ബെംഗളുരു മെട്രോ വികസനം ഇനി ശരവേഗത്തില്‍; 6,100 കോടിയുടെ വായ്പ അനുവദിച്ചു; ഗുണങ്ങള്‍ ഇങ്ങനെ
ബെംഗളുരു നമ്മ മെട്രോയില്‍ അനുദിനം വലിയ വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നത്. നഗരത്തിലുടനീളം കണക്ടിവിറ്റി വര്‍ധിപ്പിച്ചുകൊണ്ടുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. പിങ്ക് ലൈന്‍ മെയ് മാസത്തില്‍ യാത്രക്കാര്‍ക്ക് തുറന്നുകൊടുക്കാനുള്ള ജോലികള്‍ അതിവേഗം പുരോഗമിക്കുകയാണ്. ബെംഗളുരു മെട്രോ റെയില്‍ പദ്ധതിയുടെ മൂന്നാം ഘട്ട വികസനവും നഗരവാസികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഘട്ടമാണ്.
ബെംഗളുരു മെട്രോ റെയില്‍ പദ്ധതിയുടെ മൂന്നാം ഘട്ട വികസനത്തിന് വലിയ കരുത്തുപകര്‍ന്നുകൊണ്ട് ജപ്പാന്‍ ഇന്റര്‍നാഷണല്‍ കോര്‍പ്പറേഷന്‍ ഏജന്‍സി 6,100 കോടി രൂപയുടെ വായ്പ അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക കരാറില്‍ ജെഐസിഎ ഇന്ത്യ ചീഫ് റെപ്രസന്റേറ്റീവ് ടകെച്ചി തകുറോയും കേന്ദ്ര ധനമന്ത്രാലയത്തിലെ ജോയിന്റ് സെക്രട്ടറി അലോക് തിവാരിയും ഒപ്പുവെച്ചു. ബി.എം.ആര്‍.സി.എല്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ. ജെ. രവിശങ്കര്‍, ഫിനാന്‍സ് ഡയറക്ടര്‍ എസ്. ശിവമാതന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ് നടന്നത്. മൂന്നാം ഘട്ട പദ്ധതിക്കായി കേന്ദ്ര സര്‍ക്കാര്‍ ആകെ 6,775 കോടി രൂപയുടെ കടമെടുപ്പിനാണ് അനുമതി നല്‍കിയിട്ടുള്ളത്. ഇതില്‍ ആദ്യ ഗഡുവായ 6,100 കോടി രൂപയാണ് ഇപ്പോള്‍ ലഭ്യമാകുന്നത്. ബാക്കി തുക രണ്ടാം ഗഡുവായി അനുവദിക്കും. ഈ വായ്പ ലഭിക്കുന്നതോടെ മൂന്നാം ഘട്ട നിര്‍മ്മാണത്തിനായുള്ള സാമ്പത്തിക സമാഹരണം പൂര്‍ത്തിയാകും.

മെട്രോ ട്രെയിനുകള്‍, അത്യാധുനിക സിഗ്‌നലിംഗ് സംവിധാനങ്ങള്‍, മറ്റ് നിര്‍ണ്ണായക സാങ്കേതിക ഘടകങ്ങള്‍ എന്നിവ വാങ്ങുന്നതിനായാണ് പ്രധാനമായും ഈ തുക വിനിയോഗിക്കുക. മെട്രോ ശൃംഖലയുടെ പ്രവര്‍ത്തനക്ഷമതയും യാത്രക്കാരുടെ സുരക്ഷയും ഉറപ്പാക്കുന്നതിന് ഈ സംവിധാനങ്ങള്‍ അനിവാര്യമാണ്.
ആകെ 44.65 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് ബെംഗളുരു മെട്രോയുടെ മൂന്നാം ഘട്ടം വിഭാവനം ചെയ്തിരിക്കുന്നത്. നഗരത്തിലെ പ്രധാന ഇടങ്ങളെ ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന ഇടനാഴികളാണ് ഈ ഘട്ടത്തില്‍ നിര്‍മ്മിക്കുന്നത്. ആദ്യത്തെ ഇടനാഴി ഔട്ടര്‍ റിങ് റോഡിന്റെ പടിഞ്ഞാറ് ഭാഗത്തുകൂടി ജെ.പി നഗര്‍ നാലാം ഘട്ടം മുതല്‍ കെമ്പാപുര വരെയുള്ള 32.15 കിലോമീറ്റര്‍ പാതയാണ്. രണ്ടാമത്തെ ഇടനാഴി മഗഡി റോഡിലൂടെ ഹൊസഹള്ളി മുതല്‍ കടബഗെരെ വരെയുള്ള 12.5 കിലോമീറ്റര്‍ പാതയുമാണ്.
ഉയര്‍ന്ന തിരക്കുള്ള മേഖലകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും യാത്രാ സൗകര്യം മെച്ചപ്പെടുത്താനും ലക്ഷ്യമിട്ടുള്ള ഈ പദ്ധതിയില്‍ ആകാശ പാതകളും ഭൂഗര്‍ഭ പാതകളും ഉള്‍പ്പെടുന്നു. നിലവിലുള്ള മെട്രോ ലൈനുകളുമായി ബന്ധിപ്പിക്കുന്ന ഇന്റര്‍ചേഞ്ച് സ്റ്റേഷനുകളും ഈ ഘട്ടത്തിന്റെ ഭാഗമാണ്. 2024 സെപ്റ്റംബറില്‍ കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കിയ ഈ പദ്ധതിയുടെ ആകെ ചെലവ് 15,611 കോടി രൂപയാണ്. ബിഎംആര്‍സിഎല്‍ നടപ്പാക്കുന്ന ഈ വികസനം പൂര്‍ത്തിയാകുന്നതോടെ ബെംഗളുരു നഗരത്തിലെ പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിന്റെ സുസ്ഥിര വളര്‍ച്ചയ്ക്കും പരിസ്ഥിതി സൗഹൃദമായ യാത്രാമാര്‍ഗങ്ങള്‍ക്കും ഈ വായ്പാ സഹായം വലിയ പിന്തുണയാകും.












Click it and Unblock the Notifications