ബെംഗളൂരു നഗരത്തില്‍ 18 km തുരങ്ക പാത; അതും ലാല്‍ ബാഗിന് അടിയിലൂടെ; എതിർപ്പുയർത്തി തേജസ്വി
ഹെബ്ബാൾ-സിൽക്ക് ബോർഡ് ജംഗ്ഷനുകളെ ബന്ധിപ്പിക്കുന്ന 18 കിലോമീറ്റർ ടണൽ റോഡ് പദ്ധതിയിൽ കർണാടകയില്‍ വിവാദം മുറുകുന്നു. പദ്ധതിയെ എതിർക്കുന്ന ബി ജെ പിയുടെ ബാംഗ്ലൂർ സൗത്ത് മണ്ഡലം എം പി തേജസ്വി സൂര്യ ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിനെ അടുത്ത ദിവസങ്ങളിൽ കണ്ട് ബദൽ പദ്ധതികൾ ചർച്ച ചെയ്യുമെന്ന് അറിയിച്ചു.
"ഉപമുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് അരമണിക്കൂർ സമയം ആവശ്യപ്പെട്ടിട്ടുണ്ട്. ടണൽ പദ്ധതിയുടെ പ്രത്യാഘാതങ്ങളും ബദൽ നിർദേശങ്ങളും ചർച്ച ചെയ്യും," തേജസ്വി സൂര്യ പറഞ്ഞു. ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലൂടെ കടന്നുപോകുന്നതിനാലും കാർ ഉടമകൾക്ക് മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ളതുമായതിനാലാണ് ടണല്‍ പദ്ധതിയെ താന്‍ എതിർക്കുന്നതെന്നാണ് എം പി വ്യക്തമാക്കുന്നത്.

"പരിസ്ഥിതി ആഘാത പഠനം (EIA) നടത്തിയിട്ടില്ല. ഉദ്യോഗസ്ഥർ ശിവകുമാറിനെ ഇതിന്റെ പ്രത്യാഘാതങ്ങളെക്കുറിച്ച് അറിയിച്ചിട്ടുണ്ടാകില്ല. നഗരത്തിന്റെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ശിവകുമാർ, പ്രത്യാഘാതങ്ങൾ മനസ്സിലാക്കിയാൽ പദ്ധതി ഉപേക്ഷിക്കും," തേജസ്വി സൂര്യ ആരോപിച്ചു. ചർച്ചയിലൂടെ പദ്ധതി ഉപേക്ഷിക്കാൻ ശിവകുമാറിനെ ബോധ്യപ്പെടുത്തുകയാണ് ലക്ഷ്യം. എന്നിട്ടും പദ്ധതിയുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചാൽ, ഹൈക്കോടതിയിൽ കേസ് തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിഷയത്തില്‍ നടൻ പ്രകാശ് ബെലവാഡി സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജി ചൊവ്വാഴ്ച കോടതി പരിഗണിക്കുന്നുണ്ട്.
എന്നാല്‍ തേജസ്വി സൂര്യുയുടെ എതിർപ്പ് കാര്യമാക്കുന്നില്ലെന്നാണ് ശിവകുമാറിന്റെ മറുപടി. എം പി നഗര വികസനത്തിനെതിരാണ്. കേന്ദ്രത്തിൽ നിന്ന് 10 രൂപ പോലും ഫണ്ട് കൊണ്ടുവന്നിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു. "ഇത്തരം ആരോപണങ്ങൾക്ക് മറുപടി പറയുന്നത് വലിയ കാര്യമല്ല, പക്ഷേ നഗരത്തിലെ ജനങ്ങൾക്ക് അതുകൊണ്ട് പ്രയോജനമില്ല. ഞാൻ അദ്ദേഹത്തെ വിളിച്ചാൽ, അദ്ദേഹം എന്നെ വിളിച്ചാൽ - നഗരത്തിലെ കുഴികൾ നികത്തുമോ? അദ്ദേഹം എന്ത് വേണമെങ്കിലും പറയട്ടെ, ഞാൻ മറുപടി പറയില്ല." ഉപമുഖ്യമന്ത്രിക്ക് മറുപടിയായി എം പി പറഞ്ഞു. പെരിഫറൽ റിംഗ് റോഡ് (PRR), ബെംഗളൂരു സബർബൻ റെയിൽ പദ്ധതികൾക്ക് ബിജെപി പൂർണ പിന്തുണ നൽകിയിട്ടുണ്ടെന്ന് തേജസ്വി സൂര്യ ഓർമിപ്പിച്ചു.
എന്താണ് ടണല്‍ പദ്ധതി
ബെംഗളൂരുവിന്റെ ഗതാഗത പ്രതിസന്ധി പരിഹരിക്കാനുള്ള പദ്ധതിയാണ് ഹെബ്ബാൾ-സിൽക്ക് ബോർഡ് ടണൽ റോഡ്. 18.2 കിലോമീറ്റർ നീളമുള്ള ഡബിൾ ഡെക്കർ ഭൂഗർഭ ടണൽ ആയ ഇത് ഹെബ്ബാളിൽ നിന്ന് തുടങ്ങി സിൽക്ക് ബോർഡ് ജംഗ്ഷനില്‍ അവസാനിക്കുന്ന. മുകൾ ഡെക്ക് സ്വകാര്യ കാറുകൾക്കും താഴെ ഡെക്ക് നമ്മ മെട്രോയ്ക്കുമായിട്ടാണ് രൂപകൽപ്പന ചെയ്തിരിക്കുന്നത്,.
12 എക്സിറ്റ്-എന്‍ട്രി പോയിന്റുകളോടെ 60 കിലോമീറ്റർ വേഗപരിധിയിൽ 45-60 മിനിറ്റ് യാത്ര 10-12 മിനിറ്റായി കുറയ്ക്കുമെന്നാണ് പ്രതീക്ഷ. കർണാടക സർക്കാരും ബി എം ആർ സി എല്ലും ചേർന്ന് 5,000 കോടി രൂപ ചെലവിൽ 2029-ഓടെ പൂർത്തിയാക്കാനുദ്ദേശിക്കുന്ന പദ്ധതി ടണൽ ബോറിംഗ് മെഷീൻ ഉപയോഗിച്ച് നിർമിക്കും. പാത സിഗ്നൽ ഫ്രീ, ടോൾ ഫ്രീ ആയിരിക്കും എന്നതാണ് ശ്രദ്ധേയം.
എന്നാൽ ലാൽബാഗ് ബൊട്ടാണിക്കൽ ഗാർഡനിലൂടെ 1.5 കിലോമീറ്റർ കടന്നുപോകുന്നത് പരിസ്ഥിതി ആഘാത പഠനം ഇല്ലാതെ നടപ്പാക്കുന്നതിനെതിരെ വിമർശനമുയരുന്നു, മരങ്ങൾ, ജൈവവൈവിധ്യം, ഭൂജലം എന്നിവയ്ക്ക് ഭീഷണിയാകല്‍, കാറുടമകൾക്ക് മാത്രം പ്രയോജനം ലഭിക്കുന്നതിനാൽ സാമൂഹിക അസമത്വം വർധിപ്പിക്കുമെന്നാണ് ആക്ഷേപം. ഉയർന്ന ചെലവ് മെട്രോ, ഫ്ലൈഓവർ, പെരിഫറൽ റിംഗ് റോഡ് തുടങ്ങിയ ബദൽ പദ്ധതികൾക്ക് മുൻഗണന നൽകാമായിരുന്നുവെന്ന വാദവും ശക്തമാണ്.












Click it and Unblock the Notifications