ബെംഗളൂരു ന്യൂയർ ആഘോഷിച്ചോളൂ; പക്ഷെ മാസ്ക് ധരിച്ചാൽ പണി കിട്ടും, നിയന്ത്രണങ്ങൾ ഇങ്ങനെ
ബെംഗളൂരു: പുതുവത്സത്തെ വരവേൽക്കാനുള്ള തയ്യാറെടുപ്പിനിടെ ബാംഗ്ലൂരിൽ കൂടുതൽ നിയന്ത്രണങ്ങൾ. ആഘോഷങ്ങളിൽ ആളുകൾ മാസ്ക് ധരിക്കരുതെന്നും വിസിൽ വിളിക്കരുതെന്നുമാണ് നിർദ്ദേശം. നഗരത്തിൽ ശക്തമായ നിരീക്ഷണവും പോലീസ് ഏർപ്പെടുത്തിയിട്ടുണ്ട്.
ബെംഗളൂരിൽ ന്യൂയർ ആഘോഷങ്ങൾക്ക് ഏറ്റവും കൂടുതൽ ആളുകൾ ഒത്തുകൂടുന്നിടം എംജി റോഡാണ്. ഇവിടെ ഒരു ലക്ഷം പേരെങ്കിലും എത്തുമെന്നാണ് കണക്കാപ്പെട്ടുന്നത്. ഈ സാഹചര്യത്തിൽ പ്രദേശത്ത് പോലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. 2000ത്തോളം പോലീസുകാരെയാണ് ഇവിടെ വിന്യസിച്ചിരിക്കുന്നത്.

ബ്രിഗേഡ് റോഡ്, ചർച്ച് സ്ട്രീറ്റ്, ഇന്ദിരാനഗർ, എച്ച്എസ്ആർ ലേഔട്ട്, കോറമംഗല എന്നിവിടങ്ങളിൽ പ്രത്യേകം ലൈറ്റുകൾ സജ്ജീകരിച്ചിട്ടുണ്ട്. ആഘോഷങ്ങൾ നടക്കുന്ന മറ്റൊരു മേഖലയായ കൊരമംഗലയിലും ആയിരത്തിലധികം ഉദ്യോഗസ്ഥരെ വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. സിസിടിവി നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ 150 ക്യാമറകൾ അധികമായി സ്ഥാപിച്ചിട്ടുണ്ട്. തിരക്ക് പരിഗണിച്ച് എല്ലാ മേൽപാലങ്ങളും റോഡുകളും അടച്ചിടും. എംജി റോഡിൽ നിന്നുള്ള മെട്രോ, ബസ് സർവീസുകൾ പുലർച്ചെ 2 മണി വരെ പ്രവർത്തിക്കുമെന്നും അധികൃതർ അറിയിച്ചു.
സ്ത്രീകളെ ശല്യം ചെയ്യുന്നത് പോലുള്ള സംഭവങ്ങളിൽ വ്യക്തികൾക്ക് 500 രൂപ പിഴ ചുമത്തുമെന്നും അത്തരം നിയമലംഘകരെ പോലീസിന് കൈമാറുമെന്നും ബെംഗളൂരു മെട്രോ റെയിൽ കോർപ്പറേഷൻ (ബിഎംആർസിഎൽ) അറിയിച്ചു. യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ മെട്രോ കോച്ചുകളിലും സുരക്ഷാ ജീവനക്കാരെ നിയോഗിക്കും.
ആഘോഷങ്ങൾക്കിടയിൽ സ്ത്രീ സുരക്ഷ ഉറപ്പാക്കാൻ റാണി ചെന്നമ്മ സ്പെഷ്യൽ സ്ക്വാഡിനെ നിയോഗിക്കും. വാച്ച് ടവറുകൾ തയ്യാറാക്കും. ആരോഗ്യപരമായ ആവശ്യങ്ങൾ നിറവേറ്റാനുള്ള സംവിധാനങ്ങളും ഒരുക്കുമെന്നും അധികൃതർ അറിയിച്ചു. മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയും. നിയമലംഘകരിൽ നിന്നും പിഴ ഈടാക്കും.
നേരത്തേ 2017 ൽ പുതുവത്സരാഘോഷത്തിനിടെ എംജി റോഡിൽ വെച്ച് സ്ത്രീകൾക്കെതിരെ അതിക്രമം നടന്നത് വലിയ വിവാദമായിരുന്നു. സ്ത്രീകൾ സഹായത്തി്ന അഭ്യർത്ഥിച്ച് വാവിട്ട് കരയുന്ന സാഹചര്യം ഉണ്ടായിരുന്നു. നിരവധി പേരാണ് പരാതി ഉയർത്തിയത്. ഈ സാഹര്യത്തിലാണ് എംജി റോഡ് പോലുള്ള തിരക്കേറിയ റോഡുകളിൽ കൂടുതൽ പോലീസിനെ വിന്യസിച്ചത്.
അതേസമയം ഇക്കുറി കുറഞ്ഞത് 8 ലക്ഷം പേരെങ്കിലും നഗരത്തിൽ ന്യൂയർ തകർക്കാൻ എത്തുമെന്നാണ് സർക്കാരിന്റെ കണക്ക് കൂട്ടൽ. അതുകൊണ്ട് തന്നെ തിരക്ക് നിയന്ത്രിക്കാൻ വിപുലമായ ക്രമീകരണങ്ങൾ ആണ് ഏർപ്പെടുത്തിയത്.












Click it and Unblock the Notifications