ബെംഗളൂരുവില്‍ കോണ്‍സുലേറ്റുകള്‍ക്ക് നേരെ ബോംബ് ഭീഷണി; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ട് പൊലീസ്
ബെംഗളൂരുവിലെ തന്ത്രപ്രധാന മേഖകള്‍ക്കു നേരെ ബോംബ് ഭീഷണി. ജാപ്പനീസ്, ഇറ്റാലിയന്‍ കോണ്‍സുലേറ്റുകള്‍ക്ക് നേരെയാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. കഴിഞ്ഞ മാസം ഇ-മെയിലിലൂടെ ലഭിച്ച ബോംബ് ഭീഷണിയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോഴാണ് പൊലീസ് പുറത്തുവിട്ടത്. ഇ-മെയില്‍ സന്ദേശം പുറത്തുവന്നത് വലിയ പരിഭ്രാന്തിക്ക് ഇടയാക്കിയിരുന്നു. സംഭവത്തെതുടര്‍ന്ന് കോണ്‍സുലേറ്റുകളുടെ സുരക്ഷ ശക്തമാക്കിയിരുന്നു.
കഴിഞ്ഞ വ്യാഴാഴ്ച ഉച്ചയോടെയാണ് രണ്ട് നയതന്ത്ര കാര്യാലയങ്ങള്‍ക്കും ഭീഷണി സന്ദേശങ്ങള്‍ ലഭിച്ചത്. ഉടന്‍ തന്നെ വിവരം പൊലീസിനെ അറിയിക്കുകയും സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധനകള്‍ നടത്തുകയും ചെയ്തു. ബോംബ് ഡിറ്റക്ഷന്‍ സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി വിശദമായ പരിശോധന നടത്തിയെങ്കിലും സംശയാസ്പദമായ ഒന്നും കണ്ടെത്താനായില്ല. ഇതോടെ സന്ദേശം വ്യാജമാണെന്ന് പ്രാഥമികമായി സ്ഥിരീകരിച്ചിട്ടുണ്ട്.

ഒരേ ഇ-മെയില്‍ വിലാസത്തില്‍ നിന്നാണ് ഭീഷണി സന്ദേശം ലഭിച്ചത്. കബ്ബണ്‍ പാര്‍ക്കിന് സമീപം സ്ഥിതി ചെയ്യുന്ന ജപ്പാന്‍ കോണ്‍സുലേറ്റിലേക്ക് കഴിഞ്ഞ ജനുവരി 29 ന് പുലര്‍ച്ചെ 5.32 നാണ് ഭീഷണി സന്ദേശം ലഭിച്ചത്. റിച്ച്മണ്ട് റോഡിലുള്ള ഇറ്റാലിയന്‍ കോണ്‍സുലേറ്റിലേക്ക് അതേ ദിവസം രാവിലെ 5.25 നാണ് ഭീഷണി സന്ദേശം ലഭിച്ചു. കോണ്‍സുലേറ്റുകളില്‍ ആര്‍.ഡി.എക്‌സ് ബോംബുകള്‍ വെച്ചിട്ടുണ്ടെന്നും ഉച്ചയ്ക്ക് ഒരു മണിയോടെ സ്‌ഫോടനം നടക്കുമെന്നും അതിനാല്‍ നയതന്ത്ര പ്രതിനിധികളെ ഉടന്‍ ഒഴിപ്പിക്കണമെന്നുമായിരുന്നു സന്ദേശത്തിലെ മുന്നറിയിപ്പ്.
കോണ്‍സുലേറ്റുകളിലെ ഇ-മെയില്‍ വിലാസങ്ങളിലേക്കാണ് ഭീഷണി സന്ദേശങ്ങള്‍ എത്തിയത്. സംഭവത്തെത്തുടര്‍ന്ന് നഗരത്തിലെ മറ്റ് വിദേശ കാര്യാലയങ്ങളിലും സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ബെംഗളൂരു പൊലീസ് സൈബര്‍ വിഭാഗവുമായി ചേര്‍ന്ന് ഇമെയിലിന്റെ ഉറവിടം കണ്ടെത്താനുള്ള ശ്രമങ്ങള്‍ ആരംഭിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ ഇസ്രായേല്‍ കോണ്‍സുലേറ്റിന് നേരെയും സമാനമായ രീതിയില്‍ വ്യാജ ഭീഷണി ഉണ്ടായിരുന്നു.
അടുത്ത കാലത്തായി ബെംഗളൂരുവിലെ സ്‌കൂളുകള്‍ക്കും വിമാനത്താവളങ്ങള്‍ക്കും നേരെ ഇത്തരം വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ ലഭിക്കന്നത് വര്‍ധിച്ചിരിക്കുകയാണ്. ഇത്തരം പ്രവൃത്തികള്‍ക്ക് പിന്നിലുള്ളവരെ കണ്ടെത്താന്‍ കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു. നയതന്ത്ര കാര്യാലയങ്ങള്‍ക്ക് നേരെയുള്ള ഭീഷണിയായതിനാല്‍ വളരെ ഗൗരവത്തോടെയാണ് ഉദ്യോഗസ്ഥര്‍ ഈ വിഷയത്തെ കാണുന്നത്. നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുരക്ഷാ ക്രമീകരണങ്ങള്‍ കാര്യക്ഷമമായി തുടരുന്നുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. വിദേശ രാജ്യങ്ങളുടെ പ്രതിനിധികള്‍ താമസിക്കുന്ന ഇടങ്ങളിലും കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ഇറ്റാലിയന്‍, ജാപ്പനീസ് കോണ്‍സുലേറ്റുകളുടെ പ്രവര്‍ത്തനം തടസപ്പെട്ടില്ലെങ്കിലും കര്‍ശനമായ പരിശോധനകള്‍ക്ക് ശേഷമാണ് ആളുകളെ ഇപ്പോള്‍ അകത്തേക്ക് പ്രവേശിപ്പിക്കുന്നത്. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.












Click it and Unblock the Notifications