ബെംഗളൂരിലുള്ളവർക്ക് എട്ടിൻ്റെ പണി വരുന്നു: ഹോട്ടലിൽ അധിക സമയം ഇരുന്നാൽ 'ടേബിൾ ചാർജ്'
കഫേകളിലും ഹോട്ടലുകളിലുമൊക്കെ പോകുന്നതിന് പിന്നിൽ ഭക്ഷണം കഴിക്കൽ മാത്രമായിരിക്കില്ല പലരുടേയും ഉദ്ദേശം. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം സമാധാനത്തോടെ ഇരുന്ന് സംസാരിക്കാനൊക്കെയുള്ള സ്ഥലം കൂടിയായിരിക്കും അവർക്ക് അത്. ചിലരാണെങ്കിൽ സംസാരിച്ച് മണിക്കൂറുകളോളം അവിടെ തന്നെ ഇരിക്കും. എന്നാൽ ഇത്തരക്കാർക്ക് പണികൊടുക്കാൻ ഒരുങ്ങുകയാണ് ബെംഗളൂരുവിലെ ഹോട്ടലുകൾ. അതായത് കുറഞ്ഞ ഓർഡറുകൾ നൽകി ദീർഘനേരം സീറ്റുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് "ടേബിൾ ചാർജുകൾ" ഏർപ്പെടുത്താനാണ് നീക്കം. വരുമാന നഷ്ടം, പരിമിതമായ ഇരിപ്പിടങ്ങൾ തുടങ്ങിയ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് ഹോട്ടൽ ഉടമകൾ ഇങ്ങനെയൊരു നീക്കം പരിഗണിക്കുന്നത്. ബെംഗളൂരു ഹോട്ടൽ ഉടമകളുടെ അസോസിയേഷനിലാണ് ഈ നിർദ്ദേശം ചർച്ച ചെയ്യുന്നത്.
ഒരു കപ്പ് ചായ, കാപ്പി അല്ലെങ്കിൽ ലഘുഭക്ഷണം മാത്രം ഓർഡർ ചെയ്ത് മണിക്കൂറുകളോളം ഇരിക്കുന്ന ഉപഭോക്താക്കളെക്കുറിച്ച് നിരവധി അംഗങ്ങൾ ആശങ്ക ഉന്നയിച്ചിട്ടുണ്ടെന്ന് അസോസിയേഷൻ പറയുന്നു. തിരക്കേറിയ സമയങ്ങളിൽ ദീർഘനേരം ഒരു സീറ്റ് കൈവശപ്പെടുത്തുന്നത് കാത്തിരിക്കുന്ന ഉപഭോക്താക്കൾക്ക് അവസരം ഇല്ലാതാക്കുകയും വരുമാനം കുറയ്ക്കുകയും ചെയ്യും. ഇത് ഹോട്ടൽ ബിസിനസിനെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.

പരിമിതമായ സ്ഥലത്തും കുറഞ്ഞ ലാഭത്തിലും പ്രവർത്തിക്കുന്ന ചെറുകിട, ഇടത്തരം സ്ഥാപനങ്ങളെയാണ് ഈ സാഹചര്യം ഏറ്റവും കൂടുതൽ ബാധിക്കുന്നത്. പലപ്പോഴും ഗ്രൂപ്പുകൾ ഹോട്ടൽ പരിസരം അനൗപചാരിക മീറ്റിംഗ് സ്ഥലങ്ങളായി ഉപയോഗിക്കാറുണ്ട്. അധിക ഓർഡറുകളൊന്നും നൽകാതെ ഏറെ നേരം ടേബിളുകൾ കയ്യടക്കുന്നത് വ്യാപാരത്തെ തടസ്സപ്പെടുത്തുന്നു. തിരക്കേറിയ വാണിജ്യ മേഖലകളിൽ ഇത് ഒരു പ്രധാന പ്രശ്നമാണെന്ന് ഇവർ പരാതിപ്പെട്ടു.
കുറഞ്ഞ പർച്ചേസുകളുമായി ദീർഘനേരം ഇരിക്കുന്ന ഉപഭോക്താക്കൾക്ക് പാർക്കിംഗ് ഫീസിന് സമാനമായ ടേബിൾ ഉപയോഗ ഫീസ് എന്ന ആശയമാണ് അസോസിയേഷൻ അംഗങ്ങൾ പരിഗണിക്കുന്നത്. ടേബിളുകൾക്ക് കൃത്യമായ റൊട്ടേഷൻ ഉറപ്പാക്കാനും യഥാർത്ഥ ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കാതെ ദൈനംദിന വരുമാനം സംരക്ഷിക്കാനും ഇത് സഹായിക്കുമെന്നും അവർ വാദിക്കുന്നു.
ഈ വിഷയത്തിൽ നടപടി ആവശ്യപ്പെട്ട് നിരവധി ഹോട്ടൽ ഉടമകൾ സംഘടനയ്ക്ക് ഔപചാരിക പരാതികൾ സമർപ്പിച്ചിട്ടുണ്ട്. ഈ നിർദ്ദേശം പ്രാഥമിക ഘട്ടത്തിലാണുള്ളത്. നിയമപരമായ വ്യവസ്ഥകളെക്കുറിച്ച് വ്യക്തത ലഭിക്കുന്നതിനും നഗരത്തിലുടനീളം ഏകീകൃതമായി ഇത് നടപ്പിലാക്കുന്നതിനും അസോസിയേഷൻ കർണാടക സർക്കാരിനെ സമീപിക്കാനാണ് നീക്കം.
കാഷ്വൽ സന്ദർശകരെ നിരുത്സാഹപ്പെടുത്തുകയല്ല, മറിച്ച് ഉപഭോക്താക്കളുടെ സൗകര്യവും സുസ്ഥിരമായ ബിസിനസ്സ് പ്രവർത്തനങ്ങളും തമ്മിൽ തുലനം കണ്ടെത്തുക എന്നതാണെന്ന് തങ്ങൾ ഇതിലൂടെ ലക്ഷ്യം വെയ്ക്കുന്നതെന്ന് ഹോട്ടൽ ഉടമകൾ പറയുന്നു. ഡൈനിംഗ് സ്പേസുകൾക്ക് വലിയ ഡിമാൻഡുള്ള നഗരത്തിൽ ഇത് അത്യാവശ്യമാണെന്നും അവർ കൂട്ടിച്ചേർത്തു.












Click it and Unblock the Notifications