ബെംഗളൂരിലെ സിഎയുടെ ശമ്പളം 1.2 ലക്ഷം..എന്നിട്ടും തികയുന്നില്ല..ചെലവ് പങ്കുവെച്ച് ചർച്ച
എത്ര ശമ്പളം കിട്ടിയാലാകും ഭാവി സുരക്ഷിതമാകുക? എന്തായാലും1.2 ലക്ഷം കിട്ടിയാലും തികയുന്നില്ലെന്ന് പറയുകയാണ് ബെംഗളൂരിലെ ഒരു ചാർട്ടഡ് അക്കൌണ്ടൻ്റ്. മീന ഗോയൽ എന്ന സ്ത്രീയാണ് തൻ്റെ അവസ്ഥ പങ്കിട്ടത്. ആളുകൾ എത്ര സമ്പാദിക്കുന്നു എന്നതിലല്ല, മറിച്ച് വരുമാനം കൂടുന്നതിനനുസരിച്ച് ചിലവഴിക്കുന്ന രീതികളും മാറുന്നു എന്നതാണ് അവർ ചൂണ്ടിക്കാട്ടുന്നതെന്ന് എക്ണോമിക്സ് ടൈംസ് റിപ്പോർട്ടിൽ പറയുന്നു. ശമ്പളം കൂടുംതോറും ജീവിതശൈലിയും അതിവേഗം മാറുമെന്നും അവർ ചൂണ്ടിക്കാട്ടി.
35,000 രൂപ വാടക, 30,000 വായ്പാ തിരിച്ചടവുകൾ, 20,000-ൽ അധികം മറ്റ് ചിലവുകൾ, കൂടാതെ 15,000-നും 20,000-നും ഇടയിലുള്ള അവശ്യ ചിലവുകൾ എന്നിവ മാസം തുടങ്ങും മുമ്പേ വരുമാനത്തിന്റെ വലിയൊരു പങ്ക് കവരുമെന്നാണ് അവർ പറയുന്നത്. അതിനുശേഷം മിച്ചം വരുന്ന തുകയെ സമ്പാദ്യമായി കാണാൻ സാധിക്കില്ലന്നാണ് മീന പറയുന്നത്. സമ്പത്ത് മാസാവസാനം മിച്ചം വരുന്നതിൽ നിന്ന് ഉണ്ടാകുന്നതല്ല. തുടക്കം മുതൽ ആസൂത്രിതമായി ചിട്ടയോടെ വിനിയോഗിക്കുന്നതാണ്. ശമ്പളം കിട്ടുന്നതിൽ പകുതിയും ചിലവായി മാറുമ്പോൾ സ്വാഭാവികമായും നിക്ഷേപങ്ങളെല്ലാം പാളും, കിട്ടുന്ന ശമ്പളം തികയാത്ത സാഹചര്യം ഉണ്ടാകും.

സമാനപ്രതികരണമാണ് പലരും പങ്കിടുന്നത്. ചിലവ് കുറയ്ക്കുന്നതിനൊപ്പം വരുമാനം കൂട്ടണമെന്നതാണ് ചിലരുടെ ഉപദേശം. വരുമാനത്തിന് പ്രാധാന്യം നൽകുമ്പോഴും നിശ്ചിത ബാധ്യതകളാണ് സാമ്പത്തിക അച്ചടക്കത്തിന് തിരിച്ചടി തീർക്കുന്നതെന്ന് ചിലർ അഭിപ്രായം പങ്കുവെച്ചു. ജീവിത ചെലവ് വരുമാനത്തേക്കാൾ സാവധാനത്തിലാകുമ്പോഴാണ് യഥാർത്ഥ സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാനാകുകയെന്നും സമ്പത്ത് യാദൃശ്ചികമല്ല ചിട്ടയോടെ കെട്ടിപ്പടുക്കേണ്ടതാണെന്നും ചിലർ പറയുന്നു.
ചിലവുകൾ കുറയ്ക്കാൻ കൃത്യമായ പ്ലാനിങ്ങ് ആവശ്യമാണെന്നാണ് ചിലരുടെ ഉപദേശം. എത്ര പണം ചിലവാകുന്നു , ഏതൊക്കെ വഴിക്ക് പോകുന്നു തുടങ്ങിയ കാര്യങ്ങൾ ശ്രദ്ധിക്കണം.. അനാവശ്യ ചിലവുകൾ വെട്ടിച്ചുരുക്കാതെ ജീവിതം മെച്ചപ്പെടുത്താനാകില്ലെന്നാണ് ചിലർ പറയുന്നത്. യാഥാർത്ഥ്യബോധമുള്ള ഒരു ബഡ്ജറ്റ് ഉണ്ടാക്കി അത് പാലിക്കുക. ആവശ്യങ്ങൾക്ക് മുൻഗണന നൽകി ഗുണമേന്മയിൽ വിട്ടുവീഴ്ച ചെയ്യാതെ വിലകുറഞ്ഞ ബദലുകൾ കണ്ടെത്തണമെന്നും ഇവർ പറയുന്നു..
വൈദ്യുതിയും വെള്ളവും സംരക്ഷിച്ച് യൂട്ടിലിറ്റി ചിലവുകൾ കുറയ്ക്കുക. അനാവശ്യ ചിലവുകൾ ഒഴിവാക്കാൻ മുൻകൂട്ടി വാങ്ങലുകൾ ആസൂത്രണം ചെയ്യുക. അപ്രതീക്ഷിത സാഹചര്യങ്ങളിൽ കടം ഒഴിവാക്കാൻ ഒരു അടിയന്തിര ഫണ്ട് നിർമ്മിക്കുക. ചിലവുകൾ പതിവായി അവലോകനം ചെയ്യുകയും സാമ്പത്തിക അച്ചടക്കം നിലനിർത്താൻ ശീലങ്ങൾ ക്രമീകരിക്കുകയും ചെയ്യണമെന്നുള്ള ഉപദേശങ്ങളും ഉണ്ട്.












Click it and Unblock the Notifications