ബെംഗളൂരു മെട്രോ പിങ്ക് ലൈൻ; നാഗവാര അണ്ടർഗ്രൌണ്ട് സ്റ്റേഷന്റെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്
നമ്മ മെട്രോ പിങ്ക് ലൈനിലെ നാഗവാര ഭൂഗർഭ സ്റ്റേഷന്റെ നിർമ്മാണം അവസാന ഘട്ടത്തിലേക്ക്. 98 ശതമാനം പണികളും ഇതിനോടകം പൂർത്തിയായതായി ഉദ്യോഗസ്ഥർ അറിയിച്ചു. കാലേന അഗ്രഹാര മുതൽ നാഗവാര വരെ നീളുന്ന പിങ്ക് ലൈൻ 2026 ഡിസംബറോടെ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അന്തിമ ഘട്ട അംഗീകാരങ്ങൾ ലഭിക്കുന്ന മുറയ്ക്കായിരിക്കും പ്രഖ്യാപനം.
സെൻട്രൽ സിൽക്ക് ബോർഡ് മുതൽ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളം വരെയുള്ള നിർമ്മാണത്തിലിരിക്കുന്ന ബ്ലൂ ലൈനും പിങ്ക് ലൈനും തമ്മിൽ ബന്ധിപ്പിക്കുന്ന ഇന്റർചേഞ്ച് സ്റ്റേഷനായി നാഗവാര പ്രവർത്തിക്കും. ഇത് യാഥാർത്ഥ്യമാകുന്നതോടെ ബെംഗളൂരുവിന്റെ തെക്ക് ഭാഗങ്ങൾക്കും വിമാനത്താവളം, ഹെബ്ബാൾ - മാന്യത ടെക് ബെൽറ്റ് ഉൾപ്പെടെയുള്ള വടക്കൻ മേഖലയ്ക്കും ഇടയിലുള്ള യാത്ര എളുപ്പമാകും. അതിരൂക്ഷമായ ഗതാഗതക്കുരുക്കുള്ള ഔട്ടർ റിംഗ് റോഡിലെ തിരക്ക് കുറയ്ക്കാനും ഈ ഇന്റർചേഞ്ച് സഹായിക്കും.

നാഗവാരയിലെ ഭൂഗർഭ ജോലികൾ വളരെയധികം മുന്നോട്ട് പോയെന്നും, ഇടനാഴിയുടെ മൊത്തത്തിലുള്ള നിർമ്മാണം പുരോഗമിക്കുകയാണെന്നും ബി എം ആർ സി എൽ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയർ വിനോദ് എം സസലത്തി പറഞ്ഞു. ഈ ഇന്റർചേഞ്ച് രണ്ട് ലൈനുകൾക്കിടയിൽ തടസ്സമില്ലാത്ത യാത്ര ഉറപ്പാക്കുകയും, വടക്കൻ ബെംഗളൂരുവിലെ കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ചെയ്യും. ഹോറമാവ്, എച്ച്ആർബിആർ ലേഔട്ട്, കല്യാൺ നഗർ, കാസ്തൂരി നഗർ എന്നിവയുൾപ്പെടെയുള്ള വിവിധ സ്റ്റേഷനുകളിലെ സിവിൽ ജോലികളും പുരോഗമിച്ച് വരികയാണ്.
നാഗവാരയിലെ പ്രവർത്തികൾ മുന്നേറുന്നതിനിടെ, മാന്യത ടെക് പാർക്കിന് സമീപമുള്ള ബ്ലൂ ലൈനിലെ വീരനപാളയ മെട്രോ സ്റ്റേഷൻ്റെ ഡിസൈനും ബി എം ആർ സി എൽ അവതരിപ്പിച്ചിട്ടുണ്ട്. സാധാരണയായി രണ്ട് നിലകളുള്ള ഉയർത്തിയ സ്റ്റേഷനുകളിൽ നിന്ന് വ്യത്യസ്തമായി, വീരനപാളയത്തിന് മൂന്ന് നിലകളുണ്ടാകും. ഇത് ഈ സ്റ്റേഷനെ കൂടുതൽ വിശാലമാക്കും.
ഏറ്റവും താഴെ നില പ്രോപ്പർട്ടി വികസനത്തിനായി മാറ്റിവെച്ചിട്ടുണ്ട്. അതിനു മുകളിലായി കൺകോർസും, പിന്നെ പ്ലാറ്റ്ഫോമും ക്രമീകരിക്കും. മറ്റിടങ്ങളിൽ കടകളും മറ്റ് സൗകര്യങ്ങളും ഉണ്ടാകുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. മാന്യത ടെക് പാർക്കിലും സമീപ ഓഫീസുകളിലും ജോലി ചെയ്യുന്ന നിരവധി ജീവനക്കാരെ ലക്ഷ്യമിട്ടാണ് ഈ രൂപകൽപ്പന.
ബ്ലൂ ലൈനിന്റെ വടക്ക്-കിഴക്കൻ ഭാഗത്ത് ഹോരമാവു സ്റ്റേഷനിലെ സിവിൽ ജോലികൾ വേഗത്തിൽ പുരോഗമിക്കുന്നുണ്ട്. സമീപത്തെ കല്യാൺ നഗർ, കാസ്തൂരിനഗർ സ്റ്റേഷനുകൾ നിർമ്മാണത്തിൽ ഏറെ മുന്നിലാണെങ്കിലും എച്ച്ആർബിആർ ലേഔട്ട് സ്റ്റേഷന്റെ പ്രവർത്തനങ്ങൾ താരതമ്യേന മന്ദഗതിയിലാണ്.












Click it and Unblock the Notifications