ബെംഗളൂരുവിലെ പിങ്ക് വസന്തം; നന്നായി വിരിഞ്ഞ് നിൽക്കുന്ന ലൊക്കേഷൻ അറിയണോ? ഇതാ ആപ്പ്
ബെംഗളൂരുവിൽ ഇപ്പോൾ പിങ്ക് വസന്തമാണ്. എവിടെ തിരിഞ്ഞാലും ടാബേബൂയ മരങ്ങൾ പൂത്തുനിൽക്കുന്നത് കാണാം. സോഷ്യൽ മീഡയ റീലുകളിലും പിങ്ക് പൂക്കൾ തന്നെയാണ് പ്രധാന കണ്ടൻ്റ്. റീലുകൾ കണ്ട് പൂക്കൾ തേടി ഫോട്ടോ പിടിക്കാൻ ഇറങ്ങുന്നവർ ഇത്തവണയും കുറവല്ല. കേരളത്തിൽ നിന്നടക്കം ഈ സമയത്ത് ആളുകൾ പിങ്ക് വസന്തം തേടി ബെംഗളൂരിലേക്ക് വണ്ടി പിടിക്കാറുണ്ട്. ഇവിടെ എത്തിക്കഴിഞ്ഞാൽ പലരും നേരിടുന്ന പ്രധാന പ്രശ്നം പൂത്തുലഞ്ഞ് നിൽക്കുന്ന ടാബേബൂയ മരങ്ങളുടെ കൃത്യമായ ലൊക്കേഷൻ കണ്ടെത്താനാകാത്തതാണ്. എന്തായാലും ഈ വർഷം അതിനൊരു പരിഹാരം കണ്ടെത്തിയിട്ടുണ്ട്
നഗരത്തിലെ താൽപ്പര്യക്കാരും സന്നദ്ധപ്രവർത്തകരും ചേർന്ന് ഒരു മൊബൈൽ ആപ്ലിക്കേഷൻ പുറത്തിറക്കിയിരിക്കുകയാണ്, ബെംഗളൂരു ബ്ലൂം എന്നാണ് ആപ്പിൻ്റെ പേര്. പൂത്തുനിൽക്കുന്ന മരങ്ങളെ അടയാളപ്പെടുത്താനും ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യാനും, എവിടെയാണ് പൂക്കളെ അതിൻ്റെ പൂർണ ഭംഗിയിൽ ആസ്വദിക്കാനാകുക തുടങ്ങി തത്സമയ വിവരങ്ങൾ അറിയാനും ഉപഭോക്താവിനെ ഈ ആപ് സഹായിക്കും.

ടാബേബൂയ ഇവിടുത്തുകാരൻ അല്ല കേട്ടോ
പിങ്ക് ട്രംപറ്റ് ട്രീ അഥവാ പിങ്ക് പൂവി എന്നും അറിയപ്പെടുന്ന ടാബേബുയ അവെല്ലനേഡെ മരത്തിൻ്റെ പൂക്കളാണ്. മധ്യ, തെക്കേ അമേരിക്കൻ സ്വദേശിയാണ് ഈ ഇനം. ബെംഗളൂരുവിന്റെ കാലാവസ്ഥയുമായി വേഗത്തിൽ തന്നെ ഇവയ്ക്ക് പൊരുത്തപ്പെടാനായി. നവംബർ അവസാനത്തോടെയാണ് ഈ മരത്തിൻ്റെ ഇലകൾ കൊഴിയാൻ തുടങ്ങും. ഫെബ്രുവരി അവസാനത്തോടെ ട്രംപറ്റ് ആകൃതിയിലുള്ള പൂക്കളുകൾ വിരിഞ്ഞ് തുടങ്ങും.
ഈ ഹ്രസ്വമായ പൂക്കാലം കൂടുതൽ ആസ്വാദ്യകരമാക്കുക എന്നതാണ് പുതിയ പൂവ് ട്രാക്കിംഗ് ആപ്പിലൂടെ ലക്ഷ്യമിടുന്നത്. ഉപയോക്താക്കൾക്ക് പ്രദേശത്തിനനുസരിച്ച് സ്ഥലങ്ങൾ ഫിൽട്ടർ ചെയ്യാനും പാർക്കുകൾക്ക് സമീപമോ പ്രധാന റോഡുകളിലോ ഉള്ള പൂക്കളുടെ കൂട്ടങ്ങളെ മാപ്പിൽ കാണാനും പുതിയ പൂക്കൾ വിരിഞ്ഞാൽ അറിയിപ്പുകൾ ലഭിക്കാനും ഈ ആപ്പ് സഹായിക്കും.
കുബ്ബൺ പാർക്ക്, ഉൽസൂർ തടാകം, ബെന്നിഗാനഹള്ളി തടാകം എന്നിവിടങ്ങളിലെല്ലാം പിങ്ക് പൂക്കൾ ധാരാളമായി കാണാം.. ജയനഗർ, ഇന്ദിരാനഗർ, കോരമംഗല തുടങ്ങിയ റെസിഡൻഷ്യൽ സ്ട്രീറ്റുകളും ഔട്ടർ റിംഗ് റോഡ്, സിൽക്ക് ബോർഡ്, കെ.ആർ. പുരം ബ്രിഡ്ജ് എന്നിവിടങ്ങളിലെ തിരക്കേറിയ പാതകളും പൂക്കളാൽ നിറഞ്ഞ് നിൽക്കുകയാണ്. വിധാന സൗധ, മാന്യത ടെക് പാർക്ക്, യെലഹങ്ക തുടങ്ങിയ സർക്കാർ, ഓഫീസ് പരിസരങ്ങളിലും പൂക്കൾ ധാരാളമായി ഉണ്ട്.












Click it and Unblock the Notifications