ബെംഗളൂരു മെട്രോ കുതിക്കും; ബന്നാർഘട്ട മുതൽ വൈറ്റ് ഫീൽഡിനടുത്ത് വരെ വമ്പൻ പദ്ധതി വരുന്നു?, 50 സ്റ്റേഷനുകൾ
ബെംഗളൂരു നമ്മ മെട്രോ തങ്ങളുടെ ഏറ്റവും വലിയ ഇടനാഴി വികസിപ്പിക്കാനൊരുങ്ങുന്നു. തെക്കുകിഴക്കൻ ബെംഗളൂരുവിലെ പുതിയ അന്താരാഷ്ട്ര കായിക സമുച്ചയത്തിലേക്ക് ഒരു പുതിയ ബ്രാഞ്ച് ലൈൻ സ്ഥാപിച്ചുകൊണ്ടാണ് ഈ വികസനം. ബെംഗളൂരു മെട്രോ റെയിൽ കോർപറേഷൻ (ബി എം ആർ സി എൽ)) 68 കിലോമീറ്റർ മെട്രോ പാതയുടെ സാധ്യത പഠനം പൂർത്തിയാക്കി. ബന്നാർഘട്ട റോഡിലെ കലേന അഗ്രഹാരയെ വൈറ്റ്‌ഫീൽഡിനടുത്തുള്ള കടുകോടി ട്രീ പാർക്കുമായി ബന്ധിപ്പിക്കുന്നതായിരിക്കും പാത.
ബന്നാർഘട്ട, ജിഗനി, അത്തിബലെ, സർജാപുർ, ദൊമ്മാസന്ദ്ര സർക്കിൾ, വർതൂർ കോടി തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നുപോകുന്ന ഈ ലൈൻ നഗരത്തിലെ പ്രധാന ടെക് ഹബുകൾക്ക് പ്രയോജനപ്പെടും.പാതയുടെ അലൈൻമെന്റ്, ട്രാഫിക് ഡിമാൻഡ്, ഭൂമി ഏറ്റെടുക്കൽ, ചെലവ് കണക്കുകൾ, സ്റ്റേഷനുകളുടെ എണ്ണം, യാത്രക്കാരുടെ എണ്ണം എന്നിവ ഉൾക്കൊള്ളുന്ന പ്രാഥമിക റിപ്പോർട്ട് തയ്യാറാക്കി കഴിഞ്ഞു. ഡൽഹി ആസ്ഥാനമായുള്ള ഇൻട്രോസോഫ്റ്റ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡിനായിരുന്നു ഇതിന്റെ ചുമതല.

ബെംഗളൂരുവിൽ 2,350 കോടി രൂപ ചെലവിൽ ഒരു അന്താരാഷ്ട്ര കായിക സമുച്ചയത്തിന് സംസ്ഥാന മന്ത്രിസഭ അടുത്തിടെ അംഗീകാരം നൽകിയിരുന്നു. ആനേക്കൽ താലൂക്കിലെ ഇന്ദലവാടിയിലെ സൂര്യ സിറ്റി ഫേസ് 4-ലാണ് ഈ കൂറ്റൻ പദ്ധതി ഒരുങ്ങുക. ഈ പുതിയ കായിക സമുച്ചയത്തിലേക്ക് മെട്രോ കണക്റ്റിവിറ്റി ഒരുക്കാൻ ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ ലിമിറ്റഡിന് (BMRCL) നിർദേശം നൽകിയിട്ടുണ്ട്. ഇതുകൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള സാധ്യതപഠനമാണ് ഉപ്പോൾ കൺസൾട്ടന്റ് നടത്തുന്നത്. ഇതോടെ പാതയുടെ ആകെ ദൈർഘ്യം 72 കിലോമീറ്ററായി വർധിക്കും.
സാധ്യത റിപ്പോർട്ട് ഒക്ടോബർ അവസാനത്തോടെ സംസ്ഥാന സർക്കാരിന് സമർപ്പിക്കാനാണ് ബിഎംആർസിഎൽ പദ്ധതിയെന്ന് ഡെക്കാൻ ഹെരാൽഡ് റിപ്പോർട്ട് ചെയ്തു. പദ്ധതിക്ക് അംഗീകാരം ലഭിച്ചാൽ ഡിപിആർ നടപടികളിലേക്ക് കടക്കുമെന്ന് കമ്പനി അറിയിച്ചു.
ഡിപിആർ തയ്യാറാക്കാൻ സാധാരണയായി ഒരു വർഷവും സംസ്ഥാന, കേന്ദ്ര സർക്കാരുകളുടെ അനുമതികൾക്ക് രണ്ട് വർഷം വരെയും എടുത്തേക്കാം. അനുമതികൾ ലഭിച്ചാൽ 2029-ഓടെ നിർമ്മാണം ആരംഭിക്കുകയും അഞ്ചു മുതൽ പത്ത് വർഷത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കുകയും ചെയ്യും.
ഭൂമിക്കടിയിലൂടെയും മുകളിലൂടെയുമുള്ള പാതകൾ ഉൾപ്പെടുന്ന ഈ ഇടനാഴി സാങ്കേതികമായി വളരെയേറെ വെല്ലുവിളികൾ നിറഞ്ഞതായിരിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സർജാപുർ മേഖലയിൽ വരുന്ന സ്വിഫ്റ്റ് സിറ്റി, സ്റ്റാർട്ടപ്പുകൾക്കും വർക്ക്‌ഷോപ്പുകൾക്കുമായി 1,000 ഏക്കറിൽ ഒരുങ്ങുന്ന സംയോജിത ടൗൺഷിപ്പ് എന്നിവയെയും ലൈൻ ബന്ധിപ്പിക്കും.
"പ്രദേശം ഇപ്പോഴും വികസ്വര ഘട്ടത്തിലായതുകൊണ്ട് സ്റ്റേഷനുകൾ തമ്മിലുള്ള ദൂരം കൂടുതലായിരിക്കും. എന്നിരുന്നാലും എന്നിരുന്നാലും, ഈ പാതയിൽ 50-ൽ അധികം സ്റ്റേഷനുകൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.ഭവന, നഗരകാര്യ മന്ത്രാലയത്തിൻ്റെ (MoHUA) നിർദ്ദേശപ്രകാരം BMRCL തയ്യാറാക്കുന്ന 210.9 കിലോമീറ്റർ മാസ്റ്റർപ്ലാനിന്റെ ഭാഗമാണ് ഈ ലൈൻ. പുതിയ മാസ്റ്റർ പ്ലാനിൽ ആറ് പുതിയ പാതകളും രണ്ട് പുതിയ ലൈനുകളും ഉൾപ്പെടുന്നു. ഇത് ബെംഗളൂരുവിന്റെ മെട്രോ ശൃംഖലയുടെ ആകെ ദൂരം 467.69 കിലോമീറ്ററായി ഉയർത്തും. ഈ വികസനം ഡൽഹി-എൻസിആറിന്റെ ആസൂത്രിത 467 കിലോമീറ്റർ മെട്രോ ശൃംഖലയ്ക്ക് സമാനമായ വലുപ്പത്തിൽ ബെംഗളൂരുവിനെയും എത്തിക്കും.












Click it and Unblock the Notifications