ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പർ ഓഗസ്റ്റിൽ എത്തും? പുതിയ വിവരങ്ങൾ ഇങ്ങനെ
കെഎസ്ആർ ബെംഗളൂരുവിനും മുംബൈ സിഎസ്‌എംടിക്കും ഇടയിൽ പ്രഖ്യാപിച്ച വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ ഓഗസ്റ്റ് മുതൽ സർവ്വീസ് തുടങ്ങിയേക്കുമെന്ന് റിപ്പോർട്ട്. ഈ വർഷം അവസാനമായിരിക്കും സർവ്വീസ് ആരംഭിക്കുകയെന്ന തരത്തിൽ അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. അതിനിടയിലാണ് ഉടൻ തന്നെ ട്രെയിൻ എത്തുമെന്നുള്ള വാർത്തകൾ വരുന്നത്. എന്നാൽ ഇക്കാര്യത്തിൽ റെയിൽവെ മന്ത്രാലയം യാതൊരു സ്ഥിരീകരണവും നടത്തിയിട്ടില്ല.
രാജ്യത്തെ രണ്ടാമതെ വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ മുംബൈയ്ക്കും ബെംഗളൂരുവിനും ഇടയിലായിരിക്കുമെ്ന് കഴിഞ്ഞാഴ്ചയാണ് റെയിൽവെ മന്ത്രി പ്രഖ്യാപിച്ചത്. എന്നാൽ ട്രെയിനിൻ്റെ റൂട്ടോ എപ്പോൾ സർവ്വീസ് തുടങ്ങും എന്ന വിവരങ്ങളോ ഒന്നും അധികൃതർ വ്യക്തമാക്കിയിരുന്നില്ല . സോലാപൂർ, കലബുറഗി വഴിയാകും ട്രെയിൻ കടന്നുപോകുക എന്നാണ് സൂചന. . നിലവിലെ 24 മണിക്കൂറിലേറെയുള്ള യാത്രാ സമയം ഏകദേശം 15 മണിക്കൂറായി ഇത് കുറയ്ക്കും.ഒരു ദശാബ്ദത്തിലേറെയായി ബെംഗളൂരു-മുംബൈ റൂട്ടിൽ ഉദ്യാൻ എക്സ്പ്രസ് മാത്രമായിരുന്നു ഏക ആശ്രയം; ഇതിന്റെ ദൈർഘ്യമേറിയ യാത്ര വേഗതയുള്ള ഒരു ബദൽ അനിവാര്യമാക്കി.

ഇന്ത്യൻ റെയിൽവേയുടെ പ്രീമിയം സെമി-ഹൈസ്പീഡ് സർവീസായ വന്ദേഭാരത് ട്രെയിനുകൾ ഡേ-ട്രാവൽ (ചെയർ കാർ) സർവീസുകളായി മാത്രമാണ് പ്രവർത്തിച്ചിരുന്നത്. ദീർഘദൂര യാത്രക്കാർക്ക് സൗകര്യപ്രദമായ സ്ലീപ്പർ പതിപ്പ് ഈ വർഷം ജനുവരിയിലാണ് ആദ്യമായി അവതരിപ്പിച്ചത്. ബംഗാൾ-അസം റൂട്ടിലാണ് ആദ്യമായി ട്രെയിൻ സർവ്വീസ് നടത്തിയത്.
ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പർ എത്തുന്നത് വലിയ മാറ്റമാകും. സർവ്വീസ് ഐടി പ്രൊഫഷണലുകൾക്കും ബിസിനസ് യാത്രക്കാർക്കും വലിയ ആശ്വാസമാകും. പ്രത്യേകിച്ച് ബെംഗളൂരു-മുംബൈ ഇടയിലുള്ള പാത ഇന്ത്യയിലെ ഏറ്റവും തിരക്കേറിയ കോറിഡോറുകളിൽ ഒന്നാണ്.
വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ പ്രധാന സവിശേഷതകൾ:
ഉയർന്ന വേഗത (160 കിമീ ഡിസൈൻ സ്പീഡ്)
ആധുനിക എയർ കണ്ടീഷൻഡ് സ്ലീപ്പർ കോച്ചുകൾ
ബയോ-വാക്വം ടോയ്ലറ്റുകൾ
ഓട്ടോമാറ്റിക് ഡോർ സിസ്റ്റം
മെച്ചപ്പെടുത്തിയ സസ്പെൻഷൻ (കുറഞ്ഞ വൈബ്രേഷൻ, കൂടുതൽ കംഫർട്ട്)
ഓൺബോർഡ് ഇൻഫോടെയിൻമെന്റ്, ചാർജിംഗ് പോയിന്റുകൾ
അതേസമയം വന്ദേഭാരത് സ്ലീപ്പറിന് പുറമെ, ബെംഗളൂരു-മുംബൈ റൂട്ടിൽ ഹുബ്ബള്ളി, പൂനെ വഴി എൽ എച്ച് ബി കോച്ചുകളുള്ള പുതിയ സൂപ്പർഫാസ്റ്റ് ട്രെയിൻ കൂടി ആരംഭിക്കാൻ റെയിൽവേ പരിഗണിക്കുന്നുവെന്ന റിപ്പോർട്ടുകളും ഉണ്ട്. ഇത് ഈ കോറിഡോറിൽ കണക്റ്റിവിറ്റി വർധിപ്പിക്കാനും തിരക്ക് കുറയ്ക്കാനും സഹായിക്കും.












Click it and Unblock the Notifications