Bengaluru metro: ബെംഗളൂരുവിലെ സൈക്കിള്‍ യാത്രികര്‍ക്ക് മെട്രോ വക കിടിലന്‍ സമ്മാനം; ഓഫര്‍ ഈ സ്‌റ്റേഷനുകളില്‍
ബെംഗളൂരു: ബെംഗളൂരു നമ്മ മെട്രോ യാത്രക്കാര്‍ക്ക് വീണ്ടും ഒരു സന്തോഷവാര്‍ത്ത. നഗരത്തില്‍ പാര്‍ക്കിങ് ഒരു വലിയ പ്രശ്‌നമായി നിലനില്‍ക്കുമ്പോള്‍ അതിന് പ്രായോഗികമായ ഒരു പരിഹാരമാര്‍ഗം മുന്നോട്ടുവയ്ക്കുകയാണ് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍). നഗരത്തില്‍ സൈക്കിള്‍ യാത്ര പ്രോല്‍സാഹിപ്പിക്കുന്നതിനൊപ്പം മെട്രോ സ്റ്റേഷനുകളില്‍ സൗജന്യ സൈക്കിള്‍ പാര്‍ക്കിങ് കൂടി ഏര്‍പ്പെടുത്താനാണ് അധികൃതരുടെ നീക്കം. നിലവില്‍ ചെറിയ തുക ഈടാക്കിയാണ് പാര്‍ക്കിങ് അനുവദിക്കുന്നത്.
തിരഞ്ഞെടുക്കപ്പെട്ട ഒമ്പത് മെട്രോ സ്റ്റേഷനുകളില്‍ സൗജന്യ സൈക്കിള്‍ പാര്‍ക്കിങ് ഏര്‍പ്പെടുത്താനാണ് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് തീരുമാനിച്ചിരിക്കുന്നത്. നിലവില്‍ പര്‍പ്പിള്‍, ഗ്രീന്‍, യെല്ലോ ലൈനുകളിലെ ഒമ്പത് സ്റ്റേഷനുകളിലാണ് ഈ ആനുകൂല്യം ലഭിക്കുക.
പര്‍പ്പിള്‍ ലൈനിലെ രണ്ട് സ്റ്റേഷനുകള്‍ - മൈസൂരു റോഡ്, ബയപ്പനഹള്ളി, ഗ്രീന്‍ ലൈനിലെ മൂന്ന് സ്‌റ്റേഷനുകള്‍ - മടവര, പീനിയ ഇന്‍ഡസ്ട്രി, ജെപി നഗര്‍, യെല്ലോ ലൈനിലെ നാല് സ്‌റ്റേഷനുകള്‍ - രാഗിഗുഡ്ഡ, ജയദേവ ആശുപത്രി, ബിടിഎം ലേഔട്ട്, ഇലക്ട്രോണിക് സിറ്റി എന്നിവിടങ്ങളിലാണ് പാര്‍ക്കിങ് അനുവദിച്ചിരിക്കുന്നത്. ഈ സ്റ്റേഷനുകളിലെ പാര്‍ക്കിംഗ് നിയന്ത്രിക്കാനായി ബിഎംആര്‍സിഎല്‍ പുതിയ ടെന്‍ഡര്‍ വിളിച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്‍പതു വരെ അപേക്ഷകള്‍ സമര്‍പ്പിക്കാം. ഇതില്‍ നിന്ന് ഓപ്പറേറ്ററെ തീരുമാനിക്കും.

നിലവില്‍ മെട്രോ സ്റ്റേഷനുകളില്‍ സൈക്കിള്‍ പാര്‍ക്ക് ചെയ്യാന്‍ മണിക്കൂറിന് ഒരു രൂപ വീതമാണ് ഈടാക്കുന്നത്. ഒരു ദിവസത്തേക്ക് പരമാവധി 10 രൂപ വരെ ഈടാക്കും. എന്നാല്‍ പുതിയ തീരുമാനം വരുന്നതോടെ ഈ ഒമ്പത് സ്റ്റേഷനുകളില്‍ ചാര്‍ജ് പൂര്‍ണ്ണമായും ഒഴിവാകും.
ആദ്യഘട്ടത്തില്‍ ഒന്‍പതു സ്റ്റേഷനുകളില്‍ മാത്രമാണ് സൗജന്യ പാര്‍ക്കിങ് അനുവദിക്കുന്നത്. ം. നഗരത്തിലെ മറ്റ് മെട്രോ സ്റ്റേഷനുകളില്‍ പഴയതുപോലെ ഫീസ് നല്‍കേണ്ടി വരും. സൈക്കിള്‍ യാത്രക്കാര്‍ കൂടുതലായി എത്തുന്ന മെട്രോ സ്റ്റേഷനുകള്‍ കണ്ടെത്തിയാണ് ബിഎംആര്‍സിഎല്‍ ഈ മാറ്റം കൊണ്ടുവരുന്നത്. ഓഫീസുകളിലേക്കും മറ്റും പോകാന്‍ സൈക്കിള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഇത് വലിയ ആശ്വാസമാകും.
മെട്രോ സ്റ്റേഷനുകളിലേക്കുള്ള ലാസ്റ്റ് മൈല്‍ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുക എന്നതാണ് ഇതിന്റെ പ്രധാന ലക്ഷ്യം. ബിഎംആര്‍സിഎല്ലിന്റെ തീരുമാനത്തെ സൈക്കിള്‍ പ്രേമികളും സ്വാഗതം ചെയ്യുന്നുണ്ട്. അതേസമയം, ചില ഗൗരവമേറിയ പ്രശ്‌നങ്ങളും സൈക്കിള്‍ യാത്രികര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. പാര്‍ക്കിങ് സൗജന്യമാക്കുന്നത് കൊണ്ട് മാത്രം കാര്യമില്ലെന്നും സൈക്കിളുകള്‍ സുരക്ഷിതമായി വെക്കാനുള്ള സ്റ്റാന്‍ഡുകളും മറ്റ് അടിസ്ഥാന സൗകര്യങ്ങളും സ്റ്റേഷനുകളില്‍ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെടുന്നു.












Click it and Unblock the Notifications