എന്നാൽ ചെറിയ കുടുംബ ഒത്തുചേരലുകൾക്ക് ഇപ്പോഴത്തെ മാറ്റം വലിയ രീതിയിൽ ബാധിക്കില്ലെന്നാണ് എക്സൈസ് വകുപ്പ് വ്യക്തമാക്കുന്നത്. 9 ലിറ്റർ വരെ ഇന്ത്യൻ നിർമ്മിത വിദേശമദ്യവും 18 ലിറ്റർ വരെ ബിയർ അല്ലെങ്കിൽ വൈനും ലൈസൻസില്ലാതെ സ്വകാര്യ പരിപാടികളിൽ ഉപയോഗിക്കാം. എന്നാൽ ഈ പരിധി കടന്നാൽ സി.എൽ.-5 ലൈസൻസ് നിർബന്ധമാകും.
നഗരങ്ങളിലെ വാരാന്ത്യ പാർട്ടികളെയും വലിയ ഹൗസ് ഗെറ്റ്-ടുഗെതറുകളെയുമാണ് പുതിയ തീരുമാനം കൂടുതൽ ബാധിക്കുക. ഇതുവരെ ഇത്തരം സ്വകാര്യ പരിപാടികൾക്കുള്ള സി.എൽ.-5 ലൈസൻസിന് പ്രതിദിനം 11,500 രൂപ ആയിരുന്നു ഫീസ്. പുതിയ തീരുമാനത്തോടെ ഇത് 20,000 ആയി ഉയർന്നു. ഇതോടെ വലിയ ആഘോഷങ്ങൾ സംഘടിപ്പിക്കുന്ന കുടുംബങ്ങൾക്കും കൂട്ടായ്മകൾക്കും ചെലവ് കുത്തനെ ഉയരും. അതേസമയം, പരിപാടിക്ക് കുറഞ്ഞത് ഏഴ് ദിവസം മുമ്പ് അപേക്ഷ സമർപ്പിക്കണമെന്നും സർക്കാർ നിർദേശിച്ചിട്ടുണ്ട്. അവസാന നിമിഷത്തിൽ അനുമതി തേടുന്നവർക്ക് കൂടുതൽ തുക നൽകേണ്ടിവരും.
24 മണിക്കൂറിനുള്ളിൽ അനുമതി ആവശ്യമുള്ളവർക്ക് 'തത്കാൽ’ സംവിധാനം ഉപയോഗിക്കാം. എന്നാൽ അതിന് പ്രതിദിനം 40,000 വരെ ഫീസ് ഈടാക്കും. ഇതോടെ അവസാന നിമിഷ പാർട്ടി പ്ലാനുകൾ പലർക്കും പ്രായോഗികമല്ലാത്തതാകുമെന്നാണ് വിലയിരുത്തൽ. വാണിജ്യപരമായ പരിപാടികൾക്ക് ഇതിലും വലിയ സാമ്പത്തിക ബാധ്യതയാണ് വരുന്നത്. സംഗീത പരിപാടികൾ, കോർപ്പറേറ്റ് ഇവന്റുകൾ, സാംസ്കാരിക ഷോകൾ, പ്രദർശനങ്ങൾ, ന്യൂ ഇയർ ആഘോഷങ്ങൾ എന്നിവയ്ക്ക് സി.എൽ.-5 ലൈസൻസിനായി പ്രതിദിനം 75,000 നൽകണം.
അടിയന്തര അനുമതി വേണമെങ്കിൽ 'തത്കാൽ’ സംവിധാനത്തിൽ ഈ തുക 1.5 ലക്ഷം വരെ ഉയരും. വലിയ ടിക്കറ്റ് ഇവന്റുകളും പ്രീമിയം പാർട്ടികളും ഇനി കൂടുതൽ ചെലവേറിയതാകുമെന്നാണ് സംഘാടകരുടെ ആശങ്ക.
വരുമാനം വർധിപ്പിക്കാനാണ് പുതിയ ഫീസ് പരിഷ്കാരമെന്ന് എക്സൈസ് വകുപ്പ് വ്യക്തമാക്കി. ഇനി മുതൽ പൊതു സ്ഥലങ്ങളിൽ നടക്കുന്ന വാണിജ്യേതര സ്വകാര്യ പരിപാടികൾക്കും സി.എൽ.-5 ലൈസൻസ് നിർബന്ധമാക്കുമെന്നാണ് എക്സൈസ് കമ്മീഷണർ വെങ്കിടേഷ് കുമാർ വ്യക്തമാക്കിയിരിക്കുന്നത്. ബെംഗളൂരു ഉൾപ്പെടെയുള്ള നഗരങ്ങളിൽ വലിയ വീട്ടുപാർട്ടികൾ പതിവായ സാഹചര്യത്തിൽ പുതിയ തീരുമാനം ആഘോഷ സംസ്കാരത്തെയും ബാധിക്കുമെന്നാണ് വിലയിരുത്തൽ. “ഒരു പാർട്ടി നടത്താൻ തന്നെ ഇനി വലിയ ബജറ്റ് വേണം” എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്.
അതേസമയം, ചെറിയ വീടുകളിലെ സാധാരണ കുടുംബവിരുന്നുകളെയോ പരിമിതമായ ഒത്തുചേരലുകളെയോ പുതിയ ചട്ടങ്ങൾ ബാധിക്കില്ലെന്നും അധികൃതർ വ്യക്തമാക്കുന്നു. എന്നാൽ വലിയ ആഘോഷങ്ങൾ സംഘടിപ്പിക്കുന്നവർ ഇനി ചെലവ് രണ്ടുതവണ കണക്കുകൂട്ടേണ്ടി വരുമെന്നതാണ് യാഥാർഥ്യം.