ബെംഗളൂരുവിൽ 2 ബിഎച്ച്കെയ്ക്ക് വാടക 70,000 രൂപ:നല്ല റോഡ് പോലുമില്ലെന്ന് യുവാവ്..ചർച്ച
ബെംഗളൂരുവിലെ ഭവന നിർമ്മാണച്ചെലവുകൾ സാധാരണക്കാർക്ക് വലിയ വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. വാടക വീടുകൾക്ക് പോലും വലിയ തുകയാണ് പലരും ഈടാക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി നഗരത്തിലെ വാടകയും വസ്തുവിലയും കുത്തനെ ഉയർന്നുവെന്ന് കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. ജോലി തന്നെ സുരക്ഷിതമല്ലെന്ന ആശങ്കയിൽ കഴിയുമ്പോൾ താമസസ്ഥലത്തിനും കൂടി ലക്ഷങ്ങൾ വേണ്ടി വരുമെന്ന അവസ്ഥ കടുത്ത ആശങ്കയാണ് സൃഷ്ടിക്കുന്നതെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച് ഒരു റെഡ്ഡിറ്റ് ഉപയോക്താവ് പങ്കുവെച്ച നിരാശ ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്തു.
"ബെംഗളൂരു റിയൽ എസ്റ്റേറ്റ് എങ്ങോട്ടാണ് പോകുന്നത്?" എന്ന വരികളോടെയാണ് പോസ്റ്റ്. നഗരത്തിൽ ഒരു 2 ബിഎച്ച്കെ വീട് കണ്ടെത്തുന്നത് പോലും വലിയൊരു പേടി സ്വപ്നമായി മാറിയിട്ടുണ്ടെന്നാണ് യുവാവ് പോസ്റ്റിൽ പറയുന്നത്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ ഒരു ഫ്ലാറ്റിന്റെ വില 1.4 കോടിയിൽ നിന്ന് 2 കോടിയായി വർധിച്ചു. പല പോരായ്മളും ആ പ്രോപ്പർട്ടിക്ക് ഉണ്ട്. പക്ഷെ വില കുതിക്കുകയാണ് എന്നാണ് യുവാവ് പറയുന്നത്. ഒരു വലിയ അഴുക്കുചാലിന് സമീപമാണ് ഈ ഫ്ലാറ്റ് സ്ഥിതി ചെയ്യുന്നത്. ഔട്ടർ റിംഗ് റോഡിനും (ORR) സമീപത്തെ ഐടി കമ്പനികൾക്കും അടുത്തായതിനാൽ തന്നെ ഈ ഫ്ലാറ്റിന് ഉയർന്ന ഡിമാൻഡാണെന്ന് അദ്ദേഹം പറയുന്നു.

'വാടക വീടുകൾക്ക് പോലും ആശ്വാസം നൽകുന്നില്ല. സമാനമായ 2 ബിഎച്ച്കെ ഫ്ലാറ്റുകളുടെ വാടക ഗണ്യമായി വർദ്ധിച്ച്, ഇപ്പോൾ ആളുകൾക്ക് പ്രതിമാസം 70,000-ൽ അധികം നൽകേണ്ടി വരുന്നു', ഉപയോക്താവ് പറഞ്ഞു. വാടകയ്ക്ക് താമസിക്കുന്നതിൽ ഞങ്ങൾ തൃപ്തരായിരുന്നു, പക്ഷേ കഴിഞ്ഞ 3 വർഷത്തിനിടെ വാടക കുതിച്ചുയർന്നു. ഇപ്പോൾ ഇതേ ഫ്ലാറ്റിന് ആളുകൾ 70,000-ൽ അധികം നൽകുന്നുണ്ടെന്നാണ് അദ്ദേഹം പറയുന്നത്.
മൂന്നോ നാലോ വർഷത്തിനുള്ളിൽ ഒരു ഫ്ലാറ്റ് വാങ്ങാൻ ആവശ്യമായ മൂലധനം കണ്ടെത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു. എന്നാൽ വസ്തുവില വർധിക്കുന്ന വേഗത കാരണം പണമുണ്ടാക്കാൻ കഴിയുന്നില്ലെന്ന് അദ്ദേഹം ആശങ്ക പങ്കുവെച്ചു. എല്ലാ സൊസൈറ്റികളും ടാങ്കർ വെള്ളത്തിലാണ് പ്രവർത്തിക്കുന്നത്, റോഡുകൾ മിക്കവാറും ഇല്ലാത്ത അവസ്ഥയാണ്. ഇത്രയധികം പണം നൽകുന്നത് വിലമതിക്കുന്നതായി തോന്നുന്നില്ലെന്ന സങ്കടലും അദ്ദേഹം പങ്കിട്ടു. അതേസമയം കൂടിയ വിലക്ക് പോലും ആളുകൾ ഫ്ലാറ്റുകൾ വാങ്ങാൻ തയ്യാറാകുന്നുണ്ടെന്ന കാര്യവും യുവാവ് ചൂണ്ടിക്കാട്ടി.
അതേസമയം പോസ്റ്റിന് താഴെ നിരവധി പേരാണ് കമൻ്റുമായി എത്തിയത്. ഐടി ഹബ്ബുകൾക്ക് സമീപമുള്ള പ്രദേശങ്ങളിലെ ഫ്ലാറ്റുകൾക്ക് വലിയ ഡിമാൻ്റാണെന്നും ഇവയുടെ വില ഉയർന്നുകൊണ്ടേയിരിക്കുകയാണെന്നാണ് പലരും പറഞ്ഞത്. വാടകയ്ക്ക് താമസിക്കൂ, സന്തോഷിക്കൂ എന്നാണ് ഒരാളുടെ കമൻ്റ്. എഐ വരുമ്പോൾ എങ്ങനെയാണ് ആളുകൾക്ക് ഇത്രയും ഉയർന്ന തുകയ്ക്കൊക്കെ വീട് വാങ്ങാൻ തോന്നുന്നത് എന്നതാണ് മറ്റ് ചിലരുടെ കമൻ്റ്.












Click it and Unblock the Notifications