കള്ളന്മാർക്ക് പണമോ സ്വർണമോ വേണ്ട, വീട്ടിൽ നിന്ന് അടിച്ച് മാറ്റിയത് ഗ്യാസ് സിലിണ്ടർ, ഞെട്ടിച്ച് സിസിടിവി ദൃശ്യം
രാജ്യത്ത് പാചകവാതക ക്ഷാമം രൂക്ഷമായിരിക്കുകയാണ്. വീടുകളിലേയും ഹോട്ടലുകളിലേയും അടക്കം അടുക്കളകൾ പ്രതിസന്ധിയിലാണ്. ഗ്യാസ് സിലിണ്ടറുകൾക്ക് ഡിമാൻഡ് വലിയ തോതിൽ കൂടിയിരിക്കുകയാണ് ഇന്ന്.
അതിനിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഗ്യാസ് സിലിണ്ടർ മോഷണ വാർത്തകളാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ബെംഗളൂരുവിലെ വീട്ടിൽ നിന്നും കള്ളൻ ഗ്യാസ് സിലിണ്ടർ മോഷ്ടിച്ചു. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. മാരത്തഹള്ളി മേഖലയിലെ ഗോവിന്ദപുരയിൽ നിന്നുള്ള ഈ ഞെട്ടിക്കുന്ന സംഭവം ഏതാനും നിമിഷങ്ങൾക്കുള്ളിലാണ് നടന്നതെന്ന് സിസിടിവി ദൃശ്യങ്ങൾ വ്യക്തമാക്കുന്നു.
മിനുറ്റുകൾക്കുള്ളിലാണ് ഗ്യാസ് സിലിണ്ടർ കൈക്കലാക്കി കള്ളൻ കടന്ന് കളഞ്ഞത്. റിപ്പോർട്ടുകൾ പ്രകാരം വീടിന്റെ താഴത്തെ നിലയിൽ വെച്ചിരുന്ന ഗ്യാസ് സിലിണ്ടറാണ് കള്ളൻ കവർന്നത്. സിസിടിവി ഫൂട്ടേജിൽ പ്രതി വളരെ ജാഗ്രതയോടെ വീടിനെ സമീപിക്കുന്നതും ചുറ്റുപാടുകൾ സൂക്ഷ്മമായി നിരീക്ഷിക്കുന്നതും വെറും നിമിഷങ്ങൾക്കുള്ളിൽ സിലിണ്ടർ എടുത്ത് വേഗത്തിൽ ഓടിപ്പോകുന്നതും വ്യക്തമായി കാണാം.

വീടുകളുടെ താഴത്തെ നിലയിൽ ഗ്യാസ് സിലിണ്ടർ വെക്കുന്നത് പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു. സിസിടിവി ദൃശ്യങ്ങൾ ഏതാനും സെക്കൻഡുകൾ മാത്രമുള്ളതാണെങ്കിലും മോഷണത്തിന്റെ ഓരോ ഘട്ടവും ഇതിൽ പൂർണ്ണമായും പതിഞ്ഞിട്ടുണ്ട്. ഗോവിന്ദ്പൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. മോഷ്ടാവിനെ തിരിച്ചറിയുന്നതിനായി പോലീസ് ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണ്. മുഖം മറച്ചതും അതിവേഗം രക്ഷപ്പെട്ടതും പ്രതിയെ കണ്ടെത്താനുള്ള പോലീസിന്റെ ശ്രമങ്ങൾക്ക് വെല്ലുവിളിയാണ്.
ക്ഷാമം തുടരുകയാണെങ്കിൽ ഇത്തരം മോഷണങ്ങൾ വർധിക്കാൻ സാധ്യതയുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. താഴത്തെ നിലകളിലും ബാൽക്കണികളിലും തുറന്ന സ്ഥലങ്ങളിലും വെച്ചിരിക്കുന്ന സിലിണ്ടറുകൾ എളുപ്പത്തിൽ മോഷണത്തിന് ഇരയാകാൻ സാധ്യതയുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. സിലിണ്ടറുകൾ വീടിനകത്തോ സുരക്ഷിതമായ സ്ഥലത്തോ സൂക്ഷിക്കാൻ പോലീസ് ആവശ്യപ്പെട്ടു. പ്രവർത്തനക്ഷമമായ സിസിടിവി സംവിധാനങ്ങൾ സ്ഥാപിക്കാനും സംശയകരമായ എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടനടി പോലീസിനെ അറിയിക്കാനും അധികൃതർ നിർദേശിച്ചിട്ടുണ്ട്.












Click it and Unblock the Notifications