ബെംഗളുരു മെട്രോ: പിങ്ക് ലൈന്‍ തുറക്കുന്നത് കാത്ത് യാത്രക്കാര്‍; കൂടുതല്‍ കോച്ചുകള്‍ ഡിപ്പോയിലെത്തി
ബെംഗളുരു: ലക്ഷക്കണക്കിന് യാത്രക്കാരുമായി ബെംഗളുരു നമ്മ മെട്രോ യാത്ര തുടരുമ്പോള്‍ ഏവരും ഉറ്റുനോക്കുന്നത് പിങ്ക് ലൈന്‍ പ്രവര്‍ത്തനക്ഷമമാകുന്നതാണ്. കലേന അഗ്രഹാര മുതല്‍ താവരേക്കരെ വരെയുള്ള 7.5 കിലോമീറ്റര്‍ എലിവേറ്റഡ് സ്‌ട്രെച്ച് ഈ വര്‍ഷം മെയ് മാസത്തോടെ തുറക്കുമെന്നാണ് ബാംഗ്ലൂര്‍ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് നല്‍കുന്ന ഉറപ്പ്. അതിനായുള്ള തയാറെടുപ്പുകള്‍ അണിയറയില്‍ സജീവമായി നടക്കുകയാണ്.
പിങ്ക് ലൈന്‍ യാഥാര്‍ഥ്യമാകുന്നതിന്റെ ഭാഗമായി, ബി.ഇ.എം.എല്‍ (ഭാരത് എര്‍ത്ത് മൂവേഴ്സ് ലിമിറ്റഡ്) നിര്‍മ്മിച്ച രണ്ടാമത്തെ ട്രെയിനിന്റെ മൂന്ന് കോച്ചുകള്‍ ചൊവ്വാഴ്ച പുലര്‍ച്ചെ തെക്കന്‍ ബെംഗളൂരുവിലെ കൊത്തന്നൂര്‍ ഡിപ്പോയിലെത്തി. തിങ്കളാഴ്ച രാത്രിയോടെ ബി.ഇ.എം.എല്‍ ഫാക്ടറിയില്‍ നിന്ന് പുറപ്പെട്ട കോച്ചുകള്‍ കൊത്തന്നൂര്‍ ഡിപ്പോയില്‍ അണ്‍ലോഡ് ചെയ്തുകഴിഞ്ഞു. ആറു കോച്ചുകളാണ് ഒരു ട്രെയിനിന് ഉള്ളത്. ചൊവ്വാഴ്ച രാത്രിയോടെ ബാക്കിയുള്ള മൂന്ന് കോച്ചുകള്‍ കൂടി എത്തും. ഇതോടെ ആറ് കോച്ചുകളുള്ള ട്രെയിന്‍ സെറ്റ് സജ്ജമാകും.

കഴിഞ്ഞ ഡിസംബര്‍ 11-നാണ് പിങ്ക് ലൈനിന്റെ ആദ്യത്തെ പ്രോട്ടോടൈപ്പ് ട്രെയിന്‍ പുറത്തിറക്കിയത്. ഈ ട്രെയിന്‍ ഇപ്പോള്‍ പരീക്ഷണ ഓട്ടത്തിലാണ്. ഇതിനാവശ്യമായ നിയമപരമായ അനുമതികള്‍ ലഭിക്കാന്‍ ഏകദേശം നാല് മാസമെടുക്കും.
വരുന്ന മെയ് മാസത്തോടെ പിങ്ക് ലൈനിലെ എലിവേറ്റഡ് സ്‌ട്രെച്ചിലൂടെ (ഉയരത്തിലുള്ള പാത) സര്‍വീസ് ആരംഭിക്കാനാണ് ബി.എം.ആര്‍.സി.എല്‍ ലക്ഷ്യമിടുന്നത്. കാലേന അഗ്രഹാര മുതല്‍ താവരേക്കരെ വരെയുള്ള ഈ 7.5 കിലോമീറ്റര്‍ പാത തുറക്കുന്നതോടെ ബെംഗളുരു മെട്രോ ശൃംഖലയുടെ ആകെ ദൈര്‍ഘ്യം നൂറ് കിലോമീറ്റര്‍ കടക്കും. ഇതോടെ ഇത്രയും വലിയ മെട്രോ ശൃംഖലയുള്ള ഇന്ത്യയിലെ രണ്ടാമത്തെ നഗരമായി ബെംഗളുരു മാറും.
നിലവില്‍ സ്റ്റേഷന്‍ നിര്‍മ്മാണവും ട്രാക്കിലെ ജോലികളും അവസാന ഘട്ടത്തിലാണ്. ഇവ പൂര്‍ത്തിയായാലുടന്‍ പരീക്ഷണ ഓട്ടം ആരംഭിക്കും. നാല് മുതല്‍ ആറ് മാസം വരെ എടുത്താണ് പുതിയ ട്രാക്കിലെ ട്രെയിനുകളുടെ പരീക്ഷണ ഓട്ടം പൂര്‍ത്തിയാക്കുന്നത്. പിങ്ക് ലൈനിലെ ഏറ്റവും നീളമേറിയ ഭൂഗര്‍ഭ പാത (14.76 കിലോമീറ്റര്‍ ദൈര്‍ഘ്യം) ഈ വര്‍ഷം ഡിസംബറോടെ യാത്രക്കാര്‍ക്കായി തുറന്നു കൊടുക്കാനാണ് ഉദ്ദേശിക്കുന്നത്.
കലേന അഗ്രഹാരയെയും നാഗവാരയെയും ബന്ധിപ്പിക്കുന്ന 21.25 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പിങ്ക് ലൈനില്‍ 13.76 കിലോമീറ്റര്‍ ഭൂഗര്‍ഭ ട്രാക്കുകളും 7.5 കിലോമീറ്റര്‍ എലിവേറ്റഡ് ട്രാക്കുകളും ഉള്‍പ്പെടും. എംജി റോഡ്, പോട്ടറി ടൗണ്‍, ഐഐഎംബി, ജെപി നഗര്‍ 4-ാം ഘട്ടം, ഹുളിമാവ് തുടങ്ങിയ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന 18 സ്റ്റേഷനുകളാണ് പിങ്ക് ലൈനിലുള്ളത്.












Click it and Unblock the Notifications