ബെംഗളൂരിൽ കുറഞ്ഞ ചെലവിൽ താമസം ഇനി ചിന്തിക്കേണ്ട, പ്രോപ്പർട്ടി വില കുതിച്ചുയരും, റിപ്പോർട്ട്
ബെംഗളൂരുവിലെ റെസിഡൻഷ്യൽ പ്രോപ്പർട്ടി വിലകൾ അടുത്ത രണ്ട് വർഷത്തിനുള്ളിൽ 40 ശതമാനം വരെ ഉയർന്നേക്കാമെന്ന് കളിയേഴ്സ് ഇന്ത്യയുടെ റിപ്പോർട്ട്. മെട്രോ വികസനമാണ് ഈ വില വർധനവിന് പ്രധാന കാരണം. ആർ.വി. റോഡ് മുതൽ ബൊമ്മസാന്ദ്ര വരെയുള്ള യെല്ലോ ലൈനും, കലേന അഗ്രഹാരയെ നാഗവാരയുമായി ബന്ധിപ്പിക്കുന്ന പിങ്ക് ലൈനുമാണ് ഈ വളർച്ചയിൽ നിർണായക പങ്ക് വഹിക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.
യെല്ലോ ലൈൻ പ്രവർത്തനക്ഷമമായതോടെ ദക്ഷിണ ബെംഗളൂരുവിലെ ഇലക്ട്രോണിക് സിറ്റി, ഹോസൂർ റോഡ്, ബൊമ്മസാന്ദ്ര തുടങ്ങിയ പ്രധാന തൊഴിൽ കേന്ദ്രങ്ങളിലേക്കുള്ള യാത്ര വളരെ എളുപ്പമായിട്ടുണ്ട്. മെട്രോയുടെ വരവ് ഇലക്ട്രോണിക് സിറ്റിയിലെ പ്രോപ്പർട്ടി വിലകളിൽ ഏകദേശം 45 ശതമാനം വർദ്ധനവിന് കാരണമായി. മികച്ച കണക്റ്റിവിറ്റി പ്രഖ്യാപനം മുതൽ തന്നെയുണ്ടായ ഡിമാൻഡ് വർദ്ധനവാണ് ഈ ഉയർച്ചയ്ക്ക് കാരണം.

യെല്ലോ ലൈനിന്റെ പാതയിലുള്ള ബിടിഎം ലേഔട്ട്, ജയനഗർ തുടങ്ങിയ മറ്റ് പ്രദേശങ്ങളിലും കാര്യമായ വിലവർദ്ധനവ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുറഞ്ഞ യാത്രാ സമയവും നഗരത്തിലെ പ്രമുഖ ജോലിസ്ഥലങ്ങളിലേക്ക് വേഗത്തിൽ എത്താമെന്നതും ഈ മേഖലകളിലേക്ക് സാധാരണ ഉപഭോക്താക്കളെയും നിക്ഷേപകരെയും ഒരുപോലെ ആകർഷിക്കുന്നുണ്ട്. മെട്രോ വരുന്നതോടെ ഈ ഭാഗങ്ങളിലെ ജീവിതനിലവാരം ഉയരുമെന്ന പ്രതീക്ഷയും ഭവന ആവശ്യകത വർദ്ധിപ്പിക്കുന്നുണ്ട്.
കളേന അഗ്രഹാരയെ നാഗവാരയുമായി ബന്ധിപ്പിക്കുന്ന പിങ്ക് ലൈൻ 2026-നും 2027-നും ഇടയിൽ ഘട്ടംഘട്ടമായി പ്രവർത്തനസജ്ജമാകും. ഈ മെട്രോ ലൈൻ പൂർത്തിയാകുന്നതിനും മുമ്പുതന്നെ, ഇതിന്റെ ഇടനാഴിയിലുള്ള പ്രദേശങ്ങളിൽ ഭവന ആവശ്യകത ഗണ്യമായി ഉയർന്നിട്ടുണ്ട്. ബന്നാർഘട്ട റോഡ്, ജെ.പി. നഗർ എന്നിവയാണ് ഈ വളർച്ചയ്ക്ക് സാക്ഷ്യം വഹിക്കുന്ന പ്രധാന മൈക്രോ-മാർക്കറ്റുകൾ. ഈ പ്രദേശങ്ങളിലെ പ്രോപ്പർട്ടി വിലകളിൽ നിലവിൽ തന്നെ വർദ്ധനവ് ദൃശ്യമാണ്.
കഴിഞ്ഞ രണ്ട് വർഷത്തിനിടെ ഈ പ്രദേശങ്ങളിലെ പ്രോപ്പർട്ടി വിലകളിൽ യഥാക്രമം 35 ശതമാനം (ബന്നാർഘട്ട റോഡ്), 25 ശതമാനം (ജെ.പി. നഗർ) വരെ വർദ്ധന രേഖപ്പെടുത്തി. കൂടാതെ, ഭാവിയിൽ 20 മുതൽ 40 ശതമാനം വരെ കൂടുതൽ വളർച്ചയാണ് ഇവിടെ പ്രതീക്ഷിക്കുന്നത്. മെച്ചപ്പെട്ട ഗതാഗത സൗകര്യം പ്രയോജനപ്പെടുത്താനായി റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർ ഈ റൂട്ടിൽ പുതിയ പദ്ധതികൾ ആരംഭിക്കുന്നുണ്ട്.
ബെംഗളൂരുവിലെ റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വിപണിയെ രൂപപ്പെടുത്തുന്നതിൽ മെട്രോ കണക്റ്റിവിറ്റിക്ക് നിർണായക സ്വാധീനമുണ്ടെന്ന് കളിയേഴ്സ് ഇന്ത്യ ചൂണ്ടിക്കാട്ടുന്നു. പ്രധാന ഓഫീസ് ഹബുകളിൽ എളുപ്പത്തിൽ എത്താം എന്നത് മെട്രോ ലൈനുകൾക്ക് സമീപമുള്ള പ്രദേശങ്ങളിലെ ഭവന ആവശ്യകത വർധിപ്പിക്കുന്നുണ്ട്. യെല്ലോ ലൈൻ ദക്ഷിണ ബെംഗളൂരുവിന്റെ ഭവന ആകർഷണം ഇതിനകം വർദ്ധിപ്പിച്ച് കഴിഞ്ഞതായും റിപ്പോർട്ട് പറയുന്നു.
പിങ്ക് ലൈൻ നഗരത്തിന്റെ മധ്യ, തെക്കൻ ഭാഗങ്ങളിലേക്കും ഈ അനുകൂല പ്രവണത വ്യാപിപ്പിക്കുമെന്നാണ് വിലയിരുത്തൽ. പ്രധാന ഔട്ടർ റിംഗ് റോഡ് ഭാഗങ്ങളെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന ബ്ലൂ ലൈൻ ഉൾപ്പെടെ, വിവിധ ഘട്ടങ്ങളിലായി നിരവധി മെട്രോ ലൈനുകളാണ് നഗരത്തിൽ വികസിച്ചുകൊണ്ടിരിക്കുന്നത്. ഇത് ബെംഗളൂരുവിന്റെ ഗതാഗത ശൃംഖലയെ കൂടുതൽ വിപുലീകരിക്കും. ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുന്നതിനനുസരിച്ച്, മെട്രോ ഇടനാഴികളിലുടനീളം റെസിഡൻഷ്യൽ ആവശ്യകത ശക്തമായി തുടരുമെന്ന് റിപ്പോർട്ട് പ്രവചിക്കുന്നു. അടുത്ത രണ്ട് വർഷത്തിനുള്ളിൽ തിരഞ്ഞെടുത്ത മൈക്രോ-മാർക്കറ്റുകളിൽ പ്രോപ്പർട്ടി വിലകൾ 40 ശതമാനം വരെ ഉയരാൻ ഇത് വഴിയൊരുക്കിയേക്കാം എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.












Click it and Unblock the Notifications