ബെംഗളൂരു-മുംബൈ പുതിയ ട്രെയിന്‍ പ്രഖ്യാപിച്ച് കേന്ദ്രം..! സൂപ്പര്‍ഫാസ്റ്റല്ല, യാത്രാസമയം 24 മണിക്കൂര്‍!!
ബെംഗളൂരു: ബെംഗളൂരുവിനും മുംബൈയ്ക്കുമിടയില്‍ ഹുബ്ബള്ളി വഴി പുതിയൊരു തീവണ്ടി സര്‍വീസ് പ്രഖ്യാപിച്ച് റെയില്‍വേ. എന്നാല്‍ റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് നല്‍കിയ ഉറപ്പുകള്‍ക്ക് വിരുദ്ധമായി ഈ സര്‍വീസ് സൂപ്പര്‍ഫാസ്റ്റ് ആയിരിക്കില്ല, ഏകദേശം 24 മണിക്കൂര്‍ യാത്രാ സമയം വേണ്ടി വരുന്ന സര്‍വീസാണ് ഇപ്പോള്‍ റെയില്‍വേ അനുവദിച്ചിരിക്കുന്നത്.
എസ്എംവിടി ബെംഗളൂരു-ലോകമാന്യ തിലക് ടെര്‍മിനസ്-എസ്എംവിടി ബെംഗളൂരു ദ്വൈവാര എക്സ്പ്രസ് മെയ് 23 ന് ബെംഗളൂരുവിലെ എസ്എംവിടിയില്‍ നിന്നും മെയ് 24 ന് ലോക്മാന്യ തിലക് ടെര്‍മിനസില്‍ നിന്നും പുറപ്പെടും. ട്രെയിന്‍ നമ്പര്‍ 16553 ശനി, ചൊവ്വ ദിവസങ്ങളില്‍ രാത്രി 8.35 ന് എസ്എംവിടി ബെംഗളൂരുവില്‍ നിന്ന് പുറപ്പെട്ട് യഥാക്രമം ഞായറാഴ്ചകളിലും ബുധനാഴ്ചകളിലും രാത്രി 8.40 ന് എല്‍ടിടിയില്‍ എത്തും.

മടക്കയാത്രയില്‍, ട്രെയിന്‍ നമ്പര്‍ 16554 ഞായറാഴ്ചകളിലും ബുധനാഴ്ചകളിലും രാത്രി 11.15 ന് എല്‍ടിടിയില്‍ നിന്ന് പുറപ്പെട്ട് തിങ്കള്‍, വ്യാഴാഴ്ചകളില്‍ യഥാക്രമം രാത്രി 10.30 ന് എസ്എംവിടി ബെംഗളൂരുവില്‍ എത്തിച്ചേരും. 17 എല്‍എച്ച്ബി കോച്ചുകളുള്ള ഈ ട്രെയിന്‍ ദാവന്‍ഗെരെ, ഹുബ്ബള്ളി, ധാര്‍വാഡ്, ബെലഗാവി, മിരാജ്, സാംഗ്ലി, കരാഡ്, സത്താറ, ലോനാട്, പൂനെ, ലോണാവാല, കര്‍ജാത്ത്, കല്യാണ്‍, താനെ എന്നിവിടങ്ങളില്‍ നിര്‍ത്തും.
കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും ഇടയിലുള്ള വര്‍ധിച്ച് വരുന്ന യാത്രാ ആവശ്യം നിറവേറ്റുന്നതിനും ബെംഗളൂരു, ഹുബ്ബള്ളി-ധാര്‍വാഡ്, ബെലഗാവി, പൂനെ, മുംബൈ എന്നിവിടങ്ങള്‍ക്കിടയില്‍ യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് മെച്ചപ്പെട്ട കണക്റ്റിവിറ്റി നല്‍കുന്നതിനും ഈ സര്‍വീസ് സഹായിക്കുമെന്ന് സൗത്ത് വെസ്റ്റേണ്‍ റെയില്‍വേ (എസ് ഡബ്ല്യു ആര്‍) അറിയിച്ചു.
പതിവ് സര്‍വീസ് ആരംഭിക്കുന്നതിന് മുമ്പ്, മെയ് 17 ന് റെയില്‍വേ ഒരു വണ്‍-വേ സ്പെഷ്യല്‍ ട്രെയിന്‍ (06557 എസ്എംവിടി ബെംഗളൂരു-എല്‍ടിടി ഉദ്ഘാടന സ്പെഷ്യല്‍) ഓടിക്കും. എസ്എംവിടി ബെംഗളൂരുവില്‍ നിന്ന് രാവിലെ 10 മണിക്ക് പുറപ്പെട്ട് അടുത്ത ദിവസം രാവിലെ 10.30 ന് എല്‍ടിടിയില്‍ എത്തും. 2025 ഡിസംബറില്‍ ട്രെയിനിന് അംഗീകാരം ലഭിച്ചെങ്കിലും അതിന്റെ നീണ്ട ഷെഡ്യൂള്‍ വ്യാപകമായ വിമര്‍ശനത്തിന് ഇടയാക്കി.
തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികളും സമയക്രമത്തെ വിമര്‍ശിച്ചു. ഇക്കഴിഞ്ഞ ഏപ്രില്‍ 25 ന് ബെംഗളൂരു സന്ദര്‍ശിച്ച റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്, മുംബൈയിലേക്ക് രണ്ട് ട്രെയിനുകള്‍ ലഭിക്കുമെന്ന് പറഞ്ഞിരുന്നു. കലബുറഗി വഴി വന്ദേ ഭാരത് സ്ലീപ്പര്‍, എല്‍എച്ച്ബി കോച്ചുകളുള്ള ഹുബ്ബള്ളി വഴി ഒരു സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ എന്നിവയായിരുന്നു അത്.
ധാര്‍വാഡ് എംപിയും കേന്ദ്രമന്ത്രിയുമായ പ്രഹ്ലാദ് ജോഷിയും ഇത് ഒരു സൂപ്പര്‍ഫാസ്റ്റ് ആയിരിക്കുമെന്നും പിന്നീട് വന്ദേ ഭാരത് സ്ലീപ്പറായി അപ്ഗ്രേഡ് ചെയ്യുമെന്നും പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഷെഡ്യൂള്‍ നോക്കുമ്പോള്‍, ട്രെയിന്‍ നമ്പര്‍ 16553-16554 ഒരു സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ അല്ല. സൂപ്പര്‍ഫാസ്റ്റ് ട്രെയിനിന്റെ പരിധിക്ക് താഴെ, ശരാശരി 52 കിലോമീറ്റര്‍ വേഗതയില്‍ ഏകദേശം 24 മണിക്കൂറിനുള്ളില്‍ ട്രെയിന്‍ 1,209 കിലോമീറ്റര്‍ ദൂരം സഞ്ചരിക്കും.
ബെംഗളൂരു-മുംബൈ റൂട്ടില്‍ ഹുബ്ബള്ളി വഴി വന്ദേ ഭാരത് സ്ലീപ്പര്‍ സര്‍വീസ് ലഭിക്കുമെന്ന് എസ്ഡബ്ല്യുആര്‍ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ മഞ്ജുനാഥ് കാനാമഡി പറഞ്ഞു, വിശദാംശങ്ങള്‍ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും കൂട്ടിച്ചേര്‍ത്തു. അതേസമയം കര്‍ണാടക റെയില്‍വേ വേദികെയിലെ ടി പി ലോകേഷ് നീണ്ട ഷെഡ്യൂളിനെ വിമര്‍ശിച്ചു. കെഎസ്ആര്‍ ബെംഗളൂരുവിനെയോ സിഎസ്എംടിയെയോ ബന്ധിപ്പിക്കുന്ന സര്‍വീസല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.















Click it and Unblock the Notifications