ബെംഗളൂരിൽ സ്വന്തമായി ഫ്ലാറ്റ് വാങ്ങാൻ പ്ലാനുണ്ടോ?; വാങ്ങിക്കുടുങ്ങിയ അനുഭവം പങ്കിട്ട് യുവാവ്
ബെംഗളൂരിൽ സ്വന്തമായൊരു ഫ്ലാറ്റ്, നഗരത്തിൽ ജോലി ചെയ്യുന്നവരുടെ വലിയ ആഗ്രഹമായിരിക്കും അത്. എന്നാൽ അത് അത്ര എളുപ്പമാണോ? അല്ലെന്നാണ് ബെംഗളൂരിൽ സ്വന്തമായൊരു ഫ്ലാറ്റ് സ്വന്തമാക്കിയ യുവാവ് പറയുന്നത്. ഇദ്ദേഹത്തിൻ്റെ സോഷ്യൽ മീഡിയ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു. "സ്വന്തമായി വീട്" എന്ന സ്വപ്നത്തിന് പിന്നിലെ യാഥാർത്ഥ്യങ്ങൾ പലരും പറയാറില്ലെന്നാണ് ഇദ്ദേഹം പറഞ്ഞത്. ഫ്ലാറ്റിലെ ഒരു വർഷത്തെ അനുഭവവും യുവാവ് പങ്കുവെച്ചു.
ഫ്ലാറ്റ് വാങ്ങുന്ന സമയത്തുതന്നെ പ്രശ്നങ്ങളും തുടങ്ങും എന്നാണ് ഇദ്ദേഹം പറയുന്നത്. സബ്-രജിസ്ട്രാർ ഓഫീസിൽ കൈക്കൂലി കൊടുക്കേണ്ടി വന്നതായും ആദ്യമായി വീട് വാങ്ങുന്നവരെ പല ബിൽഡർമാരും "സർക്കിൾ റേറ്റ്" കുറച്ച് കാണിച്ച് കബളിപ്പിക്കാറുണ്ടെന്നും അദ്ദേഹം ആരോപിച്ചു. സ്റ്റാമ്പ് ഡ്യൂട്ടി കുറയുമെന്ന് പറഞ്ഞ് പിന്നീട് പലർക്കും ഇത് വലിയ നഷ്ടമാകുന്ന അവസ്ഥയാണെന്നും യുവാവ് പോസ്റ്റിൽ പറഞ്ഞു.

ഫ്ലാറ്റിലെ ദിവസേനയുള്ള പ്രശ്നങ്ങളും ഇദ്ദേഹം വിശദമായി പങ്കുവെച്ചു. ടാങ്കർ വെള്ളത്തിനുള്ള പണം നൽകുന്നതിനെച്ചൊല്ലി താമസക്കാരിൽ സ്ഥിരം തർക്കം ഉണ്ടാകാറുണ്ട്. മാസം 1500 രൂപ മെയിന്റനൻസ് കൊടുക്കുമ്പോൾ അതിൽ എല്ലാം ഉൾപ്പെടണം എന്ന നിലപാടിലാണ് പലരും. പക്ഷേ രണ്ട് മാസമായി ടാങ്കർ വെള്ളം എത്തിച്ച ആളിന് പണം കൊടുക്കാനുണ്ടെന്നും,ആരും ഉത്തരവാദിത്വം എടുക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിന് പുറമെ, കുരങ്ങുകൾ വന്ന് വെള്ളപ്പൈപ്പുകൾ തകർക്കുന്നതും വലിയ പ്രശ്നമാണത്രേ. പൈപ്പ് പൊട്ടിയാൽ 20-25 മിനിറ്റ് വെള്ളം പൂർണമായി നിർത്തേണ്ടിവരും. ചെറിയ കാര്യങ്ങൾ പോലും താമസക്കാരുടെ ജീവിതത്തെ എത്രത്തോളം ബാധിക്കുമെന്നത് ഇതിലൂടെ മനസ്സിലാക്കാമെന്ന് ഇയാൾ പറയുന്നു.
വൈദ്യുതി സംവിധാനവും മോശം അവസ്ഥയിലാണെന്നാണ് പോസ്റ്റിൽ പറയുന്നത്. നിലവിലുള്ള ട്രാൻസ്ഫോർമറിന് മുഴുവൻ ഫ്ലാറ്റുകളുടെയും ലോഡ് ഒരുമിച്ച് കൈകാര്യം ചെയ്യാൻ കഴിയുന്നില്ല. പുതിയ ട്രാൻസ്ഫോർമർ വെക്കാൻ ഏകദേശം 5 ലക്ഷം രൂപ വേണമെങ്കിലും, അതിന് പണം കണ്ടെത്തുന്നതിൽ താമസക്കാർ തമ്മിൽ കുറ്റപ്പെടുത്തലും രാഷ്ട്രീയം പറച്ചിലും മാത്രമാണെന്നാണ് ആരോപണം. തീരുമാനം എടുക്കാൻ പോലും മാസങ്ങൾ പോകുന്ന അവസ്ഥയാണെന്നും അദ്ദേഹം പറയുന്നു.
ഇതിനൊക്കെ മുകളിൽ ഇഎംഐയുടെ മാനസിക സമ്മർദ്ദവും വലിയ ഭാരം തന്നെയാണെന്ന് ഇയാൾ തുറന്ന് പറഞ്ഞു. "ഇഎംഐ കുറവായാലും അത് കഴുത്തിൽ കെട്ടിയിരിക്കുന്ന ഒരു കുരുക്കുപോലെയാണ്. അത് അയഞ്ഞിരിക്കാം, പക്ഷേ അത് അവിടെ തന്നെയുണ്ടാകും," എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.
എന്നാൽ ഇത്രയും ബുദ്ധിമുട്ടുകൾക്കിടയിലും ഒരു ആശ്വാസമുണ്ടെന്നാണ് അദ്ദേഹം പറയുന്നത് - ഇഎംഐ അടച്ചു തീർന്നാൽ മാതാപിതാക്കൾക്ക് വാർദ്ധക്യത്തിൽ താമസിക്കാൻ സ്വന്തം ഒരു വീടെങ്കിലും ഉണ്ടാകും എന്ന വിശ്വാസം. ആളുകൾ സോഷ്യൽ മീഡിയയിൽ കാണുന്ന 'ഡ്രീം ഹോം' കഥകൾക്കു പിന്നിലെ യഥാർത്ഥ ജീവിതം പറയാനായിരുന്നു തന്റെ പോസ്റ്റെന്നും അദ്ദേഹം വ്യക്തമാക്കി.
പോസ്റ്റ് വൈറലായതോടെ നിരവധി ആളുകൾ സ്വന്തം അനുഭവങ്ങളും പങ്കുവെച്ചു. "ടയർ-1 നഗരങ്ങളിലെ പല ബിൽഡർമാരും അമിത ലാഭലോഭികളാണ്. ബംഗളൂരു ഇപ്പോൾ വേറെ ലെവലായി," എന്നായിരുന്നു ഒരാൾ പ്രതികരിച്ചത്. മ"ചെറിയ അപ്പാർട്ട്മെന്റുകളിൽ ഫ്ലാറ്റ് വാങ്ങുന്നത് പലപ്പോഴും നഷ്ടമാണ്. പണം കൂട്ടി നല്ല ഗേറ്റഡ് കമ്മ്യൂണിറ്റിയിൽ വാങ്ങുക, അല്ലെങ്കിൽ വാടകയ്ക്ക് തുടരുക," എന്നായിരുന്നു മറ്റൊരാളുടെ ഉപദേശം.
മറ്റൊരാൾ അസോസിയേഷൻ രാഷ്ട്രീയത്തെക്കുറിച്ചും തുറന്ന് പറഞ്ഞു. "ഞങ്ങളുടെ സൊസൈറ്റിയിലും ഇതേ അവസ്ഥയാണ്. അസോസിയേഷനെതിരെ സംസാരിച്ചാൽ കോടതി കേസ് പറയുന്ന പ്രസിഡന്റുമാർ വരെ ഉണ്ട്," എന്നായിരുന്നു ആ കമന്റ്. എന്തായാലും സ്വന്തമായി വീട് വാങ്ങിയാൽ മാത്രം പോര, അതിന് ശേഷം വരുന്ന മാനസിക സമ്മർദ്ദം, സാമ്പത്തിക ബാധ്യത, താമസക്കാരുടെ രാഷ്ട്രീയം, അടിസ്ഥാന സൗകര്യങ്ങളുടെ കുറവ് - ഇതെല്ലാം കൂടി ചേരുന്നതാണ് പലരുടെ 'ഡ്രീം ഹോം' ജീവിതം എന്നതാണ് ചര്‍ച്ച.












Click it and Unblock the Notifications