ബെംഗളൂരു നിവാസികൾക്ക് ആശ്വാസ വാർത്ത; ഹെബ്ബാൾ തുരങ്ക പാത വൈകില്ല;പുതിയ വിവരങ്ങൾ
ബെംഗളൂരു നഗരത്തിലെ ഗതാഗതക്കുരുക്കഴിക്കാൻ സഹായകമാകുന്ന ഹെബ്ബാൾ ജംഗ്‌ഷനിലെ ആറ് വരി തുരങ്കപാതയുടെ നിർമ്മാണത്തിന് വേഗം കൂട്ടി അധികൃതർ. നിലവിൽ നാല് പ്രമുഖ ഇൻഫ്രാസ്ട്രക്ചർ കമ്പനികൾ ബിഡുകൾ സമർപ്പിച്ചിട്ടുണ്ട്. ആദാനി ഗ്രൂപ്പ്, ദിലീപ് ബിൽഡ്‌കോൺ, വിശ്വ സമുദ്ര എഞ്ചിനീയറിംഗ്, റെയിൽ വികാസ് നിഗം ലിമിറ്റഡ് എന്നിവരാണ് ബിഡുകൾ സമർപ്പിച്ചിട്ടുള്ളത്.
സാങ്കേതികവും സാമ്പത്തികവുമായ കാര്യങ്ങൾ പരിശോധിച്ച ശേഷം കരാറുകാരനെ ബിഡിഎ അന്തിമമാക്കും. ചെലവ്, രൂപകൽപ്പന, പൂർത്തിയാക്കേണ്ട സമയം, നിർമ്മാണ സമയത്ത് ട്രാഫിക് നിയന്ത്രിക്കാനുള്ള നടപടികൾ എന്നിവയെല്ലാം പരിശോധിച്ച ശേഷമായിരിക്കും കരാർ നൽകുക.1,086 കോടി രൂപ ചെലവ് വരുന്ന തുരങ്കപാത യാഥാർത്ഥ്യമാകുന്നതോടെ ബെംഗളരുവിലെ ഗതഗാതപ്രശ്നമങ്ങൾക്ക് വലിയ ആശ്വാസാകുമെന്നാണ് വിലയിരുത്തൽ.

വടക്കൻ ബെംഗളൂരുവിനെയും ഔട്ടർ റിംഗ് റോഡ് ഇടനാഴിയെയും കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള പാതയെയും ബന്ധിപ്പിക്കുന്നതാണ് ഹെബ്ബാൾ ജംഗ്ഷൻ. യെലഹങ്ക, മന്യത ടെക് പാർക്ക് ഉൾപ്പെടെയുള്ള വടക്കൻ പ്രാന്തപ്രദേശങ്ങളിൽ ജനസംഖ്യ ഉയർന്നതോടെ കടുത്ത ഗതാഗതക്കുരുക്കാണ് ഈ മേഖലയിൽ അനുഭവപ്പെടുന്നത്.
നിലവിലുള്ള ഫ്ലൈഓവറുകളും സിഗ്നൽ ക്രമീകരണങ്ങളുമൊന്നും തിരക്കേറിയ സമയങ്ങളിലെ ഗതാഗതക്കുരുക്കിന് സ്ഥിരം പരിഹാരമല്ല. വിമാനത്താവളത്തിലേക്കുള്ള ദീർഘയാത്രകളും സമീപ പ്രദേശങ്ങളിലെ ഗതാഗത പ്രശ്നങ്ങളുമെല്ലാം ഹെബ്ബാൾ ജംഗ്ഷനിൽ പ്രതിസന്ധി തീർക്കുന്നുണ്ട്.
നിർദ്ദിഷ്ട ആറ് വരി ഭൂഗർഭ ഇടനാഴിയുടെ പ്രധാന ലക്ഷ്യം ഉപരിതല ജംഗ്ഷനുകൾ ഒഴിവാക്കി വിമാനത്താവളത്തിലേക്കും ദീർഘദൂര യാത്രയ്ക്കും പോകുന്ന വാഹനങ്ങളെ കടത്തിവിടുക എന്നതാണ്. പ്രാദേശിക, ദീർഘദൂര ഗതാഗതം വേർതിരിക്കുന്നതിലൂടെ ഇതുവഴിയുള്ള ഗതാഗതം സുഗമമാകുമെന്നാണ് വിലയിരുത്തുന്നത്.
പദ്ധതി കാര്യക്ഷമമായി നടപ്പാക്കിയാൽ, രാവിലെയും വൈകുന്നേരവുമുള്ള തിരക്കേറിയ സമയങ്ങളിൽ യാത്രാസമയം ഗണ്യമായി കുറയും.
പാതയുടെ സവിശേഷതകൾ
ഏകദേശം 2.2 കിലോമീറ്റർ (2.18-നും 2.204 കിലോമീറ്ററിനും ഇടയിൽ) നീളുന്ന ഭൂഗർഭ പാതയിൽ ഓരോ ദിശയിലേക്കുമായി രണ്ട് തുരങ്കങ്ങൾ വീതമുണ്ടാകും. ഓരോ തുരങ്കത്തിലും മൂന്ന് വരികൾ വീതം ആറ് വരിപ്പാതയാണിത്. ഒരു വരിക്ക് 3.5 മീറ്റർ വീതിയും, അടിയന്തര ആവശ്യങ്ങൾക്കായി 0.5 മീറ്റർ ഷോൾഡറുകളുമുണ്ട്. ഓരോ തുരങ്കത്തിനും ആകെ 10.5 മീറ്റർ വീതിയുണ്ടാകും. എസ്റ്റീം മാളിന് സമീപത്തുനിന്ന് ആരംഭിക്കുന്ന ഈ തുരങ്കപാത, നിലവിലുള്ള ഹെബ്ബാൾ ഫ്ലൈഓവർ, വെറ്ററിനറി കോളേജ് (GKVK) ക്യാമ്പസ്, ഹെബ്ബാൾ തടാകം എന്നിവയ്ക്ക് താഴെകൂടിയാകും കടന്നുപോകുക.
വെല്ലുവിളി
തുരങ്കപാതയ്ക്കെതിരെ ഒരു വിഭാഗം വലിയ വിമർശനം ഉയർത്തുന്നുണ്ട്. പാരിസ്ഥിതിക വിഷയങ്ങൾ ഉൾപ്പെടെയാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്. ബെംഗളൂരുവിന്റെ അതിവേഗ വളർച്ചയ്ക്ക് ഗ്രേഡ്-സെപ്പറേറ്റഡ് പരിഹാരങ്ങൾ അനിവാര്യമാണെന്നാണ് പദ്ധതിയെ അനുകൂലിക്കുന്നവർ വാദിക്കുന്നത്. എന്നാൽ, ഒരു ജംഗ്ഷനുവേണ്ടി 1,000 കോടി രൂപയിലധികം ചെലവഴിക്കുന്നത് കാര്യക്ഷമമാണോ എന്നും പൊതുഗതാഗത ശക്തിപ്പെടുത്തലിനാണ് ഊന്നൽ നൽകേണ്ടതെന്നും വിമർശകർ അഭിപ്രായപ്പെടുന്നു.












Click it and Unblock the Notifications