ബെംഗളൂരുകാര്‍ക്ക് സന്തോഷവാര്‍ത്ത; ഇന്ന് അര്‍ധരാത്രിയിലും മെട്രോ സര്‍വീസ് നടത്തും, സമയം ഇങ്ങനെ
യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ശനിയാഴ്ച നമ്മ മെട്രോ സര്‍വീസുകളുടെ സമയം നീട്ടിയതായി ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ്. പര്‍പ്പിള്‍ ലൈനില്‍, വൈറ്റ്ഫീല്‍ഡില്‍ (കടുഗോഡി) നിന്നുള്ള അവസാന ട്രെയിന്‍ അര്‍ധരാത്രി 12-നും ചല്ലഘട്ടയില്‍ നിന്നുള്ള അവസാന ട്രെയിന്‍ പുലര്‍ച്ചെ 12.20-നും പുറപ്പെടും എന്നാണ് ബി എം ആര്‍ സി എല്‍ അറിയിച്ചിരിക്കുന്നത്.
ഗ്രീന്‍ ലൈനില്‍, മടവാരയില്‍ നിന്നുള്ള അവസാന ട്രെയിന്‍ പുലര്‍ച്ചെ 12.15-നും സില്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുള്ളത് 12.20-നും പുറപ്പെടും. യെല്ലോ ലൈനില്‍, ആര്‍.വി. റോഡില്‍ നിന്നുള്ള അവസാന ട്രെയിന്‍ പുലര്‍ച്ചെ 1.15-നും ഡെല്‍റ്റ ഇലക്ട്രോണിക്‌സ് ബൊമ്മസാന്ദ്രയില്‍ നിന്നുള്ള അവസാന സര്‍വീസ് രാത്രി 11.55-നും പുറപ്പെടും എന്നും ബി എം ആര്‍ സി എല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.

മജെസ്റ്റിക്-ലെ നാടപ്രഭു കെംപെഗൗഡ സ്റ്റേഷനില്‍ നിന്നുള്ള അവസാന കണക്റ്റിംഗ് ട്രെയിന്‍ പുലര്‍ച്ചെ 12.55-ന് പുറപ്പെടുമെന്നും ബി എം ആര്‍ സി എല്‍ അറിയിച്ചു. ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് ഒഴിവാക്കാന്‍ ക്യു ആര്‍ ടിക്കറ്റുകള്‍, സ്മാര്‍ട്ട് കാര്‍ഡുകള്‍ അല്ലെങ്കില്‍ എന്‍ സി എം സി കാര്‍ഡുകള്‍ ഉപയോഗിക്കണമെന്ന് ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് യാത്രക്കാരോട് നിര്‍ദ്ദേശിച്ചു.
സ്റ്റേഷനുകളില്‍ ക്രമമായി ട്രെയിനില്‍ കയറുന്നതിനും സുഗമമായ നീക്കത്തിനും മെട്രോ ജീവനക്കാരുമായും സുരക്ഷാ ഉദ്യോഗസ്ഥരുമായും സഹകരിക്കണമെന്നും ബി എം ആര്‍ സി എല്‍ യാത്രക്കാരോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. വൈറ്റ്ഫീല്‍ഡിലെ കെ ടി പി ഒ കണ്‍വെന്‍ഷന്‍ സെന്ററില്‍ പ്രശസ്ത സംഗീതജ്ഞന്‍ എ ആര്‍ റഹ്‌മാന്‍ അവതരിപ്പിക്കുന്ന സംഗീത പരിപാടി കണക്കിലെടുത്താണ് ട്രെയിന്‍ സര്‍വീസ് സമയം നീട്ടിയതെന്ന് ബി എം ആര്‍ സി എല്‍ അധികൃതര്‍ അറിയിച്ചു.
തിരക്കില്‍പ്പെടാതിരിക്കാന്‍ ശരിയായ എക്‌സിറ്റ് ഗേറ്റുകള്‍ ഉപയോഗിക്കണം എന്നും മജസ്റ്റിക്കില്‍, കെ എസ് ആര്‍ സിറ്റി റെയില്‍വേ സ്റ്റേഷനിലേക്കും കെ എസ് ആര്‍ ടി സിയിലേക്കും പോകാന്‍ A/A1 എക്‌സിറ്റുകളും ബി എം ടിസിയിലേക്ക് പോകാന്‍ D എക്‌സിറ്റുമാണ് ഉപയോഗിക്കേണ്ടത് എന്നും നമ്മ മെട്രോ അധികൃതര്‍ ഓര്‍മ്മപ്പെടുത്തി. എംജി റോഡില്‍, ബ്രിഗേഡ് റോഡിലേക്ക് പോകുന്നവര്‍ ഗേറ്റ് Bയും ചര്‍ച്ച് സ്ട്രീറ്റിലേക്ക് പോകുന്നവര്‍ ഗേറ്റ് Cയും തിരഞ്ഞെടുക്കണം.
ബയ്യപ്പനഹള്ളി, കംഗേരി തുടങ്ങിയ തിരഞ്ഞെടുക്കപ്പെട്ട സ്റ്റേഷനുകളില്‍ പാര്‍ക്ക് ആന്റ് റൈഡ് സൗകര്യം ഒരുക്കിയിട്ടുണ്ട്. മജസ്റ്റിക്കില്‍ വച്ച് ട്രെയിന്‍ മാറേണ്ടവര്‍ രാത്രി 12:55-ലെ കണക്റ്റിങ് ട്രെയിന്‍ കിട്ടാനായി 12:40-നകം സെക്യൂരിറ്റി പരിശോധന പൂര്‍ത്തിയാക്കണം. ഇടയ്ക്കുള്ള സ്റ്റേഷനുകളില്‍ നിന്ന് ടെര്‍മിനലുകളിലേക്ക് പോകുന്നവര്‍, പട്ടികയില്‍ നല്‍കിയിട്ടുള്ള സമയത്തിന് 15-20 മിനിറ്റ് മുമ്പെങ്കിലും സ്റ്റേഷനില്‍ പ്രവേശിക്കാന്‍ ശ്രദ്ധിക്കണം.
ഞായറാഴ്ച രാവിലെ 7:00 മണിക്ക് എല്ലാ ലൈനുകളിലും ആദ്യ ട്രെയിന്‍ സര്‍വീസ് ആരംഭിക്കും. നാളെ ട്രെയിനുകളുടെ ഇടവേള സാധാരണയേക്കാള്‍ കൂടുതലായിരിക്കും എന്നും ബി എം ആര്‍ സി എല്‍ അറിയിച്ചു.


Click it and Unblock the Notifications
