ബെംഗളൂരിൽ 1.5 ലക്ഷം ശമ്പളം കിട്ടിയിട്ടും കൈയ്യിൽ ബാക്കിയാവുന്നത് 15,000 രൂപ; യുവതി പറയുന്നു
നമ്മുടെ സമൂഹത്തിൽ അഞ്ചക്ക ശമ്പളം എന്നത് ഇപ്പോഴും ഏറ്റവും ഉയർന്നത് തന്നെയാണ്. അതായത് സുഖകരവും സുരക്ഷിതവുമായ ജീവിതത്തിന് അത് ധാരാളമാണ് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. എന്നാൽ യാഥാർത്ഥ്യം അത്ര ലളിതമല്ലെന്നാണ് ബംഗളൂരുവിലെ ഒരു ചാർട്ടേഡ് അക്കൗണ്ടൻ്റ് തൻ്റെ അനുഭവത്തിലൂടെ വ്യക്തമാക്കുന്നത്. കൈയ്യിൽ കിട്ടുന്ന ശമ്പളമല്ല, അതിൽ എത്ര ബാക്കിയാവുന്നുവെന്നതാണ് ഏറ്റവും പ്രധാനമായി നോക്കേണ്ടതെന്നും അതാണ് ഒരാളുടെ സാമ്പത്തിക നില തീരുമാനിക്കുന്നതെന്നുമാണ് അവർ പറയുന്നത്.
ബംഗളൂരു ആസ്ഥാനമായി സിഎ ആയി ജോലി ചെയ്യുന്ന ചന്ദ്രലേഖ എന്ന യുവതിയാണ് ഇത് സംബന്ധിച്ച് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. യാണ് ഈ അനുഭവം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. ടെക് മേഖലയിൽ ജോലി ചെയ്യുന്ന സുഹൃത്തിൻ്റെ അനുഭവമാണ് അവർ പങ്കുവെച്ചത്. കമ്പ്യൂട്ടർ സയൻസ് ബിരുദധാരിയായ അവർ ഒരു പ്രമുഖ കമ്പനിയിൽ സോഫ്റ്റ്‌വെയർ ഡെവലപ്പറായാണ് ജോലി ചെയ്യുന്നത്. മാസശമ്പളം ഏകദേശം 1.5 ലക്ഷം രൂപ വരും. കുടുംബക്കാരെ സംബന്ധിച്ചും അവരുടെ സുഹൃത്തുക്കളെ സംബന്ധിച്ചുമൊക്കെ ഇത് വലിയ തുകയാണ്.

എന്നാൽ ബെംഗളൂരുവിലെ ജീവിതച്ചെലവുകൾ പോക്കറ്റ് കാലിയാക്കുകയാണ് എന്നാണ് ചന്ദ്രലേഖ പറയുന്നത്. ഉയർന്ന ശമ്പളം ഉണ്ടായിരുന്നിട്ടും മാസാവസാനം തുച്ഛമായ തുക മാത്രമാണ് അവരുടെ കൈയ്യിൽ ബാക്കിയാകുന്നത് എന്നാണ് അവർ പറയുന്നത്. ചെലവ് കണക്കുകളും അവർ വിവരിച്ചിട്ടുണ്ട്.
ചെലവ് കണക്കുകൾ ഇങ്ങനെ
കിട്ടുന്ന ശമ്പളത്തിൻ്റെ വലിയ പങ്കും പോകുന്നത് വാടകയ്ക്ക് തന്നെ. ഓഫിസിന് സമീപമുള്ള ചെറിയ ഫ്ലാറ്റിന് ഏകദേശം 36,000 രൂപ വരെയാണ് വാടക. ഭക്ഷണവും ഷോപ്പിംഗ് ചെലവുകളുമൊക്കെ മാസത്തിൽ 13,000 മുതൽ 15,000 രൂപ വരെസ വരും. യാത്രാചെലവുകൾ കാബ്, ഓട്ടോ എന്നിവ ചേർന്ന് 6,000 മുതൽ 8,000 രൂപ വരെയുമാണ്.
ജീവിതശൈലി ചെലവുകളും കുറവല്ല. വാരാന്ത്യ ഔട്ടിംഗുകൾ, ഓൺലൈൻ ഫുഡ് ഡെലിവറി, കഫേ സന്ദർശനങ്ങൾ എന്നിവയ്ക്ക് മാസത്തിൽ ഏകദേശം 10,000 മുതൽ 12,000 രൂപ വരെ ചെലവാകുന്നതായും അവർ പറയുന്നു.
വലിയ കാര്യമല്ലല്ലോയെന്ന് ചിന്തിക്കുന്ന 'ഒളിഞ്ഞിരിക്കുന്ന'ചെലവും ഉണ്ട്. അതായത് സബ്സ്ക്രിപ്ഷൻ സർവീസുകൾ, അപ്രതീക്ഷിതമായ മെഡിക്കൽ ബില്ലുകൾ, എന്നിവ ഇതിൽപ്പെടുന്നു.അടിയന്തര ആവശ്യങ്ങൾ വേറെ. കൂടാതെ നാട്ടിലേക്ക് കുടുംബത്തിന് പണം അയക്കുകയും വേണം.
ഈ എല്ലാ ചെലവുകളും കൂട്ടിയാൽ മാസാവസാനം കൈയ്യിൽ ശേഷിക്കുന്നത് പ്രതീക്ഷിച്ചതിനേക്കാൾ വളരെ കുറവാണ്. ഏകദേശം 15,000 മുതൽ 20,000 രൂപ വരെയാണ് സേവിംഗ് എന്ന നിലയിൽ മിച്ചം പിടിക്കാൻ കഴിയുന്നത് എന്ന് ചന്ദ്രലേഖ പറയുന്നു. പലരും കരുതുന്ന പോലെ ഒന്നര ലക്ഷം രൂപ ശമ്പളത്തിൽ വലിയൊരു ഭാഗം സേവ് ചെയ്യുന്നുണ്ട് എന്നതൊക്കെ വെറും തെറ്റിധാരണ മാത്രമാണെന്നും അവർ പറഞ്ഞു.
ബെംഗളൂരിലെ മാത്രം സ്ഥിതി അല്ലിത്. മുംബൈ, ഡൽഹി എൻസിആർ, പൂനെ, ഹൈദരാബാദ് തുടങ്ങിയ പ്രധാന നഗരങ്ങളിലും സമാനമായ സ്ഥിതിയാണ് . ഉയർന്ന വാടക, ജീവിതശൈലി ചെലവുകൾ, ചെറുതായി തോന്നുന്ന മറ്റ് ചെലവുകൾ എന്നിവ ചേർന്ന് വരുമാനത്തിന്റെ വലിയൊരു ഭാഗം ചെലവായി പോകുന്നുണ്ട്. ഉയർന്ന ശമ്പളം ലഭിക്കുന്നത് ഒരു തുടക്കമാത്രമാണ്. വലിയ നഗരങ്ങളിൽ യഥാർത്ഥ സാമ്പത്തിക സുരക്ഷ ഉറപ്പാക്കുന്നത് വരുമാനമല്ല, അതിൽ നിന്ന് ശേഷിക്കുന്ന സമ്പാദ്യമാണ് , അവർ പറഞ്ഞു.












Click it and Unblock the Notifications