ബെംഗളൂരുവിനേക്കാള്‍ നല്ലത് ഹൈദരാബാദ്? ടെക്കികള്‍ക്കിടയില്‍ പുതിയ ചര്‍ച്ച: ഇതാണ് കാരണങ്ങള്‍
ബെംഗളൂരുവില്‍ ഒരു ഭാഗത്ത് വലിയ നിര്‍മാണ പദ്ധതികളും ബഹുരാഷ്ട്ര കമ്പനികളുമൊക്കെ നഗര വികസനത്തിന്റെ വേഗം കൂട്ടുമ്പോള്‍ മറുഭാഗത്ത് അടിസ്ഥാന സൗകര്യങ്ങളുടെ പരിമിതിയും ഉയര്‍ന്ന ജീവിതച്ചെലവുമൊക്കെ വീണ്ടും ചര്‍ച്ചയാവുകയാണ്. സമൂഹ മാധ്യമങ്ങളില്‍ ഈ ചര്‍ച്ചയ്ക്കു വഴിതുറന്നത് സോഫ്റ്റ്വെയര്‍ എന്‍ജിനീയറുടെ സോഷ്യല്‍ മീഡിയ പോസ്റ്റാണ്. ബെംഗളൂരുവില്‍ നിന്നും ഹൈദരാബാദിലേക്ക് താമസം മാറിയ ശ്രേയ പ്രസാദ് എന്ന യുവതിയാണ് ബെംഗളൂരുവില്‍ ജനങ്ങള്‍ നേരിടുന്ന പ്രശ്‌നങ്ങളും വെല്ലുവിളികളും ചൂണ്ടിക്കാട്ടിയത്.
2025-ല്‍ തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനം എന്നാണ് ഹൈദരാബാദിലേക്കുള്ള മാറ്റത്തെ ശ്രേയ വിശേഷിപ്പിച്ചത്. ഇന്ത്യയുടെ സിലിക്കണ്‍ വാലി എന്നറിയപ്പെടുന്ന ബെംഗളൂരു തനിക്ക് കരിയറില്‍ വലിയ വളര്‍ച്ച നല്‍കിയെങ്കിലും, ദൈനംദിന ജീവിതം അങ്ങേയറ്റം ദുസഹമായിരുന്നുവെന്ന് ശ്രേയ പറയുന്നു. ഉൗബറിന്റെ ബെംഗളൂരുവിലെ ഓഫീസിലാണ് ശ്രേയ പ്രസാദ് ജോലി ചെയ്തിരുന്നത്. അടുത്തിടെ ഹൈദരാബാദ് യൂണിറ്റിലേക്കു സ്ഥലം മാറി. രണ്ട് നഗരങ്ങളിലും താമസിക്കുന്ന നിരവധി ഐടി പ്രൊഫഷണലുകളാണ് ശ്രേയയെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിക്കുന്നത്.

ബെംഗളൂരു നഗരറോഡുകളിലെ കുഴികള്‍, കുറഞ്ഞ ദൂരം സഞ്ചരിക്കാന്‍ പോലും വേണ്ടിവരുന്ന ദീര്‍ഘമായ സമയം, ടാക്‌സി ലഭിക്കാനുള്ള കാത്തിരിപ്പ്, ട്രാഫിക് കുരുക്ക്, വായു-ജല മലിനീകരണം, ഉയര്‍ന്ന ജീവിതച്ചെലവ്, സൂര്യപ്രകാശത്തിന്റെ അഭാവം എന്നിവയെല്ലാം തന്നെ മാനസികമായി തളര്‍ത്തിയിരുന്നതായി അവര്‍ പോസ്റ്റില്‍ പങ്കുവെച്ചു. 'ഒരു ക്യാബ് ബുക്ക് ചെയ്യാന്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്നതും കുഴികള്‍ നിറഞ്ഞ റോഡുകളിലൂടെയുള്ള യാത്രയും ബെംഗളൂരുവിലെ സാധാരണ കാഴ്ചകളാണ്. ഇത് എത്രത്തോളം നമ്മുടെ മാനസിക ഊര്‍ജ്ജം ചോര്‍ത്തുന്നുണ്ടെന്ന് ഞാന്‍ ഇവിടം വിട്ടു പോകുന്നതു വരെ തിരിച്ചറിഞ്ഞില്ല' - ശ്രേയ കുറിച്ചു.
ശ്രേയയുടെ പോസ്റ്റ് ഹൈദരാബാദിലെ ജീവിത നിലവാരത്തെക്കുറിച്ചും പുതിയൊരു ചര്‍ച്ചയ്ക്ക് തുടക്കമിട്ടു. ഒക്ടോബറില്‍ ഹൈദരാബാദിലേക്ക് മാറിയതോടെ തന്റെ ജീവിതം കൂടുതല്‍ ശാന്തവും ആരോഗ്യകരവുമായി മാറിയെന്ന് ശ്രേയ അവകാശപ്പെടുന്നു. ഹൈദരാബാദില്‍ വളരെ ചിട്ടയായ ട്രാഫിക് സംവിധാനമുണ്ട്. കൂടുതല്‍ മെച്ചപ്പെട്ട അടിസ്ഥാന സൗകര്യങ്ങളും ഹൈദരാബാദിലാണ്. ഇത് ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ശ്രേയയുടെ പോസ്റ്റ് ഇതിനകം മൂന്ന് ലക്ഷത്തോളം പേരാണ് കണ്ട് അഭിപ്രായങ്ങള്‍ പങ്കുവെച്ചത്.
പലരും ഈ അഭിപ്രായത്തോട് യോജിക്കുന്നുണ്ടെങ്കിലും, ബെംഗളൂരുവിനെ അനുകൂലിക്കുന്നവരും കുറവല്ല. ബെംഗളൂരുവിലെ മികച്ച കാലാവസ്ഥയും അവിടുത്തെ സ്റ്റാര്‍ട്ടപ്പ് സംസ്‌കാരവും മറ്റൊരു നഗരത്തിനും നല്‍കാനാവില്ലെന്നാണ് ഇവിടെ താമസിക്കുന്നവരുടെ വാദം. എന്നാല്‍, നഗരത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിച്ചുവരുന്ന ജനസംഖ്യയ്ക്ക് അനുസരിച്ചല്ല മുന്നോട്ട് പോകുന്നതെന്ന കാര്യത്തില്‍ ഭൂരിഭാഗം പേര്‍ക്കും ഒരേ അഭിപ്രായമാണ്. ഇവിടുത്തെ ദൈനംദിന ജീവിതം വളരെയധികം ക്ഷീണിപ്പിക്കുന്നതാണെന്നും പലരും അഭിപ്രായപ്പെടുന്നു.
ഹൈദരാബാദ് നഗരത്തിന്റെ ഭൂപ്രകൃതിയെയും അത് നന്നായി പരിപാലിക്കുന്ന പ്രാദേശിക ഭരണകൂടത്തെയും പലരും പ്രശംസിക്കുന്നു. തീപ്പെട്ടിക്കൂടു പോലെയുള്ള കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ മാത്രമല്ല, പച്ചപ്പിന്റെയും കൃത്യമായ സന്തുലിതാവസ്ഥ ഇവിടെ സംരക്ഷിക്കപ്പെടുന്നുണ്ട്.












Click it and Unblock the Notifications