ബെംഗളൂരു മെട്രോ ഫേസ് 3:ഡെബിൾ ഡെക്കറിന് കടുംവെട്ട്? 44 കിമി പാത 11 കിമിയായി ചുരുങ്ങും?
ബെംഗളൂരു നമ്മ മെട്രോ ഫേസ് 3യുടെ ഭാഗമായി നിർമ്മിക്കാനൊരുങ്ങുന്ന ഡബിൾ ഡെക്കർ ഇടനാഴിക്കെതിരെ വീണ്ടും തടസം ഉയർത്തി കേന്ദ്രസർക്കാർ. പദ്ധതി ലാഭകരമാകില്ലെന്നും മെട്രോയിൽ യാത്രക്കാരുടെ എണ്ണം കുറയാൻ ഇത് കാരണമാകുമെന്നുമാണ് സർക്കാർ ആശങ്ക പ്രകടിപ്പിച്ചത്.
പദ്ധതി സംബന്ധിച്ച് പൊതുമേഖല സ്ഥാപനമായ റൈറ്റ്സ് (ആർ ഐ ടി ഇ എസ്) റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ട്. മെട്രോ ഫേസ് 3യിൽ ഡബിൾ ഡെക്കർ കൂടി ഉൾപ്പെടുത്തിയാൽ കേന്ദ്രസർക്കാർ നിശ്ചയിച്ചിട്ടുള്ള 14 ശതമാനത്തിനേക്കാൾ താഴെയായിരിക്കും ലാഭനിരക്ക് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കരട് റിപ്പോർട്ടിൽ ഉയർന്ന ലാഭക്ഷമത ഉണ്ടാകുമെന്നാണ് റൈറ്റ്സ് രേഖപ്പെടുത്തിയിരുന്നതെങ്കിലും അന്തിമ റിപ്പോർട്ടിൽ മാറ്റം വരുത്തിയെന്നാണ് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് നേരത്തേ തന്നെ ഇക്കാര്യത്തിൽ ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഡബിൾ ഡെക്കർ വരുന്നതോടെ യാത്രക്കാർ സ്വകാര്യ വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കുമെന്നും മെട്രോ യാത്രക്കാരുടെ എണ്ണം കുറയാൻ ഇത് കാരണമാകുമെന്നുമാണ് റിപ്പോർട്ട് സ്ഥാപനം ചൂണ്ടിക്കാട്ടിയത്.
അതേസമയം ഡബിൾ ഡെക്കറിൽ സംസ്ഥാന സർക്കാർ എന്ത് നിലപാടെടുക്കുമെന്നാണ് ഉറ്റുനോക്കുന്നത്. മെട്രോകൾക്ക് സമീപം ഡബിൾ ഡെക്കർ വേണമെന്നതാണ് മുഖ്യമന്ത്രി ഡികെ ശിവകുമാറിൻ്റെ നിലപാട്. എന്നാൽ അത്തരമൊരു നിർദേശവുമായി മുന്നോട്ട് പോകാൻ സാധിക്കില്ലെന്ന് കേന്ദ്രവും വ്യക്തമാക്കുന്നു.
2024 ഓഗസ്റ്റിലാണ് ബെംഗളൂരു മെട്രോ ഫേസ് 3 പദ്ധതിക്ക് കേന്ദ്രസർക്കാർ അംഗീകാരം നൽകിയത്. 15,611 കോടി രൂപയായിരുന്നു പദ്ധതി ചെലവ്. 44.65 കിലോമീറ്റർ നീളമുള്ള പദ്ധതിയിൽ 31 സ്റ്റേഷനുകളാണ് ഉൾപ്പെടുത്തുക. 2029 ഓടെ പദ്ധതി പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നത്.
ജെപി നഗർ ഫേർത്ത് ഫേസ് മുതൽ കെമ്പാപുര വരെയുള്ള 32 കിലോമീറ്റർ പാതയാണ് ആദ്യ കോറിഡോറിൽ വരുന്നത്. ഇതിൽ 21 സ്റ്റേഷനുകൾ ഉണ്ടാകും. മഗാഡി റോഡിലെ ഹൊസഹള്ളി മുതൽ കഡബഗെരെ വരെയുള്ള 12.5 കിലോമീറ്റർ പാതയാണ് രണ്ടാമത്തെ കോറിഡോറിൽ ഉൾപ്പെടുന്നത്. 10 സ്റ്റേഷനുകളാണ് ഇതിനുള്ളിൽ വരുന്നത്.
അതേസമയം 3 കിമി നീളുന്ന ഡെബിൾ ഡെക്കർ ആണ് കേന്ദ്രസർക്കാർ അംഗീകരിച്ച പദ്ധതിയിൽ ഉള്ളത്. കനകപുര റോഡ് ജംഗ്ഷനിൽ 1.4 കിമീ, കാമാക്യ ജംഗ്ഷനിൽ 1.6 കി.മീ എന്നിങ്ങനെയാണിത്. വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഗൊരഗുണ്ടെപാളയ ഉൾപ്പെടെയുള്ള ഭാഗങ്ങളിൽ 8 കിലോമീറ്റർ കൂടി ഉൾപ്പെടുത്തി മൊത്തം ഡബിൾ ഡെക്കർ പാത 11 കിലോമീറ്ററായി ചുരുക്കാനാണ് ഇപ്പോഴത്തെ ആലോചന.
കേന്ദ്ര അനുമതി ലഭിച്ച് രണ്ട് വർഷം കഴിഞ്ഞിട്ടും തറക്കല്ലിട്ട് ഒരു വർഷം പൂർത്തിയായിട്ടും ഡെബിൾ ഡെക്കർ പദ്ധതിയുടെ പേരിൽ ഫേസ് 3 പദ്ധതി വൈകുന്നത് ചെലവ് കൂടാനേ വഴിവെയ്ക്കുകയുള്ളൂവെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഈ ചെലവ് കൂടി യാത്രക്കാരുടെ തലയിൽ വരുന്ന സ്ഥിതിയാകും, ഇത് പദ്ധതിയെ തന്നെ ദോഷകരമായി ബാധിക്കുമെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
സ്ഥലപരിമിതിയും സ്ഥലമേറ്റെടുക്കാനുള്ള ചെലവും ചൂണ്ടിക്കാട്ടി ഡബിൾ ഡെക്കറിനായി സംസ്ഥാന സർക്കാർ ശക്തമായി തന്നെ വാദിക്കുന്നുണ്ട്. 9,700 കോടി രൂപ ചെലവിൽ 37 കിലോമീറ്റർ ഡെബിൾ ഡെക്കർ നിർമ്മാണത്തിന് അംഗീകാരവും നൽകിയിട്ടുണ്ട്. എന്നാൽ പരിഷ്കരിച്ച് ഈ പദ്ധതിക്ക് കേന്ദ്രത്തിൻ്റെ അനുമതി ലഭിക്കേണ്ടതുണ്ട്. പദ്ധതിയുടെ സാമ്പത്തിക ലാഭവും സുരക്ഷയും അടക്കം പരിശോധിച്ച ശേഷമായിരിക്കും കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ തീരുമാനം കൈക്കൊള്ളുക.


Click it and Unblock the Notifications