ബെംഗളൂരു ബിസിനസ് കോറിഡോർ; ഗതാഗതക്കുരുക്കഴിയും.. വമ്പൻ പ്രഖ്യാപനവുമായി ഡികെ ശിവകുമാർ
ബെംഗളൂരു ബിസിനസ് ഇടനാഴി പദ്ധതിയുടെ ആദ്യഘട്ടം 18 മാസത്തിനുള്ളിൽ പൂർത്തിയാകുമെന്ന് ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ . പദ്ധതിയുടെ പുരോഗതി വിലയിരുത്തിയെന്നും 2027 ഓടെ ആദ്യഘട്ടം പൂർത്തികരിക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. മാധ്യമപ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു ഡികെ ശിവകുമാർ.
' ബിഡിഎ (ബെംഗളൂരു ഡെവലപ്‌മെന്റ് അതോറിറ്റി) ഉദ്യോഗസ്ഥരുമായി പദ്ധതിയെക്കുറിച്ച് അവലോകന യോഗം നടത്തി. ഭൂവുടമകൾക്ക് ചെക്കുകൾ, സാക്ഷ്യപത്രങ്ങൾ, ടിഡിആറുകൾ എന്നിവ നൽകി. 650 ഭൂവുടമകൾ ഭൂമി വിട്ടുനൽകാൻ സമ്മതിക്കുകയും 400 പേർക്ക് നഷ്ടപരിഹാരം നൽകുകയും ചെയ്തു', അദ്ദേഹം വിശദീകരിച്ചു. നഗരത്തിലെ ഗതാഗതക്കുരുക്ക് വലിയൊരളവ് വരെ പരിഹരിക്കാനും ഔട്ടർ റിംഗ് റോഡിലെ (ORR) ബിസിനസ്സുകളെ സഹായിക്കാനും ഇടനാഴി ഉപകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ബജറ്റ് വിഹിതമില്ലാതെയാണ് ഈ സുപ്രധാന പദ്ധതി നടപ്പാക്കുന്നത്. ഹൗസിംഗ് ആൻഡ് അർബൻ ഡെവലപ്‌മെന്റ് കോർപ്പറേഷനിൽ (ഹഡ്കോ) നിന്നുള്ള വായ്പയെ ആശ്രയിച്ചാണ് പ്രവർത്തനം. പദ്ധതി നടപ്പാക്കാൻ ബെംഗളൂരു ബിസിനസ് കോറിഡോർ ലിമിറ്റഡ് എന്ന പ്രത്യേക സ്ഥാപനവും രൂപീകരിച്ചിട്ടുണ്ട്. 26,000 കോടി രൂപയാണ് പദ്ധതി ചെലവ്. മുൻപ് 'പെരിഫറൽ റിംഗ് റോഡ് പദ്ധതി' എന്നാണ് പദ്ധതി അറിയപ്പെട്ടിരുന്നത്. 117 കിലോമീറ്റർ ആണ് ഇടനാഴിയുടെ ദൈർഘ്യം. ഈ ഇടനാഴി യാഥാർത്ഥ്യമാകുന്നതോടെ നഗരപ്രാന്ത പ്രദേശങ്ങളിലെ നിരന്തര ഗതാഗത പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
നൈസ് റോഡിനെ തുംകൂർ റോഡുമായും ഹൊസൂർ റോഡുമായും ബന്ധിപ്പിക്കുന്നതാണ് ഇടനാഴി ഹെസറഘട്ട റോഡ്, ദൊഡ്ഡബല്ലാപുർ റോഡ്, ബല്ലാരി റോഡ്, ഹെന്നൂർ-ബാഗലൂർ റോഡ്, ഓൾഡ് മദ്രാസ് റോഡ്, ഹൊസ്കോട്ടെ-അനേക്കൽ റോഡ്, സർജാപൂർ റോഡ് എന്നിവിടങ്ങളിലൂടെയാണ് കടന്നുപോകുക.
ആദ്യഘട്ടത്തിന് ഏകദേശം 73-74 കിലോമീറ്റർ ദൂരമുണ്ട്. ഇതിനായി 1,810 ഏക്കർ ഭൂമി ഏറ്റെടുക്കണം. ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുകയാണ് 650 ഭൂവുടമകൾ (മൊത്തം ഉടമകളുടെ 12%, ഏകദേശം 212 ഏക്കർ) സമ്മതം അറിയിച്ചിട്ടുണ്ട്. പദ്ധതിയുടെ ആകെ ചിലവിന്റെ 75% വായ്പയായി സമാഹരിക്കും. 15 വർഷം മുൻപ് ഏറ്റെടുത്ത ഭൂമി ഒഴിവാക്കാനുള്ള ആവശ്യങ്ങൾക്കിടയിലും, 2013-ലെ ഭൂമി ഏറ്റെടുക്കൽ നിയമപ്രകാരവും ടിഡിആർ സ്കീം വഴിയും ഭൂവുടമകൾക്ക് ന്യായമായ നഷ്ടപരിഹാരം ഉറപ്പാക്കുമെന്നാണ് സർക്കാർ അറിയിച്ചത്.
പദ്ധതി നടപ്പാക്കുന്നതിനെതിരെ പരിസ്ഥിതി പ്രവർത്തകരും വിവിധ ഭൂവുടമകളും രംഗത്തെത്തിയിരുന്നു. എന്നാൽ 650 ഭൂവുടമകളുടെ സമ്മതം നേടിയെടുക്കാനായത് സർക്കാരിൻ്റെ ആത്മവിശ്വാസം വർധിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications