ബെംഗളൂരുവിൽ ഹൈദരാബാദിലേക്ക് ഇനി വേഗത്തിലെത്താം; വന്ദേഭാരത് കുതിക്കും..നിർണായക തീരുമാനവുമായി റെയിൽവെ
ബെംഗളൂരു: യെലഹങ്ക-ധർമ്മവരം റെയിൽ പാതയിൽ ഇനി'ട്രെയിനുകൾക്ക് വേഗം കൂടും. 130 കിലോമീറ്റർ വേഗതയിൽ ട്രെയിനുകൾ ഓടിക്കാനുള്ള അനുമതി റെയിൽ സുരക്ഷാ കമ്മീഷണർ നൽകി. ദീർഘദൂര, അർദ്ധ-അതിവേഗ സർവീസുകൾക്ക് പുതിയ ഉത്തരവ് വലിയ സഹായകമാകും. ഈ റൂട്ടുവഴിയുള്ള യാത്രാസമയം കുറയ്ക്കാനും ഗതാഗതം സുഗമമാക്കാനും നീക്കം സഹായിക്കും.
ഇരട്ടിപ്പിച്ച പാതയുടെ സുരക്ഷാ പരിശോധനകൾ പൂർത്തിയായി. ഇതിന് പിന്നാലെയാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ ചീഫ് ട്രാക്ക് എഞ്ചിനീയർ അന്തിമാനുമതി നൽകിയത്. 161 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയിൽ നേരത്തേ 110 കിലോമീറ്ററായിരുന്നു വേഗപരിധി. ബെംഗളൂരുവിൽ നിന്ന് വടക്കുകിഴക്കൻ ഭാഗങ്ങളിലേക്കുള്ള സർവീസുകൾക്ക് ഇത് ഗുണകരമാകും.

ബെംഗളൂരു റെയിൽവേ ഡിവിഷനിൽ 130 കിലോമീറ്റർ വേഗതയ്ക്ക് അനുമതി ലഭിക്കുന്ന രണ്ടാമത്തെ പാതയാണ് യെലഹങ്ക-ധർമ്മവരം. ബെംഗളൂരു-ജോളാർപ്പേട്ടൈ പാതയിലായിരുന്നു ആദ്യം വേഗ പരിധി ഉയർത്തിയത്. വർദ്ധിച്ചുവരുന്ന യാത്രാ, ട്രെയിൻ വോളിയം കൈകാര്യം ചെയ്യാൻ ഈ പാതകൾ നിർണ്ണായകമാണെന്ന് അധികൃതർ പറയുന്നു.
ബെംഗളൂരു-ഹൈദരാബാദ് റൂട്ടിലെ യശ്വന്ത്പൂർ-കാച്ചേഗുഡ വന്ദേ ഭാരത് എക്സ്പ്രസിന് ഇനി വേഗം കൂടും. 160 കിലോമീറ്റർ വേഗതത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്നവയാണ് വന്ദേഭാരത് ട്രെയിനുകൾ. ഈ റെയിൽപാതയിൽ വേഗപരിധി കുറഞ്ഞതിനാൽ ട്രെയിനുകൾക്ക് പൂർണ്ണ ശേഷിയിൽ ഓടാനായിരുന്നില്ല. അതുകൊണ്ട് തന്നെ വേഗത 130 കിമി ഉയർത്തിയതോടെ വളരെ പെട്ടെന്ന് തന്നെ വന്ദേഭാരത് ട്രെയിനുകൾക്ക് ഈ റൂട്ടിൽ സഞ്ചരിക്കാനാകും.
അതേസമയം ബെംഗളൂരുവിലെ മറ്റൊരു വലിയ പദ്ധതിയായ ബൈയപ്പനഹള്ളി-ബെംഗളൂരു കന്റോൺമെന്റ് റെയിൽ പാതയുടെ നാലുവരിപ്പാത നിർമ്മാണവും പൂർത്തിയാവാറായിട്ടുണ്ട്. 5 കിലോമീറ്റർ ദൂരമുള്ള ഈ ഭാഗത്ത് ബെംഗളൂരു ഈസ്റ്റ് സ്റ്റേഷനുമുണ്ട്. തിരക്കേറിയ ഈ വിഭാഗത്തിൽ ശേഷി വർദ്ധിപ്പിക്കാൻ പുതിയ മൂന്നും നാലും ലൈനുകൾ സ്ഥാപിച്ചിട്ടുണ്ട്.
റെയിൽ സുരക്ഷാ കമ്മീഷണർ ബൈയപ്പനഹള്ളി-കന്റോൺമെന്റ് ഭാഗത്തെ അധിക ലൈനുകളിലെ പരിശോധനയും വേഗതാ പരീക്ഷണവും വിജയകരമായി പൂർത്തിയാക്കി. പാതകൾ കമ്മീഷൻ ചെയ്യാനും അനുമതി ലഭിച്ചിട്ടുണ്ട്. നഗരത്തിലെ തിരക്കേറിയ റെയിൽ പ്രവേശനത്തെ ഇത് ലഘൂകരിക്കുമെന്നാണ് റെയിൽവേ അധികൃതർ പ്രതീക്ഷിക്കുന്നത്.
യെലഹങ്ക-ധർമ്മവരം അതിവേഗ ഇടനാഴിയും ബൈയപ്പനഹള്ളി-കന്റോൺമെന്റ് വിഭാഗവും റെയിൽവേ ശേഷി വർദ്ധിപ്പിച്ച് കാലതാമസം കുറച്ച് ബെംഗളൂരുവിലേക്കുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തും. ഹൈദരാബാദ്, വടക്കുകിഴക്കൻ ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രക്കാർക്ക് യാത്രാസമയത്തിലും സേവന വിശ്വാസ്യതയിലും പുരോഗതി പ്രതീക്ഷിക്കാം.












Click it and Unblock the Notifications