ബെംഗളൂരു മെട്രോയിൽ ഇങ്ങനെയാണോ യാത്ര ചെയ്യുന്നത്? എട്ടിൻ്റെ പണി കിട്ടും..കടുപ്പിച്ച് ബിഎംആർസിഎൽ
യാത്രാ മര്യാദകൾ ഉറപ്പാക്കുന്നതിനായി നിരീക്ഷണം ശക്തമാക്കി ബാംഗ്ലൂർ നമ്മ മെട്രോ. ഇതിന്റെ ഭാഗമായി മെട്രോ ട്രെയിനുകൾക്കുള്ളിൽ ഇനി ഹോം ഗാർഡുകളെ നിയോഗിക്കും. മെട്രോ യാത്രയിൽ മെച്ചപ്പെട്ട പെരുമാറ്റരീതി നടപ്പാക്കുകയെന്ന ലക്ഷ്യത്തോടെയാണ് നീക്കം., ഓരോ മെട്രോ ട്രെയിനിലും രണ്ട് ഹോം ഗാർഡുമാരെയായിരുന്നു ബി എം ആർ സി എൽ നിയോഗിക്കുക. മുതിർന്ന പൗരന്മാർ, ഗർഭിണികൾ, ഭിന്നശേഷിക്കാർ എന്നിവർക്ക് മുൻഗണനാ സീറ്റുകൾ ഒഴിയേണ്ടതിന്റെ പ്രാധാന്യം ഇവർ യാത്രക്കാരെ ബോധ്യപ്പെടുത്തും.
ഉച്ചത്തിൽ പാട്ട് കേൾക്കുക, പുകയില ഉൽപന്നങ്ങൾ ചവയ്ക്കുക, ട്രെയിൻ കോച്ചുകളിൽ ഭക്ഷണം കഴിക്കുക തുടങ്ങി സഹയാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്ന ഏത് തരത്തിലുള്ള പ്രവൃത്തികൾക്കെതിരെയും ഗാർഡുകൾ ശക്തമായ മുന്നറിയിപ്പ് നൽകും. യാത്രക്കാരുടെ മോശം പെരുമാറ്റത്തെക്കുറിച്ച് വർധിച്ചുവരുന്ന പരാതികൾ കണക്കിലെടുത്താണ് ബി എം ആർ സി എൽ നീക്കം.

കഴിഞ്ഞ ഒരു വർഷത്തിനിടെ അരലക്ഷത്തോളം പരാതികളാണ് ബി എം ആർ സി എല്ലിന് ലഭിച്ചത്. 57,538 യാത്രക്കാർ ഹെഡ്‌ഫോൺ ഇല്ലാതെ ഉച്ചത്തിൽ പാട്ട് കേട്ട് മറ്റുള്ളവർക്ക് ശല്യമുണ്ടാക്കിയതായുള്ള പരാതികൾ മെട്രോ അധികൃതർക്ക് ലഭിച്ചിട്ടുണ്ട്. കൂടാതെ, മുൻഗണനാ സീറ്റുകൾ ആവശ്യമുള്ളവർക്ക് ഒഴിഞ്ഞുകൊടുക്കാത്തതിന്റെ പേരിൽ 37,038 പരാതികൾ ലഭിച്ചിരുന്നു. ഇത്തരത്തക്കാർക്കെതിരെ മുൻപ് വലിയ ബോധവത്കരണം മെട്രോ അധികൃതർ നൽകിയിട്ടുണ്ട്.
മെട്രോ ട്രെയിൻ കോച്ചുകൾക്കുള്ളിൽ ഭക്ഷണം കഴിക്കരുതെന്ന് കർശന നിർദേശം ഉണ്ടെങ്കിലും ഇത് പാലിക്കാത്തവരാണ് പലരും. ഈ നിയമം ലംഘിച്ച 1,907 യാത്രക്കാരെയും പുകയില ഉൽപന്നങ്ങൾ ചവച്ചതിന് 1,677 യാത്രക്കാരെയും അധികൃതർ പിടികൂടിയിട്ടുണ്ട്. ശുചിത്വവും സുരക്ഷയും മുൻനിർത്തി ഇവ രണ്ടും മെട്രോയിൽ നിരോധിച്ചിട്ടുള്ളതാണ്. ഇത്തരം പ്രവൃത്തികൾ സഹയാത്രക്കാർക്ക് അസ്വസ്ഥതയുണ്ടാക്കുകയും മെട്രോയുടെ വൃത്തിയും യാത്രാനുഭവവും ഇല്ലാതാക്കുകയും ചെയ്യുന്നുവെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.
"സഹയാത്രക്കാർക്ക് അസൗകര്യമുണ്ടാക്കുന്ന ചില കുറ്റകൃത്യങ്ങൾക്ക് മെട്രോ റെയിൽവേസ് (ഓപ്പറേഷൻ ആൻഡ് മെയിന്റനൻസ്) ആക്റ്റ് 2002 പ്രകാരം പിഴ ചുമത്താൻ വ്യവസ്ഥയുണ്ട്. നിലവിലുള്ള നിയമങ്ങൾ നടപ്പാക്കുന്നതിനുള്ള നടപടികൾ കർശനമായി തുടരുന്നുണ്ടെന്നും ഇനിയും നടപടി ശക്തമാക്കുമെന്നും കോർപ്പറേഷൻ വ്യക്തമാക്കി.
അതേസമയം നിയമലംഘനങ്ങൾക്കെതിരെ പിഴ ചുമത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നില്ല. പകരം ഹോം ഗാർഡുമാർ ഇത് തെറ്റ് തിരുത്താൻ ഉപദേശിക്കുകയും ബോധവത്കരണം നടത്തുകയുമാണ് ചെയ്യുക. ഇത്തരത്തിലുള്ള ഇടപെടലുകളും മാർഗ്ഗനിർദ്ദേശങ്ങളും യാത്രക്കാരെ പൊതുഇടങ്ങളിൽ കൂടുതൽ ശ്രദ്ധാലുക്കളാക്കാൻ പ്രേരിപ്പിക്കുമെന്ന് ബി എം ആർ സി എൽ ഉദ്യോഗസ്ഥർ പറഞ്ഞു.












Click it and Unblock the Notifications