ബെംഗളൂരിൽ 70 ലക്ഷം ശമ്പളം വാങ്ങുന്നു, പക്ഷെ സമ്പാദ്യമില്ലെന്ന് ..'ഇതെന്ത് ജീവിതം'
ഉയർന്ന ശമ്പളം ഉണ്ടായിട്ടും സമ്പാദ്യമില്ലെന്ന് പറഞ്ഞാലോ? ബെംഗളൂരുവിലെ ജീവിതച്ചെലവുകളെക്കുറിച്ചുള്ള പുതിയൊരു ചർച്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഇൻഫ്ലുവൻസറും എഴുത്തുകാരനുമായ അങ്കുർ വാരിക്കോ പങ്കുവെച്ച ഒരു റെഡ്ഡിറ്റ് പോസ്റ്റാണ് ഈ ചർച്ചയ്ക്ക് തുടക്കം കുറിച്ചത്. പ്രതിവർഷം 70 ലക്ഷം രൂപ വരുമാനമുള്ള ഒരാൾക്കുപോലും കാര്യമായ സമ്പാദ്യമില്ലെന്നാണ് പോസ്റ്റിൽ പറയുന്നത്.
പോസ്റ്റിൽ പറയുന്ന വ്യക്തിക്ക് പ്രതിമാസം ഏകദേശം 5.8 ലക്ഷം രൂപ വരുമാനമുണ്ട്. എന്നാൽ നികുതികൾ കിഴിച്ചാൽ കൈയിൽ ലഭിക്കുന്നത് ഏകദേശം 4.1 ലക്ഷം രൂപ മാത്രമാണ്. അതായത് ഏകദേശം 20 ലക്ഷം രൂപ വാർഷിക നികുതി വരും. ഇനി പ്രധാന ചെലവുകളിലേക്ക് നോക്കാം.

പ്രതിമാസ ഭവന വായ്പ ഗഡുവായി 1.7 ലക്ഷം രൂപയും വാഹന വായ്പയ്ക്ക് 65,000 രൂപയും വരും. കുട്ടികളുടെ സ്കൂൾ ഫീസിന് 50,000 രൂപയും വീട്ടുജോലിക്കാർക്ക് 15,000 രൂപയും നൽകണം. ഈ ചെലവെല്ലാം കഴിഞ്ഞാൽ കൈയ്യിൽ ബാക്കിയാവുക ഒരു ലക്ഷം രൂപ മാത്രം.
ഇതിന് പുറമെ പലചരക്ക് സാധനങ്ങൾക്കായി 30,000 രൂപ, ഇന്ധനവും യൂട്ടിലിറ്റി ബില്ലുകൾക്കും 25,000 രൂപ, അവധിക്കാലത്തേക്ക് വേണ്ടി 15,000 രൂപ, ഭക്ഷണവും ഷോപ്പിംഗും ഉൾപ്പെടെയുള്ള ചെലവുകൾക്കായി മറ്റൊരു 15,000 രൂപയും ചെലവാകുന്നുവെന്ന് പോസ്റ്റിൽ പറയുന്നു. ഇതോടെ മാസാവസാനം കാര്യമായ സമ്പാദ്യമൊന്നും ബാക്കി വരാത്ത അവസ്ഥയാണെന്ന്.
ഇതിനെ മധ്യവർഗ്ഗ ജീവിതമെന്ന് ചിലർ വിശേഷിപ്പിച്ചേക്കാമെങ്കിലും തൻ്റെ കാഴ്ചപ്പാടിൽ ഇത് തെറ്റായ സാമ്പത്തിക ആസൂത്രണമാണിതെന്നാണ് വാരിക അഭിപ്രായപ്പെട്ടത്. അതായത് 70 ലക്ഷം രൂപ വരുമാനമുള്ള ഒരാൾക്ക് സമ്പാദ്യമുണ്ടാകുമെന്നാണ് പലരും കരുതുക. പക്ഷേ യാഥാർത്ഥ്യം എല്ലായ്പ്പോഴും അങ്ങനെയല്ലെന്നും അദ്ദേഹം കുറിച്ചു.
സാമ്പത്തിക വിദഗ്ധർ സാധാരണയായി ശുപാർശ ചെയ്യുന്നത് 50/30/20 നിയമമാണ്. അതായത്, വരുമാനത്തിന്റെ 50 ശതമാനം അത്യാവശ്യ ചെലവുകൾക്കായി, 30 ശതമാനം ജീവിതശൈലി ചെലവുകൾക്കായി, ശേഷിക്കുന്ന 20 ശതമാനം സമ്പാദ്യത്തിനും നിക്ഷേപങ്ങൾക്കുമായി മാറ്റിവെക്കണമെന്നാണ് നിർദേശം.അതേസമയം പോസ്റ്റിന് താഴെ വിമർശിച്ചും അനുകൂലിച്ചുമെല്ലാം കമൻ്റുകൾ നിറയുകയാണ്.ചെലവാക്കുന്നതിനെ ചിലർ കുറ്റപ്പെടുത്തുമ്പോൾ അദ്ദേഹത്തിൻ്റേതാണ് ജീവിതം എന്നാണ് ചിലരുടെ കാഴ്ചപ്പാട്.
"അദ്ദേഹം വെറുതെ പണം ചെലവാക്കുന്നില്ല. വീടും വാഹനവും പോലുള്ള ആസ്തികളിലേക്കാണ് നിക്ഷേപം. ജീവിതം ആസ്വദിക്കാനും അദ്ദേഹം സമയം കണ്ടെത്തുന്നുണ്ട്. 20 വർഷങ്ങൾക്ക് ശേഷം ഈ ആസ്തികൾ മുഴുവനായും അദ്ദേഹത്തിന്റേതാകും," എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്.
നമ്മൾ SIP-കളിലും സമ്പാദ്യങ്ങളിലും മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ, അദ്ദേഹം കുടുംബത്തോടൊപ്പം യാത്രകളും ജീവിതാനുഭവങ്ങളും ആസ്വദിക്കുന്നു. ആ നിലയ്ക്ക് നോക്കുമ്പോൾ വിജയി അദ്ദേഹം തന്നെയാണ്'എന്നാണ് മറ്റൊരു കുറിപ്പ്.
ഉയർന്ന വരുമാനം മാത്രം സാമ്പത്തിക സ്വാതന്ത്ര്യത്തിന് മതിയാകില്ലെന്നും, ജീവിതശൈലി തിരഞ്ഞെടുപ്പുകളും സാമ്പത്തിക ആസൂത്രണവും അത്രത്തോളം നിർണായകമാണെന്നും ചിലർ ഓർമ്മപ്പെടുത്തുന്നുണ്ട്.












Click it and Unblock the Notifications