ബെംഗളൂരുവിലേക്ക് പോകുന്നവർക്ക് ഇനി ശംഷാബാദ് വരെ പുഷ്പക് എസി ബസിൽ സൗജന്യ യാത്ര; ട്രാഫിക് കുരുക്ക് ഒഴിവാക്കാം
ഹൈദരാബാദ്: തെലങ്കാന സംസ്ഥാന റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ (ടി ജി എസ് ആർ ടി) ബസുകളിൽ ബെംഗളൂരുവിലേക്ക് യാത്ര ചെയ്യുന്നവർക്കായി പുതിയ സൗകര്യം. ഇനി മുതൽ യാത്രക്കാർക്ക് അവരുടെ പ്രധാന യാത്ര തുടങ്ങുന്നതിന് മുൻപായി ശംഷാബാദ് വരെ പുഷ്പക് എസി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാം.
നഗരത്തിലെ പ്രധാന ബസ് സ്റ്റേഷനായ എം ജി ബി എസിലേക്ക് പോയി തിരക്കിൽപ്പെടുന്നതിന് പകരം യാത്രക്കാർക്ക് തങ്ങളുടെ വീടിനടുത്തുള്ള സ്റ്റോപ്പുകളിൽ നിന്ന് തന്നെ പുഷ്പക് എസി ബസുകളിൽ കയറാം. ജൂബിലി ബസ് സ്റ്റേഷൻ, മിയാപൂർ, ലിംഗമ്പള്ളി എന്നിവിടങ്ങളിൽ നിന്ന് ശംഷാബാദ് എയർപോർട്ടിലേക്ക് പോകുന്ന പുഷ്പക് എസി ബസുകളെയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഈ ബസുകളിൽ കയറി യാത്രക്കാർക്ക് എളുപ്പത്തിൽ ശംഷാബാദിൽ എത്താം. ഇവിടെ നിന്നാണ് ബെംഗളൂരുവിലേക്കുള്ള മെയിൻ ബസ് പുറപ്പെടുക. വൈകുന്നേരം 6 മണിക്ക് ശേഷം പുറപ്പെടുന്ന ബസുകൾക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക.

എയർപോർട്ട് സർവീസുകളെ ദീർഘദൂര സർവീസുകളുമായി ബന്ധിപ്പിച്ച് യാത്രക്കാർക്ക് കൂടുതൽ എളുപ്പമുള്ള യാത്രാനുഭവം നൽകാനാണ് ഈ പുതിയ നീക്കമെന്ന് തെലങ്കാന ട്രാൻസ്‌പോർട്ട് അധികൃതർ വ്യക്തമാക്കി. സൌജന്യമായി യാത്ര ചെയ്യുന്നതിനായി ടിക്കറ്റ് റിസർവ് ചെയ്യുമ്പോൾ ബോർഡിംഗ് പോയിന്റ് "ശംഷാബാദ് (ആർ ജി ഐ എ ട്രാഫിക് പോലീസ് സ്റ്റേഷന് എതിർവശം)" എന്ന് തന്നെ തിരഞ്ഞെടുക്കണം.
പുഷ്പക് ഫീഡർ ബസിൽ കയറുമ്പോൾ യാത്രക്കാർ തങ്ങളുടെ ബെംഗളൂരു റിസർവേഷൻ ടിക്കറ്റ് കാണിച്ചാൽ ശംഷാബാദ് വരെയുള്ള യാത്ര പൂർണ്ണമായും സൗജന്യമായിരിക്കും. ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന യാത്രാ തീയതിയിൽ മാത്രമായിരിക്കും ഈ ആനുകൂല്യം ലഭിക്കുക.
മിയാപൂർ, നിസാംപേട്ട്, ജെഎൻടിയു, ഗച്ചിബൗളി, ഹഫീസ്പേട്ട് തുടങ്ങിയ സ്ഥലങ്ങളിലുള്ള യാത്രക്കാരെ സംബന്ധിച്ച് പുതിയ സംവിധാനം വലിയ ആശ്വാസമാകും. നിലവിൽ വൈകുന്നേരത്തെ കനത്ത ട്രാഫിക്കിൽ ഏകദേശം രണ്ട് മണിക്കൂറോളം യാത്ര ചെയ്ത് വേണം എംജിബിഎസ് ബസ് സ്റ്റേഷനിൽ എത്തിച്ചേരാൻ. പുതിയ തീരുമാനത്തിലൂടെ ഈ വലിയ യാത്രാ ബുദ്ധിമുട്ടിന് പരിഹാരമാകുക.












Click it and Unblock the Notifications