ബെംഗളൂരുവിലെ ഹോട്ടൽ ഭക്ഷണ വില കുതിക്കും;15 ശതമാനം വരെ വില വർധിക്കും..പിടിച്ച് നിൽക്കാനാകില്ലെന്ന് ഹോട്ടൽ ഉടമകൾ
വാണിജ്യ എല്‍പിജി സിലിണ്ടറിന്റെ വില കുത്തിനെ ഉയർത്തിയിരിക്കുകയാണ് കേന്ദ്രസർക്കാർ. 993 രൂപയാണ് വർധിപ്പിച്ചത്. കഴിഞ്ഞ അഞ്ച് മാസത്തിനിടെ മാത്രം 1498 രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്. വിലവർധനവിനെതിരെ ഇതിനോടകം തന്നെ കടുത്ത പ്രതിഷേധവുമായി ഹോട്ടൽ ഉടമകൾ രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ വില ഉയർത്താതെ മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ബെംഗളൂരുവിലെ ഹോട്ടൽ അസോസിയേഷൻ.
മെനുവിൽ 10% മുതൽ 15% വരെ വില വർദ്ധനവ് പ്രതീക്ഷിക്കാമെന്ന സൂചനയാണ് ഇവർ നൽകുന്നത്. കാപ്പി, ചായ എന്നിവയ്ക്ക് 2-5 രൂപ വർധിച്ച് 20 രൂപയോ കൂടുതലോ ആകും. ഇഡ്ഡലി, വട, ദോശ, ചോറിനങ്ങൾ എന്നിവയ്ക്ക് ഒരു പ്ലേറ്റിന് 5-15 രൂപയും, വലിയ വിഭവങ്ങൾക്ക് 25-30 രൂപയും കൂടും. ഉയർന്ന ഉൽപ്പാദനച്ചെലവും വാണിജ്യ സിലിണ്ടറുകൾക്ക് ചുമത്തുന്ന 18% ജിഎസ്ടിയും ഉൾക്കൊള്ളാൻ കഴിയാത്ത സാഹചര്യമാണെന്ന് ഇവർ പറഞ്ഞു.

വില വർധനവ് അനിവാര്യമെന്നാണ് ബംഗളൂരു ഹോട്ടലിയേഴ്‌സ് അസോസിയേഷൻ പ്രസിഡൻ്റ് പിസി റാവുവിനെ ഉദ്ധരിച്ച് ഡെക്കാൻ ഹെരാൾഡ് റിപ്പോർട്ട് ചെയ്യുന്നത്. 'സിലിണ്ടറുകൾക്ക് ഇത്രയും പണം നൽകി ബിസിനസ് മുന്നോട്ട് കൊണ്ടുപോകാനാവില്ല. വില കുറയ്ക്കാൻ കേന്ദ്ര സർക്കാരിനോട് അഭ്യർത്ഥിക്കുകയാണ്', അദ്ദേഹം പറഞ്ഞു. പ്രതിസന്ധി രൂക്ഷമായപ്പോൾ ഒരു സിലിണ്ടറിന് 5,000 രൂപ വരെ മുടക്കി പിടിച്ചുനിന്നു, അന്ന് വിലയും കൂട്ടിയിരുന്നു. ഈ സ്ഥിതി തുടർന്നാൽ നിലനിൽക്കാനാവില്ല. വിപണിയിൽ വില കൂടിയാൽ കരിഞ്ചന്തയിലും കൂടും. ഗ്യാസ് പ്രതിസന്ധി കാരണം പല റസ്റ്റോറൻ്റുകളും പൂട്ടിപ്പോയി',ചില ഹോട്ടൽ ഉടമകൾ പറഞ്ഞു.
ഓട്ടോ എൽപിജിക്ക് വില മാറ്റമില്ലെങ്കിലും ഇന്ധനക്ഷാമം തുടരുന്നുണ്ട്. കഴിഞ്ഞ 15 ദിവസമായി പല പെട്രോൾ പമ്പുകളും അടഞ്ഞു. ഗ്യാസിൻ്റെ വില 98 രൂപയ്ക്കും 125 രൂപയ്ക്കും ഇടയിലാണ്. കഴിഞ്ഞ ഒരാഴ്ചയായി വിതരണം സാധാരണ നിലയിലായെങ്കിലും, വില 100 രൂപയ്ക്ക് മുകളിലാണ്. മുൻപ് ഇത് 60 രൂപയായിരുന്നു, പമ്പ് ജീവനക്കാരൻ പറയുന്നു.
വാണിജ്യ എൽ പി ജി വില വർദ്ധനവ് ബെംഗളൂരുവിലെ കുടിയേറ്റ തൊഴിലാളികളെയും പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. കൂട്ടായി താമസിക്കുന്ന ആയിരക്കണക്കിന് തൊഴിലാളികൾക്ക് 5 കിലോ സിലിണ്ടറുകൾ (ഫ്രീ ട്രേഡ് എൽ.പി.ജി) അത്യാവശ്യമാണ്. 2026 മെയ് 1 മുതൽ ഈ ചെറിയ സിലിണ്ടറുകളുടെ വില 261 രൂപ വർദ്ധിച്ചു, ചില വിപണികളിൽ ഇത് പഴയ വിലയുടെ ഇരട്ടിയോളമാണ്. ഗാർഹിക കണക്ഷനുകൾക്ക് വിലാസരേഖകൾ ഇല്ലാത്തതിനാൽ കരിഞ്ചന്തയെ ആശ്രയിക്കേണ്ടി വരുന്നുവെന്ന് പല തൊഴിലാളികളും പറഞ്ഞു. അവിടെ 5 കിലോ റീഫില്ലിന് 1,100 രൂപ മുതൽ 2,000 രൂപ വരെയാണ് വില ഈടാക്കുന്നത്.ഇത് നേരിടാൻ ചില തൊഴിലാളികൾ പാചകം പൂർണ്ണമായി നിർത്തി. ഇപ്പോൾ തെരുവോരങ്ങളിൽ നിന്നുള്ള ഭക്ഷണങ്ങളെയാണ് അവർ ആശ്രയിക്കുന്നത്. മറ്റു ചിലർ സ്വന്തം നാടുകളിലേക്ക് തിരികെ പോകാനും തുടങ്ങിയതായി റിപ്പോർട്ടിൽ പറയുന്നു.












Click it and Unblock the Notifications