ബെംഗളൂരു-കൽബുർഹി വിമാന സർവീസ് വീണ്ടും; ജൂൺ 10 മുതൽ ദിവസേന പറക്കും, യാത്രക്കാർക്ക് ആശ്വാസം
എട്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം കൽബുർഗി-ബെംഗളൂരു വിമാന സർവീസ് വീണ്ടും ആരംഭിക്കുന്നു. ജൂൺ 10 മുതൽ സർവീസ് പുനരാരംഭിക്കുമെന്ന് കൽബുർഗി വിമാനത്താവള ഡയറക്ടർ കിഷോർ കിള്ളംപള്ളി അറിയിച്ചു. വിമാന സർവീസ് നടത്തുന്ന കമ്പനിക്ക് സംസ്ഥാന സർക്കാർ സാമ്പത്തിക പിന്തുണ നൽകിയതോടെയാണ് സർവീസ് വീണ്ടും തുടങ്ങാനുള്ള തീരുമാനം കൈക്കൊണ്ടത്.
വടക്കൻ കർണാടകയെയും സംസ്ഥാന തലസ്ഥാനമായ ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന പ്രധാന വ്യോമപാതയാണിത്. സ്റ്റാർ എയറാണ് റൂട്ടിൽ സർവീസ് നടത്തുക. 76 സീറ്റുകളുള്ള എംബ്രയർ 175 (E175) വിമാനമാണ് ഇതിനായി ഉപയോഗിക്കുന്നത്. ദിവസേന സർവീസ് നടത്താനാണ് കമ്പനിയുടെ തീരുമാനം.

പുതുക്കിയ സമയക്രമം അനുസരിച്ച് വിമാനം രാവിലെ 6.30ന് ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 7.40ന് കൽബുർഗിയിലെത്തും. 30 മിനിറ്റത്തെ ഇടവേളയ്ക്കുശേഷം രാവിലെ 8.10ന് കൽബുർഗിയിൽ നിന്ന് ബെംഗളൂരുവിലേക്ക് മടക്കയാത്ര നടത്തും. ബിസിനസ് ആവശ്യങ്ങൾക്കും ഔദ്യോഗിക യാത്രകൾക്കും അടിയന്തര ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്നവർക്ക് ഈ സമയക്രമം ഏറെ പ്രയോജനകരമാകുമെന്നാണ് വിലയിരുത്തൽ.
2025 ഒക്ടോബർ 8 മുതലാണ് ഈ റൂട്ടിലെ വിമാന സർവീസ് നിർത്തിവെച്ചത്. സർവ്വീസ് അവസാനിച്ചതിന് ശേഷം വിമാനത്താവളത്തിൽ ഹെലികോപ്റ്റർ സർവീസുകളും ചില ചാർട്ടേഡ് വിമാനങ്ങളും മാത്രമായിരുന്നു പ്രവർത്തിച്ചിരുന്നത്. സർവീസ് പുനരാരംഭിക്കുന്നതിന് മുന്നോടിയായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) ഉദ്യോഗസ്ഥർ വിമാനത്താവളത്തിൽ വിശദമായ പരിശോധന നടത്തിയിരുന്നു. സാങ്കേതിക സംവിധാനങ്ങളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തിയ ശേഷമാണ് വിമാന സർവീസുകൾക്ക് അനുമതി നൽകിയത്.
സർവീസ് നിർത്തിവച്ചിരുന്ന കാലയളവിൽ വിമാനത്താവളത്തിൽ വിവിധ വികസന പ്രവർത്തനങ്ങളും നടപ്പാക്കി. മൂന്ന് കിലോമീറ്റർ നീളമുള്ള റൺവേ നവീകരിക്കുകയും വിമാനത്താവളത്തിലേക്കുള്ള ഒൻപത് കിലോമീറ്റർ ദൈർഘ്യമുള്ള ആക്സസ് റോഡ് വികസിപ്പിക്കുകയും ചെയ്തു. റോഡുകളിൽ പുതിയ തെരുവുവിളക്കുകൾ സ്ഥാപിച്ചതോടെ യാത്രക്കാരുടെ സുരക്ഷയും യാത്രാസൗകര്യവും മെച്ചപ്പെടുമെന്നാണ് അധികൃതർ പറയുന്നത്.
വിമാന യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനായി കർണാടക സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (കെകെആർടിസി) പ്രത്യേക ബസ് സർവീസും ഏർപ്പെടുത്തും. രാവിലെ 5.30ന് നഗരത്തിൽ നിന്ന് വിമാനത്താവളത്തിലേക്ക് പ്രത്യേക ബസ് സർവീസ് നടത്തും. മടക്കയാത്രയ്ക്കായി രാവിലെ 8.15ന് വിമാനത്താവളത്തിൽ നിന്ന് നഗരത്തിലേക്കും ബസ് സർവീസ് ലഭ്യമാക്കും.
വിമാനത്താവളത്തിൽ യാത്രക്കാർക്ക് കൂടുതൽ സൗഹൃദപരമായ അന്തരീക്ഷം ഒരുക്കുന്നതിന്റെ ഭാഗമായി ടെർമിനലിനുള്ളിൽ 'ഫ്ലൈബ്രറി' എന്ന പേരിൽ ഒരു ലൈബ്രറി ആരംഭിക്കാനും പദ്ധതിയുണ്ട്. യാത്രക്കാർക്കിടയിൽ വായനാശീലം പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം.
കൽബുർഗി വിമാനത്താവളത്തിന്റെ വളർച്ച വ്യക്തമാക്കുന്ന കണക്കുകളും ശ്രദ്ധേയമാണ്. 2020 മുതൽ 2025 വരെയുള്ള കാലയളവിൽ ഈ റൂട്ടിൽ മാത്രം 5,792 വിമാന സർവീസുകളാണ് നടത്തിയത്. ഇതിലൂടെ 2.83 ലക്ഷത്തിലധികം യാത്രക്കാർ യാത്ര ചെയ്തു. യാത്രക്കാരുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ മുംബൈ, ഡൽഹി, തിരുപ്പതി, ഗോവ തുടങ്ങിയ നഗരങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കണമെന്ന ആവശ്യവും ശക്തമാകുകയാണ്.












Click it and Unblock the Notifications