ബെംഗളൂരുവിൽ എത്ര ശമ്പളം കിട്ടിയിട്ടും തികയുന്നില്ലേ? സിഎക്കാരി ചെയ്തത് ഇതാണ്, ഉപദേശവും
മികച്ച ജോലി, ഉയർന്ന ലൈഫ്‌സ്റ്റൈൽ , ഉയർന്ന ശമ്പളം എന്നിവയാണ് സാമ്പത്തിക സുരക്ഷിതത്വത്തിന്റെ അടയാളങ്ങളായി പലപ്പോഴും കണക്കാക്കുന്നത്. എന്നാൽ നന്നായി ശമ്പളം വാങ്ങുന്നു എന്നത് കൊണ്ട് മാത്രം ഒരാൾക്ക് ദീർഘകാല സാമ്പത്തിക ഭദ്രത ഉറപ്പാക്കാൻ സാധിക്കുമോ? ഇല്ലെന്നാണ് ധനകാര്യ വിദഗ്ധർ പറയുന്നത്. ജീവിതച്ചെലവുകളുടെ വർദ്ധനവ്, അനാവശ്യ ചിലവുകൾ, നിയന്ത്രണമില്ലാത്ത ഷോപ്പിംഗ് ശീലം, ഇഎംഐ ബാധ്യതകൾ, സമ്പാദ്യത്തിലെ സ്ഥിരതയില്ലായ്മ എന്നിവയാണ് ഇന്ന് പല പ്രൊഫഷണലുകളെയും സാമ്പത്തിക സുരക്ഷിതത്വത്തിൽ നിന്ന് അകറ്റുന്നതെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.
അതുകൊണ്ടുതന്നെ മികച്ച ബഡ്ജറ്റിംഗ്, ചിട്ടയായ സമ്പാദ്യശീലം, ദീർഘകാല നിക്ഷേപങ്ങൾ, ഭാവിയെ മുൻനിർത്തിയുള്ള സാമ്പത്തിക ആസൂത്രണം എന്നിവയുടെ പ്രാധാന്യം ഇവർ ഊന്നി പറയുന്നു. ഇപ്പോഴിതാ തൻ്റെ അനുഭവത്തിലൂടെ ഇതിനെ ശരിവെയ്ക്കുകയാണ് ബെംഗളൂരു ആസ്ഥാനമായ ചാർട്ടേഡ് അക്കൗണ്ടന്റ് മീനൽ ഗോയൽ. ഇത് സംബന്ധിച്ച മീനലിൻ്റെ കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുണ്ട്. സ്വന്തം ജീവിതത്തിൽ നടന്ന സാമ്പത്തിക മാറ്റങ്ങളെയും അതിലൂടെ പഠിച്ച പ്രധാന പാഠങ്ങളെ കുറിച്ചും അവർ ലിങ്ക്ഡ്ഇനിൽ പങ്കുവെച്ചു.26-ാം വയസിൽ തനിക്ക് മികച്ച ശമ്പള വർദ്ധനവ് ലഭിച്ചതിനെ കുറിച്ച് അവർ പങ്കിട്ടിട്ടുണ്ട്. ആ സമയത്ത് കൂടുതൽ വരുമാനം ലഭിക്കുന്നത് സാമ്പത്തിക സുരക്ഷിതത്വത്തിലേക്കുള്ള വലിയ ചുവടുവെയ്പ്പായി തോന്നിയെന്നാണ് അവർ പറയുന്നത്.

എന്നാൽ, ശമ്പളം ഉയർന്നതോടെ ജീവിതശൈലിയിലും വലിയ മാറ്റങ്ങൾ സംഭവിച്ചു. മുമ്പ് നിയന്ത്രിച്ചിരുന്ന ചിലവുകൾ ക്രമേണ വർദ്ധിച്ചു. മികച്ച റെസ്റ്റോറന്റുകളിൽ ഭക്ഷണം കഴിക്കുന്നത് പതിവായി. ഓൺലൈൻ ഷോപ്പിംഗ് വർദ്ധിച്ചു. പൊതുഗതാഗതത്തിന് പകരം ക്യാബ് യാത്രകൾ കൂടുതൽ തിരഞ്ഞെടുക്കാൻ തുടങ്ങി. അതിനൊപ്പം ഇഎംഐ ബാധ്യതകളും കൂട്ടി. ആദ്യം ഇതെല്ലാം ചെറിയ മാറ്റങ്ങളായി തോന്നിയെങ്കിലും, വരുമാന വർദ്ധനവിനൊപ്പം ചെലവുകളും അതേ വേഗത്തിൽ ഉയരുകയായിരുന്നുവെന്ന് പിന്നീട് തിരിച്ചറിഞ്ഞുവെന്ന് അവർ പറയുന്നു.
കൂടുതൽ സമ്പാദിക്കുന്നതിനാൽ കൂടുതൽ ചെലവഴിക്കുന്നതിൽ പ്രശ്നമില്ലെന്ന തോന്നലാണ് ഈ ഘട്ടത്തിൽ പലർക്കും ഉണ്ടാകുകയെന്ന് മീനൽ ഗോയൽ പറയുന്നു. എന്നാൽ യാഥാർത്ഥ്യത്തിൽ നമ്മുടെ സമ്പാദ്യത്തെ അത് നേരിട്ട് ബാധിക്കുന്നുണ്ട്. ശമ്പളം ഉയർന്നിട്ടും മാസാവസാനത്തിൽ കൈയ്യിൽ ഒന്നുമില്ലാത്ത അവസ്ഥയാണ് പലപ്പോഴും നേരിടാറുള്ളത്.വർഷാവസാനം ബാങ്ക് ബാലൻസ് പരിശോധിച്ചപ്പോഴാണ് ഈ യാഥാർത്ഥ്യം വ്യക്തമായതെന്നും അവർ പറയുന്നു. മികച്ച ശമ്പളവും സ്ഥിരമായ വരുമാനവും ഉണ്ടായിരുന്നിട്ടും സാമ്പത്തിക വളർച്ച പ്രതീക്ഷിച്ചതുപോലെ ഉണ്ടായിരുന്നില്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
ഇതോടെയാണ് ഒരു പ്രധാന സാമ്പത്തിക പാഠം തനിക്ക് മനസ്സിലായതെന്ന് മീനൽ ഗോയൽ പറയുന്നു. പല പ്രൊഫഷണലുകളും സാമ്പത്തികമായി ബുദ്ധിമുട്ടുന്നത് കുറഞ്ഞ വരുമാനം കൊണ്ടല്ല. മറിച്ച്, ഓരോ ശമ്പള വർദ്ധനവിനും പിന്നാലെ ജീവിതനിലവാരം ഉയർത്താനുള്ള ശീലമാണ് യഥാർത്ഥ പ്രശ്നമെന്നാണ് അവർ ചൂണ്ടിക്കാട്ടുന്നത്. കൂടുതൽ വരുമാനം ലഭിക്കുന്നതോടെ ആളുകൾ ഉടൻ തന്നെ കൂടുതൽ ചെലവേറിയ ജീവിതരീതിയിലേക്ക് മാറുന്നു. എന്നാൽ അതേ സമയം സമ്പാദ്യത്തിനും നിക്ഷേപങ്ങൾക്കും വേണ്ട പ്രാധാന്യം നൽകാതെ പോകുന്നു.
ഇത് ദീർഘകാല സാമ്പത്തിക സ്ഥിരതയെ ബാധിക്കുന്ന വലിയ കാര്യമാണെന്നും അവർ മുന്നറിയിപ്പ് നൽകി. ഇന്ന് നിരവധി യുവ പ്രൊഫഷണലുകൾ നല്ല ശമ്പളം ലഭിച്ചിട്ടും സാമ്പത്തിക സമ്മർദ്ദങ്ങൾ നേരിടുന്നതിന്റെ പ്രധാന കാരണം ഇതാണെന്നും മീനൽ ഗോയൽ അഭിപ്രായപ്പെടുന്നു. വരുമാനം വർദ്ധിക്കുന്നതിനെക്കാൾ പ്രധാനമാണ് പണം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതെന്ന് അവർ പറഞ്ഞു.
ഇതിൽ നിന്നും താൻ എങ്ങനെ പുറത്ത് കടന്നുവെന്നതിനെ കുറിച്ചും അവർ പങ്കുവെച്ചു. ഒരു ഓരോ ശമ്പള വർദ്ധനവിന്റെയും ഒരു ഭാഗം ആദ്യം നിക്ഷേപങ്ങൾക്കും സമ്പാദ്യത്തിനുമായി മാറ്റിവെക്കണം. അതിന് ശേഷമുള്ള തുക ഉപയോഗിച്ചായിരിക്കണം ജീവിതനിലവാരം മെച്ചപ്പെടുത്തേണ്ടത്. സാധാരണയായി ആളുകൾ ആദ്യം ചെലവുകൾ കൂട്ടുകയും പിന്നീട് ബാക്കിയുള്ളതിൽ നിന്ന് സമ്പാദിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ ഈ രീതിയാണ് സാമ്പത്തിക വളർച്ചയെ തടയുന്നതെന്ന് അവർ പറയുന്നു.
യഥാർത്ഥ സാമ്പത്തിക വിജയം കൂടുതൽ സമ്പാദിക്കുന്നതിൽ മാത്രമല്ലെന്നും, ലഭിക്കുന്ന വരുമാനം എങ്ങനെ ദീർഘകാലത്തേക്ക് നിലനിർത്തുകയും വളർത്തുകയും ചെയ്യുന്നു എന്നതിലാണെന്നും മീനൽ ഗോയൽ ഓർമ്മിപ്പിക്കുന്നു. സാമ്പത്തിക സുരക്ഷിതത്വം എന്നത് വലിയ ശമ്പളം മാത്രമല്ല, മറിച്ച് ചെലവ് നിയന്ത്രിക്കുന്ന ശീലങ്ങളും ബോധപൂർവമായ നിക്ഷേപങ്ങളും ഭാവിയെ മുൻനിർത്തിയുള്ള സാമ്പത്തിക ആസൂത്രണവുമാണെന്നാണ് അവരുടെ അഭിപ്രായം.












Click it and Unblock the Notifications