ബെംഗളുരുവിൽ ചൂട് കൂടുന്നു ; അഞ്ച് വർഷത്തിനിടെ മാർച്ചിലെ ഉയർന്ന താപനില
ബെംഗളുരു : ബെംഗളുരുവിൽ അന്തരീക്ഷ താപനില കുത്തനെ ഉയരുന്നു. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മാർച്ച് മാസത്തിലുണ്ടായ ഉയർന്ന താപനിലയാണ് കഴിഞ്ഞ ദിവസങ്ങളിലായി റിപ്പോർട്ട് ചെയ്‌തത്. മുൻ ദിവസങ്ങളിൽ നഗരത്തിലെ ഏറ്റവും കൂടിയ താപനില 34.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. വരും ദിവസങ്ങളിൽ താപനില ഇനിയും ഉയരുമെന്നാണ് റിപ്പോർട്ടുകൾ.
വേനൽ മഴ ലഭിച്ചില്ലെങ്കിൽ സ്ഥിതി കൂടുതൽ മോശമാകുമെന്നും കാലാവസ്ഥാ വിദഗ്‌ധർ പറയുന്നു. താപനില 36 ഡിഗിരി കടന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. സംസ്ഥാനത്ത് ഉയർന്ന താപനില റിപ്പോർട്ട് ചെയ്‌തത് കൽബുർഗിയിലാണ്. 37.71 ഡിഗിരി സെൽഷ്യസാണ് കൽബുർഗിയിൽ റിപ്പോർട്ട് ചെയ്‌തത്. ഗദഗിൽ 35.4 ഡിഗ്രിയും ബെലഗാവിയിൽ 34.6 ഡിഗ്രിയുമാണ് കൂടിയ താപനില.

ചൂട് വർധിച്ചതോടെ പാർക്കുകളിൽ എത്തുന്നവരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ചൂട് കുതിച്ചുയർന്നതോടെ നഗരത്തിലെ പാർക്കുകളിൽ വിശ്രമിക്കാൻ എത്തുന്നവരുടെ എണ്ണവും വർധിച്ചു. തണൽമരങ്ങൾ നിറഞ്ഞ കബ്ബൺ പാർക്കിൽ ഉച്ച നേരങ്ങളിൽ ഇരിപ്പിടങ്ങൾ നിറയുന്നതോടെ മരച്ചുവട്ടിൽ പോലും തിരക്കാണ്. പാർക്കിലെ ചെടികൾ നനയ്ക്കുന്ന സ്പ്രിക്ലറുകൾക്ക് ചുറ്റിലും പക്ഷികളുടെ കൂട്ടമാണ്. പക്ഷികൾക്ക് വെള്ളം കുടിക്കാനായി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ പാർക്കിൽ പലയിടത്തായി പാത്രങ്ങളും സ്ഥാപിച്ചിട്ടുണ്ട്.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ അന്തരീക്ഷ താപനില കൂടുകയാണ്. കേരളത്തിലെയും സ്ഥിതി വ്യത്യസ്‌തമല്ല. അന്തരീക്ഷ താപനില ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ കേരളത്തിലെ എല്ലാ ജില്ലകള്‍ക്കും ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. ചില ജില്ലകളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തിലാണ് എല്ലാ ജില്ലാ മെഡിക്കല്‍ ഓഫീസര്‍മാര്‍ക്കും നിര്‍ദേശം നല്‍കിയത്.
അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാവുകയും ഇതുമൂലം ശരീരത്തില്‍ ഉണ്ടാകുന്ന താപം പുറത്തുകളയുന്നതിന് തടസ്സം നേരിടുകയും ചെയ്യും. ഇത് ശരീരത്തിന്റെ പല നിര്‍ണായക പ്രവര്‍ത്തനങ്ങളെയും തകരാറിലാക്കും. ഈ അവസ്ഥയാണ് സൂര്യാഘാതം.

സൂര്യാഘാതത്തേക്കാള്‍ കുറച്ചു കൂടി കാഠിന്യം കുറഞ്ഞ അവസ്ഥയാണ് താപ ശരീര ശോഷണം. കനത്ത ചൂടിനെ തുടര്‍ന്ന് ശരീരത്തില്‍ നിന്ന് ധാരാളം ജലവും ലവണങ്ങളും വിയര്‍പ്പിലൂടെ നഷ്ടപ്പെടുന്നതിനെ തുടര്‍ന്ന് ഉണ്ടാകുന്ന അവസ്ഥയാണിത്. ക്ഷീണം, തലകറക്കം, തലവേദന, പേശിവലിവ്, ഓക്കാനവും ഛര്‍ദ്ദിയും, അസാധാരണമായ വിയര്‍പ്പ്, കഠിനമായ ദാഹം, മൂത്രത്തിന്റെ അളവ് തീരെ കുറയുകയും കടും മഞ്ഞ നിറമാകുകയും ചെയ്യുക, ബോധക്ഷയം എന്നിവയാണ് ലക്ഷണങ്ങള്‍. ശരിയായ രീതിയില്‍ ചികിത്സിച്ചില്ലെങ്കില്‍ താപശരീര ശോഷണം സൂര്യാഘാതത്തിന്റെ അവസ്ഥയിലേക്ക് മാറിയേക്കാം.












Click it and Unblock the Notifications