ബെംഗളൂരു മെട്രോ അല്ല റോളർകോസ്റ്റർ; ഇതെന്താ ഇങ്ങനെ'? വൻ ചർച്ച
ബെംഗളൂരുവിലെ നഗര ജീവിതം ചിലർക്ക് 'റോളർകോസ്റ്റർ' ആണെന്നൊക്കെ പറയാറുണ്ട്. എന്തായാലും ഇപ്പോൾ ബെംഗളൂരുവിനെ ചുറ്റിപറ്റി ഒരു 'റോളർകോസ്റ്റർ' ആണ് സോഷ്യൽ ലോകത്ത് ചർച്ച. അതുപക്ഷെ അമ്മ്യൂസ്മെൻ്റ് പാർക്കിലെ റോളർകോസ്റ്ററിനെ കുറിച്ചല്ല, കുത്തനെയുള്ള ചരിവുകളോട് കൂടിയ മെട്രോ റൂട്ടിൻ്റെ ചിത്രമാണ് റെഡ്ഡിൽ ചർച്ചയ്ക്ക് വഴിവെച്ചത്. നിർമ്മാണം നടക്കുന്ന ഈ ഭാഗത്തെ ചിത്രങ്ങൾ മെട്രോ കോസ്റ്റർ എന്ന തലക്കെട്ടോടെയാണ് ആർ/ബാംഗ്ലൂർ സബ്‌റെഡിറ്റിൽ പങ്കുവെച്ചിരിക്കുന്നത്.
"ബെംഗളൂരുവിൽ എവിടെയെങ്കിലും മെട്രോ കുത്തനെയുള്ള ചരിവുകളിൽ കയറുന്നത് കണ്ടിട്ടുണ്ടോ?" എന്ന ചോദ്യത്തോടെയാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രത്തിന് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ഇത്തരം പാതകൾ സാധാരണമാണെന്നാണ് ചിലർ പറയുന്നത്, നഗര ജീവിതം രസകരമാക്കാൻ ഇത് സഹായിക്കുമെന്ന് മറ്റുള്ളവർ തമാശയായി കുറിച്ചു.

ഈ നിർമ്മാണം ബ്ലൂ ലൈനിന്റെ ഭാഗമാണെന്നും വിമാനത്താവളത്തിലേക്കുള്ള റൂട്ടാണെന്നും ചിലർ പങ്കുവെച്ചു. "ഹെബ്ബാളിൽ നിന്ന് യെലഹങ്കയിലേക്കുള്ള വിമാനത്താവള ലൈൻ ആയിരിക്കണം ഇത്', ചിലർ കുറിച്ചു. എന്നാൽ യാത്ര സുഗമമാകില്ലെന്ന ആശങ്കകളാണ് ചിലർ ഇതോടെ പങ്കുവെച്ചത്. 'മെട്രോ പാതയ്ക്ക് അടുത്തുള്ള റോഡ് ചരിഞ്ഞത് പോലെയാണെന്നാണ് തോന്നുന്നത്, ഇത് മെട്രോ പാതയെ ഒരു സ്റ്റീൽ വളവ് പോലെ തോന്നിപ്പിക്കുന്നുണ്ടെന്ന് മറ്റൊരു ഉപയോക്താവ് ചൂണ്ടിക്കാട്ടി. ഇത്തരം ചരിവുകൾ സാധാരണമാണെന്നും, ഭൂപ്രദേശത്തിലെ വ്യത്യാസങ്ങളാണ് ഇതിന് കാരണമെന്നും ചിലർ ചൂണ്ടിക്കാട്ടി. 'കാണിച്ച ചരിവ് അത്ര കുത്തനെയല്ല. മെട്രോ ഈ ഭാഗത്ത് വേഗത ക്രമീകരിക്കുന്നതിനാൽ റോളർകോസ്റ്റർ പോലെ തോന്നില്ല," മറ്റൊരാൾ കൂട്ടിച്ചേർത്തു. ഇത് വളരെ നേരിയ ചരിവാണ്, യാത്രക്കാർക്ക് അസ്വസ്ഥതയുണ്ടാക്കുന്നത്ര കുത്തനെയുള്ള ചരിവുകൾ ട്രെയിനുകൾക്ക് കയറാൻ കഴിയില്ലെന്നായിരുന്നു വേറൊരാളുടെ കമൻ്റ്. ഇപ്പോഴും ചർച്ച നീണ്ട് പോകുകയാണ്.
അതിനിടെ ബെംഗളൂരുവിലെ ബ്ലൂ ലൈനെക്കുറിച്ചുള്ള പുതിയ വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. മാന്യത ടെക് പാർക്കിന് സമീപമുള്ള ബ്ലൂ ലൈനിലെ വീരനപാളയ മെട്രോ സ്റ്റേഷൻ്റെ ഡിസൈൻ ബി എം ആർ സി എൽ അവതരിപ്പിച്ചു. സാധാരണയായി രണ്ട് നിലകളുള്ള ഉയർത്തിയ സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമായി, വീരനപാളയത്തിന് മൂന്ന് നിലകളുണ്ടാകും. ഇത് ഈ സ്റ്റേഷനെ കൂടുതൽ വിശാലമാക്കും.ഏറ്റവും താഴെ നില പ്രോപ്പർട്ടി വികസനത്തിനായി മാറ്റിവെച്ചിട്ടുണ്ട്. അതിനു മുകളിലായി കൺകോർസും, പിന്നെ പ്ലാറ്റ്ഫോമും ക്രമീകരിക്കും. മറ്റിടങ്ങളിൽ കടകളും മറ്റ് സൗകര്യങ്ങളും ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മാന്യത ടെക് പാർക്കിലും സമീപ ഓഫീസുകളിലും ജോലി ചെയ്യുന്ന നിരവധി ജീവനക്കാരെ ലക്ഷ്യമിട്ടാണ് ഈ രൂപകൽപ്പന.












Click it and Unblock the Notifications