ബെംഗളൂരു മെട്രോ യാത്രക്കാർക്ക് തിരിച്ചടി! കല്ലേന അഗ്രഹാര–താവരക്കരെ ഇടനാഴി ഇനിയും വൈകും
ബെംഗളൂരു നമ്മ മെട്രോ ബന്നാർഘട്ട ഇടനാഴി (പിങ്ക് ലൈൻ) യുടെ ഉദ്ഘാടനം വൈകിയേക്കും. നേരത്തേ ഓഗസ്റ്റ് 15 ന് പിങ്ക് ലൈൻ തുറന്ന് നൽകുമെന്നായിരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഓഗസ്റ്റ് അവസാനമോ അല്ലെങ്കിൽ സപ്റ്റംബർ ആദ്യ ആഴ്ചയോടെയോ മാത്രമേ ഉദ്ഘാടനം ഉണ്ടാകൂവെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ നൽകുന്ന സൂചന.
അവസാനഘട്ട സുരക്ഷ പരിശോധനകൾ പൂർത്തിയാക്കുന്നതിന് മുൻപ് സിഗ്നലിംഗ് സംവിധാനങ്ങളുടെ പരിശോധന പൂർത്തിയാക്കണം. ഇത് വൈകുന്നതാണ് പദ്ധതി വൈകാൻ കാരണമാകുന്നത്. വരും ദിവസങ്ങളിൽ തന്നെ റിസർച്ച് ഡിസൈൻസ് ആൻ്റ് സ്റ്റാൻ്റേഡ് ഓർഗനൈസേഷൻ (ആർഡിഎസ്ഒ) ഇൻ്ററിം സ്പീഡ് സർട്ടിഫിക്കറ്റ് അനുവദിച്ചേക്കും. എന്നിരുന്നാലും സിഗ്നലിംഗ് സിസ്റ്റത്തിനായുള്ള ഇൻഡിപെൻഡന്റ് സേഫ്റ്റി അസസ്‌മെന്റ് (ഐഎസ്എ)സർട്ടിഫിക്കറ്റ് ലഭിക്കാൻ ഇനിയും ആഴ്ചകൾ എടുത്തേക്കും. ഇത് പൂർത്തിയായാൽ മാത്രമേ തുടർന്നുള്ള അനുമതികൾ ലഭിക്കുകയുള്ളൂ. കമ്മീഷണർ ഓഫ് മെട്രോ റെയിൽവേ സേഫ്റ്റിയുടെ സുരക്ഷ പരിശോധനയ്ക്ക് അയക്കും മുൻപ് ഈ സർട്ടിഫിക്കറ്റുകൾ എല്ലാം ലഭ്യമാകണം. അതിനുശേഷം മാത്രമേ തുടർനടപടികളിലേക്ക് ബിഎംആർസിഎല്ലിന് കടക്കാൻ സാധിക്കൂ.

കലേന അഗ്രഹാര മുതൽ തവരേക്കര വരെയുള്ള ഈ എലവേറ്റഡ് കോറിഡോറിൽ ജയദേവ ആശുപത്രി ഉൾപ്പെടെ ആകെ ആറ് സ്റ്റേഷനുകളാണ് ഉള്ളത്. ഇവിടെ നിന്നാണ് യാത്രക്കാർക്ക് യെല്ലോ ലൈനിലേക്ക് മാറാൻ സാധിക്കുക. പിങ്ക് ലൈൻ യാഥാർത്ഥ്യമാകുന്നതോടെ ബെംഗളൂരു മെട്രോ ശൃംഖലയുടെ ആകെ ദൈർഘ്യം 103.6 കിമിയാകും. ഇതിനോടകം തന്നെ സിവിൽ നിർമ്മാണം, ട്രാക്ക് സ്ഥാപിക്കൽ അടക്കമുള്ള പ്രധാന പണികളെല്ലാം പൂർത്തിയാക്കിയിട്ടുണ്ട്. മാത്രമല്ല ഈ പിങ്ക് ലൈനിലേക്കുള്ള ആറ് ട്രെയിനുകളും കൈമാറിയിട്ടുണ്ട്.
എപ്രിൽ 28 നും മെയ് 9 നും ഇടയിലാണ് ആർ ഡി എസ് ഒ ഓസിലേഷൻ ട്രയലുകളും എമർജൻസി ബ്രേക്കിംഗ് ഡിസ്റ്റൻസ് പരിശോധനകളും പൂർത്തിയാക്കിയത്. ട്രെയിനുകളുടെ സുരക്ഷിതമായ പ്രവർത്തന വേഗത ഉറപ്പാക്കുന്നതിനും ബ്രേക്കിംഗ് ശേഷി നിശ്ചയിക്കുന്നതിനുമാണ് ഈ പരിശോധനകൾ നടത്തുന്നത്. ഇനിയുള്ള പരിശോധനകൾ ഓഗസ്റ്റ് 3നും 5 നും ഇടയിലാണ് നടത്തുക. 5, 6 തീയതികളിൽ ഇൻഡിപെൻഡന്റ് സേഫ്റ്റി അസസ്‌മെന്റ് പരിശോധനകളും നടക്കും.
ഐഎസ്എ സർട്ടിഫിക്കറ്റ് ലഭിച്ച് കഴിഞ്ഞാൽ ഇടനാഴിയിൽ പൂർണ പരിശോധന നടത്തുന്നത് സംബന്ധിച്ച അപേതക്ഷ ബിഎംആർസിഎൽ മെട്രോ റെയിൽവേ സുരക്ഷാ കമ്മീഷണർക്ക് സമർപ്പിക്കും. റെയിൽവേ സംവിധാനങ്ങൾ, റോളിംഗ് സ്റ്റോക്ക്, കൊതനൂർ ഡിപ്പോയിലെ വാഷിംഗ് പ്ലാന്റ്, അണ്ടർഫ്രെയിം വാട്ടർ-ജെറ്റ് ക്ലീനിംഗ് സിസ്റ്റം, ട്രെയിൻ ലിഫ്റ്റിംഗ് പിറ്റ് ജാക്കുകൾ, മറ്റ് അടിസ്ഥാന സൌകര്യങ്ങൾ എന്നിവയെല്ലാമായിരിക്കും കമ്മീഷ്ണർ പരിശോധിക്കുക. ഓഗസ്റ്റ് മൂന്നാം ആഴ്ചയോടെ ഇത് പൂർത്തിയാകും എന്നാണ് അധികൃതരുടെ വിലയിരുത്തൽ.


Click it and Unblock the Notifications