ബെംഗളൂരു മെട്രോ പിങ്ക് ലൈൻ തുരങ്കപാത ട്രയൽ റണ്‍ ഡിസംബറിൽ; നിർമ്മാണം അവസാന ഘട്ടത്തിലേക്ക്
ബെംഗളൂരിലെ ഏറ്റവും നീളം കൂടിയ മെട്രോ തുരങ്കപാതയുടെ നിർമ്മാണം അവസാനഘട്ടത്തിലേക്ക്. നവംബർ-ഡിസംബർ മാസത്തോടെ ട്രയൽ റണ്‍ പൂർത്തിയാക്കാനാകുമെന്നാണ് ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബിഎംആർസിഎൽ) പ്രതീക്ഷിക്കുന്നത്.
ഡയറി സർക്കിൾ മുതൽ നാഗവാര വരെ 13.76 കിമി നീളുന്നതാണ് പാത. 21.25 കിമിയാണ് പിങ്ക് ലൈൻ്റിൻ്റെ ആകെ നീളം. കലേന അഗ്രഹാര മുതൽ തവരേക്കര വരെ നീളുന്ന പിങ്ക് ലൈനിൻ്റെ ഭാഗമായ 7.5 കിമി പാതയുടെ ഉദ്ഘാടനം ഈ മാസം നടത്തേക്കുമെന്നാണ് റിപ്പോർട്ടുകൾ.

തുരങ്കപാതയ്ക്കായി വളരെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ബെംഗളൂരു നിവാസികൾ. പാത തുറക്കുന്നതോടെ എംജി റോഡിലൂടെ നഗരത്തിന്റെ വടക്കുഭാഗത്തെയും തെക്കുഭാഗത്തെയും ബന്ധിപ്പിക്കാനാകും. അതുപോലെ തന്നെ ബെംഗളൂരു മെട്രോയുടെ നാലാമത്തെ ഇന്റർചേഞ്ച് ആയി പാതമാറും. 2024ഒക്ടോബറിൽ തന്നെ ഇവിടുത്ത ടണലിംഗ് പ്രവൃത്തികൾ കഴിഞ്ഞിരുന്നു. ഈ വർഷം മെയിൽ ആണ് ട്രാക്കുകൾ സജ്ജമാക്കിയത്. അതേസമയം സിസ്റ്റംസ് സംബന്ധിച്ച നടപടികൾ പൂർത്തിയാക്കാൻ കൂടുതൽ സമയം ആവശ്യമായി വന്നു.
ഇലക്ട്രിക്കൽ , സിഗ്നലിംഗ്, ടെലികമ്മ്യൂണിക്കേഷൻ, എൻവയോണ്‍മെൻ്റൽ കണ്‍ട്രോൾ സിസ്റ്റംസ, ടണൽ വെൻ്റിലേഷൻ സിസ്റ്റംസ്, ഫയർഫൈറ്റിംഗ് സിസ്റ്റം, ഓട്ടോമാറ്റിക് ഫെയർ കളക്ഷൻ, ഗെയ്റ്റ്, മറ്റ് ഉപകരണ സംവിധാനങ്ങൾ എന്നിവ ഉൾപ്പെടുന്നതാണ് സിസ്റ്റംസ് നടപടികൾ.
എംജി റോഡ് ഉൾപ്പെടെയുള്ള ഡയറി സർക്കിൾ മുതൽ പോട്ടറി ടൗൺ വരെയുള്ള എട്ട് സ്റ്റേഷനുകളിൽ 750V ഡിസി തേർഡ് റെയിൽ സിസ്റ്റത്തിന്റെ ഇൻസ്റ്റലേഷനും എനർജൈസേഷനും പൂർത്തിയാക്കിയിട്ടുണ്ട്. തന്നേരി റോഡ് മുതൽ നാഗവാര വരെയുള്ള നാല് സ്റ്റേഷനുകളിലെ ജോലികൾ രണ്ടാഴ്ചക്കുള്ളിൽ പൂർത്തിയാക്കുമെന്നാണ് അധികൃതർ പറയുന്നത്.
ഡയറി സർക്കിൾ മുതൽ എംജി റഡ് വരെയുള്ള കൈൻമാറ്റിക് എൻവെലപ്പ് ക്ലിയറൻസും പൂർത്തിയാക്കിയിട്ടുണ്ട്. ഓക്സിലിയറി സബ്‌സ്റ്റേഷനുകൾ , ട്രാക്ഷൻ സബ്‌സ്റ്റേഷനുകൾ , പാനലുകൾ എന്നിവ തമ്മിൽ ബന്ധിപ്പിക്കുന്ന കേബ്ലിംഗ് പ്രവർത്തനങ്ങളും പൂർത്തീകരിച്ചു.
'സിസ്റ്റം ജോലികൾ അന്തിമഘട്ടത്തിലാണ്. ഏറെക്കുറെ എല്ലാ സ്റ്റേഷനുകളിലും ഇലക്ട്രിക്കൽ ,മെക്കാനിക്കൽ പണികൾ പൂർത്തിയാക്കിയിട്ടുണ്ട്. ഔട്ട്ഡോർ സിഗ്നലിംഗിലും പൂർത്തിയായി. അതസമയം ഇൻഡോർ സിഗ്നലിംഗ് ഇപ്പോഴും പുരോഗമിക്കുകയാണ്', ബിഎംആർസിഎൽ പബ്ലിക് റിലേഷൻസ് ഓഫീസർ ബിഎൽ യശ്വന്ത് ചവാൻ പറഞ്ഞു.അതേസമയം ട്രയൽ റണ്‍ പൂർത്തിയാക്കിയാലുടൻ സ്റ്റാറ്റ്യൂട്ടറി അപ്രൂവലിനുള്ള നടപടികളിലേക്ക് കടക്കുമെന്നും 2027 മാർച്ചോടെ പാത പൂർണമായും തുറക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അധികൃതർ വ്യക്തമാക്കി.


Click it and Unblock the Notifications
