ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍
മുംബൈ: ഇന്ത്യയില്‍ ഒരു ഓഫീസ് തുടങ്ങാന്‍ വിദേശ കമ്പനികളുടെ മനസില്‍ ആദ്യം ഓടിയെടുത്തുന്ന നഗരം ഏതായിരിക്കും. അത് സംശയിക്കേണ്ട ബെംഗളൂരുവാണ്. സാങ്കേതിക രംഗത്ത് വലിയ മുന്നേറ്റം കാഴ്ച്ച വയ്ക്കുന്ന ഇന്ത്യയില്‍ തങ്ങളുടെ ഗ്ലോബല്‍ കാപ്പബിലിറ്റി സെന്ററുകള്‍ ആരംഭിക്കാന്‍ വിദേശ കമ്പനികള്‍ മത്സരിക്കുകയാണ്. അതില്‍ അവരുടെ ആദ്യ ചോയ്‌സ് ബെംഗളൂരുവാണ്. ഹൈദരാബാദ്, ഡല്‍ഹി-എന്‍സിആര്‍, മുംബൈ എന്നീ നഗരങ്ങളും ഓഫീസ് സ്‌പേസ് വിപണിയില്‍ മുന്നില്‍ തന്നെയുണ്ട്.
ഈ വര്‍ഷം ഇന്ത്യയിലെ റിയല്‍ എസ്റ്റേറ്റ് രംഗം, പ്രത്യേകിച്ച് ഓഫീസ് സ്‌പേസ് വിപണി വലിയ മുന്നേറ്റത്തിന് സാക്ഷ്യം വഹിക്കുമെന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ആഗോള സാമ്പത്തിക വെല്ലുവിളികള്‍ നിലനില്‍ക്കുമ്പോഴും ഇന്ത്യയിലെ ഓഫീസ് സ്‌പേസിനായുള്ള ഡിമാന്‍ഡ് 70 മുതല്‍ 75 ദശലക്ഷം ചതുരശ്ര അടി വരെയായി ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഏറ്റവും മികച്ച പ്രൈം ലൊക്കേഷനില്‍, അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിക്കപ്പെട്ട കെട്ടിടങ്ങളാണ് വിദേശ കമ്പനികള്‍ ഉറ്റുനോക്കുന്നത്.

ഈ വളര്‍ച്ചയുടെ പകുതിയോളം വിഹിതം ബെംഗളൂരു, ഹൈദരാബാദ്, ഡല്‍ഹി-എന്‍സിആര്‍ എന്നീ നഗരങ്ങളില്‍ നിന്നാണ്. ഓഫീസ് സ്‌പേസ് പാട്ടത്തിനെടുക്കുന്ന കാര്യത്തിലും ബെംഗളൂരുവാണ് മുന്നിലുള്ളത്. ബെംഗളൂരു ഈ മേഖലയില്‍ ആധിപത്യം തുടരുമെന്ന് മാത്രമല്ല, രാജ്യത്തെ മൊത്തം ഓഫീസ് സ്‌പേസ് നിര്‍മ്മാണത്തിന്റെ മൂന്നിലൊന്ന് ഈ നഗരത്തിലായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഈ വര്‍ഷം നഗരത്തില്‍ 20 മുതല്‍ 25 ദശലക്ഷം ചതുരശ്ര അടി വരെ ഓഫീസ് സ്‌പേസിനുള്ള ഡിമാന്‍ഡ് ഉണ്ടാകുമെന്നാണ് പ്രവചനം.
ഡല്‍ഹി-എന്‍സിആര്‍, ഹൈദരാബാദ് എന്നീ നഗരങ്ങള്‍ പത്ത് ദശലക്ഷം ചതുരശ്ര അടിയിലധികം ഓഫീസ് സ്‌പേസ് ഡിമാന്‍ഡുമായി തൊട്ടുപിന്നാലെയുണ്ട്. ഈ വന്‍ കുതിച്ചുചാട്ടത്തിന് പിന്നിലെ പ്രധാന ഘടകം ഗ്ലോബല്‍ കാപ്പബിലിറ്റി സെന്ററുകളുടെ വ്യാപനമാണ്. ആഗോള കമ്പനികള്‍ അവരുടെ ഗവേഷണ-വികസന കേന്ദ്രങ്ങളും സാങ്കേതിക വിഭാഗങ്ങളും ഇന്ത്യയിലേക്ക് മാറ്റുന്നതിനാണ് കൂടുതല്‍ താല്‍പര്യപ്പെടുന്നത്. ഇന്ത്യന്‍ നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളിലെ വികസനവും കുറഞ്ഞ ജീവിതച്ചെലവുമാണ് വിദേശ കമ്പനികളെ ആകര്‍ഷിക്കുന്നത്. ബെംഗളൂരുവിനും ഡല്‍ഹിക്കും ഹൈദരാബാദിനും പിന്നിലാണ് മുംബൈയുടെ സ്ഥാനം. ചെന്നൈ, പൂനെ, കൊല്‍ക്കത്ത, അഹമ്മദാബാദ് തുടങ്ങിയവ ഓഫീസ് സ്‌പേസ് വിപണിയില്‍ വളര്‍ന്നു വരുന്ന നഗരങ്ങളാണ്.
പരിസ്ഥിതി സൗഹൃദമായ കെട്ടിടങ്ങള്‍ക്കും സുസ്ഥിരമായ നിര്‍മ്മാണ രീതികള്‍ക്കും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കും. 2026-ല്‍ വിപണിയിലെത്തുന്ന പുതിയ ഓഫീസ് കെട്ടിടങ്ങളില്‍ 80 ശതമാനവും ഗ്രീന്‍ സര്‍ട്ടിഫിക്കേഷന്‍ ഉള്ളവയായിരിക്കും. മെട്രോ നഗരങ്ങള്‍ക്ക് പുറമെ ഇന്‍ഡോര്‍, ലഖ്നൗ, ജയ്പൂര്‍, കോയമ്പത്തൂര്‍ തുടങ്ങിയ രണ്ടാം നിര നഗരങ്ങളും ഐടി, സ്റ്റാര്‍ട്ടപ്പ് മേഖലയില്‍ വളര്‍ന്നു വരുന്നത് ശ്രദ്ധയമാണ്. 2030 ആകുമ്പോഴേക്കും ഇന്ത്യയിലെ ആകെ ഗ്രേഡ്-എ ഓഫീസ് വിസ്തീര്‍ണം 100 കോടി ചതുരശ്ര അടി കടക്കുമെന്നാണ് വിപണി വിദഗ്ധരുടെ പ്രവചനം.












Click it and Unblock the Notifications