എയര്‍പോര്‍ട്ട് റോഡിലെ വേഗപരിധി ഇത്ര.. നിര്‍ദേശവുമായി ബെംഗളൂരു പൊലീസ്, ലംഘിച്ചാല്‍ കീശ കാലിയാകും!
ബെംഗളൂരു: ട്രാഫിക് നിയമലംഘന അപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ എയര്‍പോര്‍ട്ട് റോഡില്‍ കര്‍ശന പരിശോധന നടത്താന്‍ ബെംഗളൂരു ട്രാഫിക് പൊലീസ്. ട്രാഫിക് സംബന്ധമായ അപകടങ്ങള്‍ തടയുന്നതിനും ഡ്രൈവര്‍മാര്‍, റൈഡര്‍മാര്‍, മറ്റ് റോഡ് ഉപയോക്താക്കള്‍ എന്നിവരുടെ സുരക്ഷയ്ക്കും വേണ്ടിയാണിത്. വാഹനങ്ങളുടെ അമിത വേഗത സംബന്ധിച്ച് കര്‍ശന പരിശോധന നടത്താന്‍ ബെംഗളൂരു ട്രാഫിക് പൊലീസ് തീരുമാനിച്ചു.
ഇനി മുതല്‍ എയര്‍പോര്‍ട്ട് റോഡില്‍ 80 കിലോമീറ്റര്‍ വേഗതയില്‍ കൂടുതല്‍ വാഹനമോടിച്ചാല്‍ ഡ്രൈവര്‍മാര്‍ക്കെതിരെ ബെംഗളൂരു ട്രാഫിക് പൊലീസ് കേസെടുക്കും. തിരക്കേറിയ ഈ ഭാഗത്ത് അപകടങ്ങള്‍ വര്‍ധിച്ചതിനെ തുടര്‍ന്ന് നിയമലംഘകരെ പിടികൂടാന്‍ ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്.

''കെംപഗൗഡ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് റോഡില്‍ വര്‍ധിച്ചുവരുന്ന റോഡ് ട്രാഫിക് അപകടങ്ങള്‍ കണക്കിലെടുത്ത്, പ്രത്യേകിച്ച് ഡ്രൈവര്‍മാരുടെയും റൈഡര്‍മാരുടെയും അമിതവേഗത കാരണം, റോഡ് സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിന്, എയര്‍പോര്‍ട്ട് റോഡിന്റെ ഭാഗത്ത് സ്പീഡ് ട്രാപ്പ് ക്യാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്'', ജോയിന്റ് പൊലീസ് കമ്മീഷണര്‍ (ബെംഗളൂരു ട്രാഫിക്) എം എന്‍ അനുചേത് പറഞ്ഞു.
എയര്‍പോര്‍ട്ട് റോഡിലെ വേഗപരിധി മണിക്കൂറില്‍ 80 കിലോമീറ്ററാണ്. പരിധി കവിയുന്നവര്‍ക്ക് അമിത വേഗത്തിലുള്ള ട്രാഫിക് നിയമലംഘനങ്ങള്‍ക്ക് പിഴ ചുമത്തും എന്നും ബെംഗളൂരുവിലെ ഏകദേശം 9 ശതമാനം അപകടങ്ങളും എയര്‍പോര്‍ട്ട് റോഡിലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള എലിവേറ്റഡ് എക്സ്പ്രസ് വേ (ബെല്ലാരി റോഡ്) നഗരത്തിലെ ഏറ്റവും അപകടസാധ്യതയുള്ള റോഡുകളിലൊന്നാണ്.
ഇവിടങ്ങളില്‍ പലപ്പോഴും വാഹനമോടിക്കുന്നവര്‍ പലപ്പോഴും മണിക്കൂറില്‍ 100 കി.മീ വേഗതയിലാണ് പോകുന്നത്. പുലര്‍ച്ചെ 3 മണിക്കും 6 മണിക്കും വൈകിട്ട് 7 മണിക്കും 11 മണിക്കും ഇടയിലാണ് ഇവിടെ ഏറ്റവും കൂടുതല്‍ അപകടങ്ങള്‍ നടക്കുന്നത്. ഇരുചക്രവാഹന യാത്രികരും കാല്‍നടയാത്രക്കാരുമാണ് ഏറെ ബുദ്ധിമുട്ടുന്നത്. എയര്‍പോര്‍ട്ട് റോഡില്‍ 2021 ല്‍ 239 ആയിരുന്ന അപകടങ്ങള്‍ 2022 ല്‍ 278 ആയും 2023 ല്‍ 322 ആയും വര്‍ധിച്ചതായി ബെംഗളൂരു ട്രാഫിക് പൊലീസിന്റെ രേഖകള്‍ വ്യക്തമാക്കുന്നു.
ഈ വര്‍ഷം ജനുവരി മുതല്‍ ഏപ്രില്‍ വരെയുള്ള കാലയളവില്‍ 110 അപകടങ്ങളാണ് എയര്‍പോര്‍ട്ട് റോഡില്‍ റിപ്പോര്‍ട്ട് ചെയ്തത്. 2021-ല്‍ 3213, 2022-ല്‍ 3822, 2023-ല്‍ 4974 എന്നിങ്ങനെ ബെംഗളൂരുവിലെ മൊത്തത്തിലുള്ള അപകടങ്ങളുടെ എണ്ണവും വര്‍ധിച്ചു. 2024 ഏപ്രില്‍ വരെ 1,633 അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications