ബെംഗളൂരുവിൽ വീണ്ടും കനത്ത മഴ; നഗരജീവിതം താറുമാറായി, 25 വരെ ജാഗ്രത നിർദേശം
ബെംഗളൂരു; കനത്ത മഴയെ തുടർന്ന് നഗരജീവിതം താറുമാറായി. മഴയോടൊപ്പം ആലിപ്പഴ വർഷവും ഇടിമിന്നലും ഉണ്ടായിരുന്നു. മഴ കനത്തതോടെ പല ഭാഗങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. മരങ്ങൾ കടപുഴകി വീണതോടെ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. മെട്രോ സർവീസുകളും മണിക്കൂറുകളോളം വൈകി. നഗരത്തിൽ മെയ് 25 വരെ യെല്ലോ അലർട്ടാണ്.
വ്യാഴാഴ്ച വൈകീട്ടോടെയാണ് മഴ കനത്തത്. തുടർന്ന് നഗരത്തിൻ്റെ പല ഭാഗങ്ങളിലും മണിക്കൂറിൽ 46 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയതായി കാലാവസ്ഥ വകുപ്പ് പറഞ്ഞു. ഇന്നലെ രാത്രി 8.30 വരെ നഗരത്തിൽ 44.2 മില്ലീമീറ്റർ മഴ രേഖപ്പെടുത്തി. എന്നാൽ ചില പ്രദേശങ്ങളിൽ വളരെ കുറവ് മഴയാണ് രേഖപ്പെടുത്തിയത്. എച്ച്എഎൽ മേഖലയിൽ വെറും 3.8 മില്ലീമീറ്റർ മഴ മാത്രമാണ് ലഭിച്ചത്. നഗരത്തിനുള്ളിൽ തന്നെ മഴയുടെ തീവ്രതയിൽ വലിയ വ്യത്യാസമുണ്ടായതായി അധികൃതർ പറഞ്ഞു. \

കനത്ത മഴ നമ്മ മെട്രോ സർവീസുകളെയും ബാധിച്ചു. ഹൂഡി, ബെന്നിഗണഹಳ್ಳಿ സ്റ്റേഷനുകൾക്ക് സമീപം ട്രാക്കിലേക്ക് ലോഹ ഷീറ്റുകൾ വീണതിനെ തുടർന്ന് പർപ്പിൾ, ഗ്രീൻ ലൈനുകളിലെ സർവീസുകൾ തടസപ്പെട്ടു. അടിയന്തര ക്രമീകരണമായി ബിഎംആർസിഎൽ ഷോർട്ട്-ലൂപ്പ് സർവീസുകൾ നടത്തി. എന്നാൽ യാത്രക്കാർക്ക് 20 മുതൽ 25 മിനിറ്റ് വരെ വൈകി മാത്രമാണ് ട്രെയിനുകൾ ലഭിച്ചത്.
മെജസ്റ്റിക്, ആർ.വി. റോഡ് ഉൾപ്പെടെയുള്ള പ്രധാന മെട്രോ സ്റ്റേഷനുകളിൽ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. ട്രെയിനുകൾ നിറഞ്ഞതിനാൽ യാത്രക്കാർക്ക് കയറാൻ പോലും ബുദ്ധിമുട്ടുണ്ടായി. സുരക്ഷാ ജീവനക്കാർ ആളുകളെ കോച്ചുകൾക്കുള്ളിലേക്ക് തള്ളിനീക്കേണ്ട സാഹചര്യം വരെ ഉണ്ടായി. ഓരോ സ്റ്റേഷനിലും ട്രെയിനുകൾ മൂന്ന് മുതൽ നാല് മിനിറ്റ് വരെ നിർത്തേണ്ടിവന്നതോടെ യാത്ര കൂടുതൽ ദുരിതകരമായി.
മഴയെ തുടർന്ന് നഗരത്തിലെ പ്രധാന റോഡുകളിലടക്കം വലിയ വെള്ളക്കെട്ടുണ്ടായി. സാങ്കി റോഡ്, ബ്രിഗേഡ് റോഡ്, ലാൽബാഗ് റോഡ്, എസ്.ജെ.പി റോഡ്, സുൽത്താൻപേട്ട്, വർത്തൂർ കോടി തുടങ്ങിയ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കെ.ആർ സർക്കിൾ അടിപ്പാത പൂർണമായി വെള്ളം കയറിയതിനെ തുടർന്ന് അടച്ചു.
വിജയനഗർ, ശാന്തിനഗർ, ലാൽബാഗ്, ക്യൂബൺ പാർക്ക്, കെ.ആർ മാർക്കറ്റ്, ജയനഗർ, രാജാജിനഗർ, മല്ലേശ്വരം, കണ്ണിംഗ്‌ഹാം റോഡ് ഉൾപ്പെടെയുള്ള പല പ്രദേശങ്ങളിലും ആലിപ്പഴ വർഷം റിപ്പോർട്ട് ചെയ്തു.
ശക്തമായ കാറ്റിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ മരങ്ങളും വൈദ്യുതി തൂണുകളും വീണു. വെസ്റ്റ് ഓഫ് കോർഡ് റോഡിൽ സിറ്റി ആശുപത്രിക്ക് സമീപം വീണ മരം രണ്ട് കാറുകൾക്ക് കേടുപാടുകൾ വരുത്തി. ഇന്ദിരാനഗറിലും ശങ്കർ മഠം പ്രദേശത്തും ഗതാഗതം തടസപ്പെട്ടു. ഓൾഡ് എയർപോർട്ട് റോഡിലെ ദൊംലൂരിനടുത്തും വലിയ മരം വീണതോടെ വാഹന ഗതാഗതം ഏറെ നേരം നിലച്ചു.
നഗരത്തിലുടനീളം ഏകദേശം 50 മരങ്ങൾ കടപുഴകി വീണതായി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി അറിയിച്ചു. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നത് ആശ്വാസകരമാണെങ്കിലും, മഴ മൂലമുണ്ടായ ഗതാഗത തടസവും യാത്രാ ദുരിതവും നഗരവാസികളെ വലയിച്ചു.
മഴ കാരണം നഗരത്തിൽ താപനില കുറഞ്ഞെങ്കിലും, ശക്തമായ കാറ്റും മോശം കാഴ്ചയും വെള്ളക്കെട്ടും കാരണം പ്രത്യേകിച്ച് ഇരുചക്ര വാഹന യാത്രക്കാർ വലിയ ബുദ്ധിമുട്ടാണ് നേരിട്ടത്. അടുത്ത ദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്ന് അനാവശ്യ യാത്രകൾ ഒഴിവാക്കാനും ജാഗ്രത പാലിക്കാനും അധികൃതർ നിർദേശം നൽകി.












Click it and Unblock the Notifications