മൃഗശാലയില്‍ ഗര്‍ഭിണിയായ ഹിപ്പോയുടെ ആക്രമണം; ബെംഗളൂരു സ്വദേശിനിയായ ഡോക്ടര്‍ കൊല്ലപ്പെട്ടു
ബെംഗളൂരു: കര്‍ണാടകയിലെ മൃഗശാലയില്‍ ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ യുവതി കൊല്ലപ്പെട്ടു. ബെംഗളൂരു സ്വദേശിനിയായ സമീക്ഷ റെഡ്ഡിയാണ് കൊല്ലപ്പെട്ടത്. ശിവമൊഗ്ഗയ്ക്ക് സമീപമുള്ള ത്യാവരെകൊപ്പ ലയണ്‍ ആന്‍ഡ് ടൈഗര്‍ സഫാരിയില്‍ വച്ചാണ് വെറ്ററിനറി ഡോക്ടറായ 27-കാരി കൊല്ലപ്പെട്ടത്. മൃഗശാലയിലെ ഹിപ്പോപ്പൊട്ടാമസിന്റെ കൂടിനുള്ളില്‍ പതിവ് പരിശോധനയ്ക്കു വേണ്ടി പ്രവേശിച്ചപ്പോഴാണ് അപ്രതീക്ഷിതമായി ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
സാധാരണയായി ശാന്തസ്വഭാവം കാണിക്കാറുള്ള മൃഗം പെട്ടെന്ന് ആക്രമണകാരിയാവുകയായിരുന്നു. തുടര്‍ന്ന് യുവ ഡോക്ടറെ ആക്രമിക്കുകയായിരുന്നു. ഹിപ്പോപ്പൊട്ടാമസിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ ഡോക്ടറെ ഉടന്‍ തന്നെ സഫാരിയിലെ മറ്റ് ജീവനക്കാര്‍ ചേര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തലയ്ക്കും നെഞ്ചിനും ഏറ്റ ആഴത്തിലുള്ള മുറിവുകളാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ഡോക്ടറെ ആക്രമിച്ച ഹിപ്പോയെ നാല് വര്‍ഷം മുമ്പാണ് മൈസൂരു മൃഗശാലയില്‍ നിന്ന് ശിവമൊഗ്ഗ സഫാരിയിലേക്ക് കൊണ്ടുവന്നത്. ഗര്‍ഭിണിയായതിനാല്‍ സൂക്ഷ്മ നിരീക്ഷണത്തിലായിരുന്നു. നാലു ദിവസം മാത്രമാണ് പ്രസവിക്കാനുണ്ടായിരുന്നത്.
ബെംഗളൂരുവില്‍ താമസിക്കുന്ന സമീക്ഷ ബിസിനസുകാരനായ ധ്രുവ കുമാറിന്റെയും ഷൈലജയുടെയും ഏക മകളായിരുന്നു. ബെംഗളൂരുവിലും ശിവമൊഗ്ഗയിലും വെറ്ററിനറി ബിരുദം പൂര്‍ത്തിയാക്കിയ ശേഷം ഒന്നരമാസം മുമ്പാണ് പ്രത്യേക പരിശീലനത്തിനായാണ് മൃഗശാലയില്‍ എത്തിയത്.
ഈ സംഭവത്തെക്കുറിച്ച് വനംവകുപ്പ് ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മൃഗങ്ങളെ ചികിത്സിക്കുന്ന സമയത്ത് പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളില്‍ എന്തെങ്കിലും തരത്തിലുള്ള വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോ എന്ന് അധികൃതര്‍ പരിശോധിച്ചുവരികയാണ്. സഫാരി പാര്‍ക്കില്‍ മൃഗ ഡോക്ടര്‍മാര്‍ക്കും പാപ്പാന്മാര്‍ക്കും നേരെ ഇത്തരം ആക്രമണങ്ങള്‍ അപൂര്‍വ്വമായാണ് സംഭവിക്കാറുള്ളതെന്നും ഈ മരണം ജീവനക്കാര്‍ക്കിടയില്‍ വലിയ ഞെട്ടലുണ്ടാക്കിയെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ കര്‍ണാടക വനം, പരിസ്ഥിതി, പരിസ്ഥിതി മന്ത്രി ഈശ്വര്‍ ബി ഖന്ദ്രെ ഉത്തരവിട്ടു.












Click it and Unblock the Notifications