ബെംഗളൂരു മെട്രോ സ്‌റ്റേഷനില്‍ പരിഭ്രാന്തി; തോക്കുമായി യുവാവിന്റെ പ്രാങ്ക്: ഒടുവില്‍ അറസ്റ്റ്
ബംഗളൂരു മെട്രോയില്‍ കളിത്തോക്ക് കാട്ടി യാത്രക്കാരെ ഭയപ്പെടുത്തി വീഡിയോ എടുത്ത പുതുച്ചേരി സ്വദേശിയെ ബംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. സോഷ്യല്‍ മീഡിയയില്‍ വൈറലാകാന്‍ വേണ്ടി ദീപജ്ഞലി നഗര്‍ മെട്രോ സ്റ്റേഷനിലാണ് ഇയാള്‍ ഈ സാഹസം കാട്ടിയത്. കളിത്തോക്കുമായി യാത്രക്കാരെ സമീപിച്ച് അവരെ വിരട്ടുന്ന ദൃശ്യങ്ങള്‍ ഇയാള്‍ തന്നെ റെക്കോര്‍ഡ് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. വീഡിയോ ശ്രദ്ധയില്‍പ്പെട്ട യാത്രക്കാരും സോഷ്യല്‍ മീഡിയ ഉപയോക്താക്കളും വലിയ പ്രതിഷേധം ഉയര്‍ത്തിയതോടെയാണ് പോലീസ് നടപടി സ്വീകരിച്ചത്.
വീഡിയോ വൈറലായതിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് യുവാവിനെ പോലീസ് പിടികൂടിയത്. പൊതുസ്ഥലത്ത് പരിഭ്രാന്തി പരത്തിയതിനാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്. അറസ്റ്റിലായതിന് ശേഷം താന്‍ ചെയ്തത് തെറ്റാണെന്നും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ കിട്ടാന്‍ വേണ്ടിയാണ് ഇത് ചെയ്തതെന്നും യുവാവ് ഏറ്റുപറയുന്ന വീഡിയോയും പോലീസ് പുറത്തുവിട്ടു. പൊതുസ്ഥലങ്ങള്‍ ഇത്തരം അപകടകരമായ വീഡിയോകള്‍ ചിത്രീകരിക്കാനുള്ള ഇടമല്ലെന്നും പോലീസിന്റെ കണ്ണ് എപ്പോഴും നിങ്ങളുടെ മേല്‍ ഉണ്ടാവുമെന്നും ബംഗളൂരു സിറ്റി പോലീസ് മുന്നറിയിപ്പ് നല്‍കി.

അതേസമയം, മെട്രോ സ്റ്റേഷനിലെ സുരക്ഷാ പരിശോധനകളെക്കുറിച്ചും വലിയ രീതിയിലുള്ള വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. കളിത്തോക്കാണെങ്കില്‍ പോലും അത് മെട്രോയ്ക്കുള്ളിലേക്ക് എങ്ങനെ എത്തിക്കാന്‍ കഴിഞ്ഞു എന്നതില്‍ യാത്രക്കാര്‍ ആശങ്ക പ്രകടിപ്പിക്കുന്നു. മെട്രോ സ്റ്റേഷനുകളില്‍ കൂടുതല്‍ കര്‍ശനമായ സുരക്ഷാ പരിശോധനകള്‍ വേണമെന്ന ആവശ്യവും ഇതോടെ ശക്തമായിരിക്കുകയാണ്.












Click it and Unblock the Notifications