ബെംഗളൂരുവിൽ വാടകയ്ക്ക് താമസിക്കുകയാണോ? ആയിരങ്ങൾ ലാഭിക്കാം..വമ്പൻ പ്രഖ്യാപനവുമായി സർക്കാർ
ബെംഗളൂരു: ശമ്പളപാക്കേജിലെ സുപ്രധാനമായ ഘടകമാണ് വീട് വാടക അലവൻസ് അഥവാ എച്ച്ആർഎ. ജോലിക്കാർ വാടകയ്ക്ക് താമസിക്കുന്നവരാണെങ്കിൽ, അവരുടെ വാടക ചെലവുകൾ നികത്താൻ സഹായിക്കുന്നതിനായി കമ്പനികൾ നൽകുന്ന ഒരു അനുകൂല്യമാണ് ഇത്. ഇന്ത്യൻ ആദായനികുതി നിയമത്തിലെ സെക്ഷൻ 10(13എ) പ്രകാരം, ഈ തുകയ്ക്ക് ഭാഗികമായോ പൂർണമായോ നികുതി ഇളവ് തേടാം. HRA യുടെ പ്രധാന ഉദ്ദേശ്യം, ശമ്പളക്കാരുടെ താമസച്ചെലവുകൾ കുറയ്ക്കുകയും നികുതി ഭാരം ലഘൂകരിക്കുകയുമാണ്, പ്രത്യേകിച്ച് ഉയർന്ന വാടകനിരക്കുള്ള നഗരങ്ങളിൽ.
ഇപ്പോഴിതാ പ്രധാന നഗരങ്ങളിൽ താമസിക്കുന്ന ശമ്പളക്കാർക്ക് കാര്യമായ നികുതി ഇളവ് ലഭ്യമാക്കാൻ ലക്ഷ്യമിട്ട്, പഴയ നികുതി സമ്പ്രദായത്തിൽ എച്ച് ആർ എ ഇളവിന് അർഹതയുള്ള നഗരങ്ങളുടെ പട്ടിക വികസിപ്പിക്കാൻ ഒരുങ്ങുകയാണ് സർക്കാർ. നിലവിൽ മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നീ നാല് മെട്രോ നഗരങ്ങളിലെ ശമ്പളക്കാർക്ക് അടിസ്ഥാന ശമ്പളത്തിന്റെ 50% വരെ എച്ച് ആർ എ ഇളവ് ലഭിക്കും. മറ്റ് നഗരങ്ങളിലുള്ളവർക്ക് ഇത് 40% മാത്രമാണ്. ഡ്രാഫ്റ്റ് ഇൻകം ടാക്സ് റൂൾസ് 2026 പ്രകാരം, ബെംഗളൂരു, ഹൈദരാബാദ്, പൂനെ, അഹമ്മദാബാദ് എന്നീ നാല് പ്രധാന നഗരങ്ങളിലേക്കും 50% എച്ച് ആർ എ ഇളവ് വ്യാപിപ്പിക്കാനാണ് നിർദേശം. ഈ മാറ്റം 2026 ഏപ്രിൽ 1 മുതൽ (ഫിനാൻഷ്യൽ ഇയർ 2026-27) നിലവിൽ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്, ഇത് ശമ്പളക്കാരുടെ നികുതി സേവിംഗ്സിന് ഗണ്യമായ ഉത്തേജനം നൽകും.

മാറുന്ന നഗര ജനസംഖ്യ, ഉയർന്ന വാടകനിരക്ക് എന്നിവ കണക്കിലെടുത്താണ് HRA വ്യവസ്ഥകൾ ആധുനികവൽക്കരിക്കാനുള്ള സർക്കാർ ശ്രമങ്ങളുടെ ഭാഗമായി ഈ നീക്കം. ഈ നഗരങ്ങളിലെ ശരാശരി വാടകനിരക്കുകൾ കഴിഞ്ഞ ദശകത്തിൽ 20-30% വരെ ഉയർന്നിട്ടുണ്ട്, പ്രത്യേകിച്ച് ഐടി, ഫിനാൻഷ്യൽ സെക്ടറുകളിലെ തൊഴിൽ വളർച്ച കാരണം. ഉദാഹരണത്തിന്, ബെംഗളൂരുവിലെ ഒരു ശരാശരി 2BHK അപ്പാർട്ട്മെന്റിന്റെ മാസ വാടക 25,000-40,000 രൂപയ്ക്കിടയിലാണ്, ഇത് ശമ്പളത്തിന്റെ ഗണ്യമായ ഭാഗം വരും. പഴയ നികുതി സമ്പ്രദായം തിരഞ്ഞെടുക്കുന്ന ശമ്പളക്കാർക്കായിരിക്കും ഈ നിർദേശം ഏറ്റവും കൂടുതൽ പ്രയോജനകരമാകുക. പുതിയ നികുതി സമ്പ്രദായത്തിൽ HRA ഉൾപ്പെടെയുള്ള മിക്ക ഇളവുകളും ലഭ്യമല്ല എന്നതും ശ്രദ്ധേയമാണ്.












Click it and Unblock the Notifications