ്യതയുടെ പ്രതീകമായി കണക്കാക്കപ്പെടുന്ന സംസ്ഥാനത്തിന്റെ വിധാൻ പരിഷത്ത് 1969 ൽ മുൻ ഇടതുമുന്നണി സർക്കാരാണ് റദ്ദാക്കിയത്.

എന്നാൽ തുടർച്ചയായ മൂന്നാം തവണയും പശ്ചിമ ബംഗാളിൽ അധികാരം നിലനിർത്തിയ തൃണമൂൽ കോൺഗ്രസ് ഇത് തിരികെ കൊണ്ടുവരാൻ പദ്ധതിയിടുന്നതായി നേരത്തെ തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടിയുടെ തിരഞ്ഞെടുപ്പിന് മുമ്പുള്ള വാഗ്ദാനങ്ങളുടെ ഭാഗം കൂടിയാണിത്. അതേസമയം കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരത്തോടെ മാത്രമേ സംസ്ഥാന നിയമസഭയിലെ ഉപരിസഭ രൂപീകരിക്കാൻ കഴിയൂ.

കേന്ദ്രം സംസ്ഥാന നിയമസഭ പ്രമേയം തള്ളിയാൽ അത് മമതയെയും തൃണമൂലിനെയും ബാധിക്കും. നന്ദിഗ്രാമിൽ ബിജെപിയുടെ സുവേന്ദു അധികാരിയോട് പരാജയപ്പെട്ട മുഖ്യമന്ത്രി മമത ബാനർജി നിലവിൽ എംഎൽഎ അല്ല. അതുകൊണ്ട് തന്നെ സത്യപ്രതിജ്ഞ ചെയ്ത് ആറു മാസത്തിനുള്ളിൽ അവർ ഉപതിരഞ്ഞെടുപ്പിലൂടെ നിയമസഭാ അംഗമാകേണ്ടതുണ്ട്. ഓക്ടോബറിലാണ് ഈ സമയം അവസാനിക്കുന്നത്.
Recommended Video

നിലവിലെ കോവിഡ് സാഹചര്യത്തിൽ ഉടനെയൊരു ഉപതിരഞ്ഞെടുപ്പിനുള്ള സാധ്യത തെളിയാത്തതാണ് തൃണമൂലിനെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നത്. സംസ്ഥാന നിയമസഭയിൽ ഒരു ഉപരിസഭയുണ്ടെങ്കിൽ ഉപതെരഞ്ഞെടുപ്പ് വൈകിയാലും മമതയെ നാമനിർദേശം ചെയ്യാൻ സാധിക്കും. അതല്ലാത്ത പക്ഷം ഒരു പക്ഷെ മമതയ്ക്ക് മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറി നിൽക്കേണ്ടിയടക്കം വന്നേക്കാം.












Click it and Unblock the Notifications