ബെംഗളൂരിൽ വരും ദിവസങ്ങളിലും കനത്ത മഴ; 29 വരെ യെല്ലോ അലർട്ട്
ബെംഗളൂരുവിലും കർണാടകത്തിലെ പല ജില്ലകളിലും മെയ് 29 കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. നഗരത്തിൽ ഒരാഴ്ച കൂടി യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നേരിയതോ മിതമായതോ ആയ മഴയ്ക്കൊപ്പം ഇടിയോടുകൂടിയ കാറ്റിനും സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും സമീപ പ്രദേശങ്ങൾക്കും മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയാണ് നിലവിലെ കാലാവസ്ഥാ മാറ്റങ്ങൾക്ക് പ്രധാന കാരണം. ഇതിന്റെ സ്വാധീനഫലമായി ബെംഗളൂരുവിൽ വ്യാപകമായ മഴ ലഭിക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ ബിഹാറിന്റെ തെക്കൻ ഭാഗത്തുനിന്ന് ഝാർഖണ്ഡ്, ഒഡീഷ വഴി വടക്കൻ ആന്ധ്രാപ്രദേശ് വരെ നീളുന്ന വടക്ക്-തെക്ക് ട്രഫും മഴ ശക്തമാകാൻ കാരണമാകുമെന്ന് വകുപ്പ് അറിയിച്ചു.

തിങ്കളാഴ്ച വരെ ബെംഗളൂരു നഗരത്തിൽ ഭാഗികമായി മേഘാവൃതമായ കാലാവസ്ഥ അനുഭവപ്പെടും. ഉച്ചയ്ക്കും വൈകുന്നേരവും മേഘം കനക്കും, നഗരത്തിലെ ചില ഭാഗങ്ങളിൽ ഇടിയോടുകൂടിയ മഴ ലഭിച്ചേക്കാനാണഅ സാധ്യത. മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാനും സാധ്യത പ്രവചിച്ചിട്ടുണ്ട്. നഗരത്തിലെ ഉയർന്ന താപനില 32 ഡിഗ്രി സെൽഷ്യസും കുറഞ്ഞ താപനില 22 ഡിഗ്രി സെൽഷ്യസും ആയിരിക്കുമെന്നും വകുപ്പ് അറിയിച്ചു.
അതേസമയം, തുടർച്ചയായ മഴയുടെ സ്വാധീനത്തിൽ കഴിഞ്ഞ ദിവസങ്ങളിൽ ബെംഗളൂരുവിൽ താപനിലയിൽ ശ്രദ്ധേയമായ കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ ആഴ്ച ശരാശരി 34 ഡിഗ്രിയിലുണ്ടായിരുന്ന ഉയർന്ന താപനില ഇപ്പോൾ 30 ഡിഗ്രിക്ക് താഴെയായി. കർണാടകയിലെ വിവിധ ഭാഗങ്ങളിലും സാധാരണയേക്കാൾ 2 മുതൽ 5 ഡിഗ്രി വരെ കുറഞ്ഞ താപനിലയാണ് അനുഭവപ്പെടുന്നത്.
ഉൾനാടൻ കർണാടകയുടെ വടക്കൻ, തെക്കൻ, തീരദേശ മേഖലകളിലെ മിക്ക ജില്ലകളിലും മെയ് 29 വരെ മഞ്ഞ അലർട്ട് തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. മഴ ശക്തമാകുന്ന സാഹചര്യത്തിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.
അതേസമയം കേരളത്തിലും കനത്ത മഴ തുടരുകയാണ്. ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലും 27 ന് തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളിലും 28 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിലും മഞ്ഞ അലർട്ടാണ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്ററിൽ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ (ISOL H) എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്.












Click it and Unblock the Notifications