ബെംഗളൂരു മയക്കുമരുന്ന് കേസ്: അന്വേഷണം താരദമ്പതിമാരിലേക്ക്, ഹാജരാവാൻ ക്രൈം ബ്രാഞ്ച് നോട്ടീസ്
ബെംഗളൂരു: ബെംഗളുരു മയക്കുമരുന്ന് കേസിന്റെ അന്വേഷണം പുരോഗമിക്കുന്നു. കേസുമായി ബന്ധപ്പെട്ട് പ്രമുഖർ ഉൾപ്പെടെ 15 പേർക്കെതിരെ കേസെടുക്കുകയും ഒമ്പത് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. കന്നഡ നടി രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും സീരിയൽ നടി അനിഖയ്ക്കും പുറമേ രണ്ട് മലയാളികളും കേസിൽ അറസ്റ്റിലായിട്ടുണ്ട്. ബെംഗളുരു സെൻട്രൽ ക്രൈം ബ്രാഞ്ചാണ് ബെംഗളൂരു മയക്കുമരുന്ന് കേസിൽ അന്വേഷണം നടത്തിവരുന്നത്.
'ഞങ്ങൾ സൈന്യത്തിനൊപ്പം തന്നെ, നിങ്ങൾ ആർക്കൊപ്പമെന്ന് പറയൂ'! കേന്ദ്രത്തിനോട് ചോദ്യങ്ങളുമായി ഒവൈസി!

താരദമ്പതിമാരിലേക്ക്
ബെംഗളുരു മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് കന്നഡ താര ദമ്പതിമാരെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച് പോലീസ്. ദിഗ് നാഥ് മഞ്ജലെ, ഐന്ദ്രിത റേ എന്നിവരെയാണ് ചോദ്യം ചെയ്യലിന് ഹാജരാവണമെന്ന് ആവശ്യപ്പെട്ട് വിളിപ്പിച്ചിട്ടുള്ളത്. കർണാടകത്തിൽ ഏറെ വിവാദം സൃഷ്ടിച്ച മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണിത്. ബെംഗളൂരു സിറ്റി പോലീസ് കമ്മീഷണർ സന്ദീപ് പാട്ടീൽ നൽകുന്ന വിവരം അനുസരിച്ച് ബുധനാഴ്ച രാവിലെ 11 മണിക്ക് സെൻട്രൽ ക്രൈം ബ്യൂറോയ്ക്ക് മുമ്പാകെ ഹാജരാവാനാണ് നിർദേശിച്ചിട്ടുള്ളത്. മയക്കുമരുന്ന് കേസിൽ രാഗിണി ദ്വിവേദിയും സഞ്ജന ഗൽറാണിയും അറസ്റ്റിലായതിന് പിന്നാലെ കഴിഞ്ഞ പത്ത് ദിവസത്തിനിടെ നഗരത്തിൽ പലയിടങ്ങളിലായി നിരവധി റെയ്ഡുകളാണ് നടന്നിട്ടുള്ളത്.

അന്വേഷണവുമായി സഹകരിക്കുമെന്ന്
സിസിബിയിൽ നിന്ന് ചോദ്യം ചെയ്യലിന് ഹാജാരാവാൻ ആവശ്യപ്പെട്ട് നോട്ടീസ് ലഭിച്ചതായി ഐന്ദ്രിത റേയ് സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച രാവിലെ 11 മണിക്ക് സിസിബിയ്ക്ക് മുമ്പാകെ ഹാജരാകുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. കേസന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ പ്രചരിച്ച ഒരു വീഡിയോ വിവാദമായതിന് പിന്നാലെയാണ് ഇരുവരെയും ക്രൈം ബ്രാഞ്ച് വിളിപ്പിച്ചത്. തന്റെ ഹിന്ദി സിനിമയുടെ മാർക്കറ്റിംഗ് ടീമിന്റെ നിർദേശം അനുസരിച്ച് നിർമിച്ച വീഡിയോ മാത്രമാണെന്നും കാസിനോ നടത്തുന്ന ആരുമായും തനിക്ക് യാതൊരു ബന്ധവുമില്ലെന്നും ഐന്ദ്രിത റോയ് വാർത്താ ചാനലുകളിൽ വിശദീകരണം നൽകുകയും ചെയ്തിരുന്നു.

സിനിമാ രംഗത്തേക്ക്
2008ൽ റിലീസ് ചെയ്ത ധൂത്പേട എന്ന കന്നഡ സിനിമയുടെ മികച്ച പ്രകടനത്തിന്റെ പേരിലാണ് ദിഗ് നാഥ് പ്രശസ്തനാവുന്നത്. പഞ്ചരംഗി (2010), ലിഫ്യൂ ഇഷ്ടെനെ (2011), പരിഞ്ജാത (2012) എന്നീ സിനിമകളിലും മികച്ച റോളുകളാണ് ദിഗ് നാഥിന് ലഭിച്ചിട്ടുള്ളത്. 2007ലാണ് ഐന്ദ്രിത റേയാണ് അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. മാനസാരെ എന്ന സിനിമയിൽ മാനസിക വെല്ലുവിളി അനുഭവിക്കുന്ന പെൺകുട്ടിയായി വേഷമിട്ടിരുന്ന ഐന്ദ്രിത ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കഴിഞ്ഞ 15 വർഷമായി കന്നഡ സിനിമാ രംഗത്തെ സജീവ സാന്നിധ്യമാണ് ദിഗ്നാഥ്. ഐന്ദ്രിതയാവട്ടെ 30ലധികം ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

വീട്ടിൽ റെയ്ഡ്
കർണാടകത്തിലെ രാഷ്ട്രീയ നേതാവായിരുന്ന ജീവരാജ് ആൽവയുടെ മകൻ ആദിത്യ ആൽവയുടെ വീട്ടിൽ ചൊവ്വാഴ്ച രാവിലെ ബെംഗളൂരു പോലീസ് റെയ്ഡ് നടത്തിയിരുന്നു. ബെംഗളൂരുവിലെ ഹെബ്ബാൾ ലേക്കിൽ നന്ദിനി ആൽവയുടെ പേരിലുള്ള അഞ്ചേക്കർ വരുന്ന പുരയിടത്തിലാണ് പരിശോധന നടത്തിയത്. മയക്കുമരുന്ന് കേസിൽ ആദിത്യ ആൽവ പ്രതിയാണെങ്കിലും ഇതുവരെയും അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ല. സ്വിമ്മിംഗ് പൂൾ ഉൾപ്പെടെയുള്ള ബെംഗളൂരുവിലെ ആഡംബര വസതിയിൽ നടന്ന പാർട്ടിയിൽ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന സംശയത്തെ തുടർന്നാണ് പോലീസ് പരിശോധന നടത്തുന്നത്.

അനധികൃത നീക്കം
ബെംഗളൂരു ഹെബ്ബാളിലുള്ള ബെംഗ്ലാവ് റിസോർട്ടായാണ് ഉപയോഗിച്ച് വന്നിരുന്നതെന്ന് ബിബിഎംപിയും വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ട്രേഡ് ലൈസൻസ് പുതുക്കാത്തതിനാൽ ഇത് അടച്ചുപൂട്ടുകയായിരുന്നുവെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇപ്പോഴും ഇത് ഹോട്ടലും റിസോർട്ടുമായി ഉപയോഗിക്കുന്നുണ്ടെന്ന് പരാതി ലഭിച്ചതായും അതുകൊണ്ടാണ് പരിശോധനയ്ക്ക് എത്തിയതായുംഅധികൃതർ പറയുന്നു. നടൻ വിവേക് ഒബ് റോയിയുടെ അടുത്ത ബന്ധു കൂടിയാണ് ആദിത്യ ആൽവ. മയക്കുമരുന്ന് ഉപയോഗത്തിനും കച്ചവടത്തിനുമെതിരെ ബെംഗളൂരു പോലീസ് നടപടി ശക്തമാക്കിയതിന് പിന്നാലെ ആദിത്യ ആൽവയെ കാണാനില്ലായിരുന്നുവെന്നാണ് പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

കുരുക്ക് മുറുകും
മയക്കുമരുന്ന് കേസിൽ കന്നഡ നടി നാഗിണി ദ്വിവേദി, സജ്ഞന ഗല്‍റാണി, പാര്‍ട്ടി സംഘടിപ്പിച്ച വിരേന്‍ ഖന്ന, രാഹുല്‍, ആര്‍ടിഒ ക്ലര്‍ക്കായ ബികെ രവിശങ്കര്‍ എന്നിവരാണ് അറസ്റ്റിലായിട്ടുള്ളവർ. രാഗിണി ദ്വിവേദിയുടെ സുഹൃത്താണ് ഇവർക്ക് മുമ്പേ അറസ്റ്റിലായ രവിശങ്കർ. ഇവരെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റുകയും ചെയ്തിരുന്നു. എന്നാൽ സജ്ഞന ഗല്‍റാണിയടക്കം രണ്ട് പ്രതികള്‍ സിസിബി കസ്റ്റഡിയില്‍ തന്നെ തുടരും. പ്രതികളെ കൂടുതല്‍ ശാസ്ത്രീയ പരിശോധനക്ക് വിധേയരാക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. നേരത്തെ സഞ്ജന ഇരുവരും പരിശോധനയ്ക്ക് സാമ്പിളുകൾ നൽകി സഹകരിക്കാത്തത് ആക്ഷേപമുയർന്നിരുന്നു. ഒരാൾ മൂത്ര സാമ്പിൾ നൽകാൻ വിസമ്മതിച്ചപ്പോൾ സഞ്ജന മൂത്ര സാമ്പിളിൽ വെള്ളം ചേർത്ത് നൽകുകയായിരുന്നു.