ബെംഗളൂരു പണി തന്നോ? ഓപണ്‍ ടോയ്‌ലറ്റ് കണ്ടു ഞെട്ടി യുവതികൾ; വീഡിയോ വൈറൽ
ഐടി ഹബ്ബായ ബെംഗളൂരുവിൽ അനുയോജ്യമായ ഒരു വാടകവീട് കണ്ടെത്തുക എന്നത് നിലവിൽ വലിയൊരു വെല്ലുവിളിയാണ്. എന്നാൽ, ഇവിടെ ഓൺലൈൻ വഴി വീട് തിരഞ്ഞുപോയ രണ്ട് യുവതികൾക്ക് നേരിടേണ്ടി വന്ന അനുഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച. ഫ്ലാറ്റിന്റെ ബാൽക്കണിയിൽ സജ്ജീകരിച്ചിരിക്കുന്ന ഒരു ക്ലോസറ്റിന്റെ ദൃശ്യങ്ങളാണ് ആളുകളിൽ കൗതുകം ജനിപ്പിക്കുന്നത്.
തൃഷ എന്ന യുവതി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ബെംഗളൂരുവിലെ വിചിത്രമായ ഫ്ലാറ്റ് ഘടന പുറംലോകം അറിഞ്ഞത്. തന്റെ സുഹൃത്തിനൊപ്പം ബെംഗളൂരുവിൽ താമസിക്കാൻ അനുയോജ്യമായ റെന്റൽ പ്രോപ്പർട്ടി അന്വേഷിക്കുന്നതിനിടെയാണ് അവർ ഈ ഫ്ലാറ്റിൽ എത്തിയത്. തുടക്കത്തിൽ സാധാരണ ഒരു വീടുപോലെ തോന്നിച്ചെങ്കിലും പ്രോപ്പർട്ടിയുടെ ബാൽക്കണിയിലേക്ക് പ്രവേശിച്ചപ്പോഴാണ് ടോയ്ലറ്റ് കണ്ടത്.

വൈറല്‍ വീഡിയോയില്‍ നിന്ന്
സാധാരണയായി ചെടികൾ വെക്കാനും വസ്ത്രങ്ങൾ ഉണക്കാനും അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ നഗരക്കാഴ്ചകൾ ആസ്വദിക്കാനും ഉപയോഗിക്കുന്ന ബാൽക്കണിയാണ് ഇവിടെ ശുചിമുറിയാക്കി മാറ്റിയിരിക്കുന്നത്. വാതിലുകളോ സുരക്ഷാ മറകളോ ഇല്ലാതെയാണ് ഈ വെസ്റ്റേൺ ക്ലോസറ്റ് വെറുമൊരു ഓപ്പൺ സ്പേസിൽ സ്ഥാപിച്ചിരിക്കുന്നത്. "ബെംഗളൂരുവിലെ ഇതുവരെയുള്ള വീട് തിരച്ചിൽ" എന്ന അടിക്കുറിപ്പോടെയാണ് തൃഷ വീഡിയോ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.
നഗരത്തിൽ വർധിച്ചുവരുന്ന ജനസംഖ്യയും ഫ്ലാറ്റുകൾക്ക് ആവശ്യക്കാർ കൂടുന്നതും കണക്കിലെടുത്ത് ഉടമകൾ നടത്തുന്ന വിചിത്രമായ നിർമാണ രീതികൾക്ക് വലിയ ഉദാഹരണമാണ് ഈ ദൃശ്യങ്ങൾ. ചുരുങ്ങിയ സമയം കൊണ്ട് തന്നെ നിരവധി ആളുകളാണ് ഈ വീഡിയോ കണ്ടത്. വൻ നഗരങ്ങളിലെ വീടുകളിലുള്ള സ്ഥലപരിമിതിയാണ് പലരും എടുത്തു പറഞ്ഞത്.
ഇത്തരം വിചിത്രമായ വീടുകൾ ബെംഗളൂരുവിലെ റിയൽ എസ്റ്റേറ്റ് ഉടമകളുടെ അത്യാഗ്രഹത്തിൽ നിന്നും ജനിക്കുന്നതാണെന്ന് ചിലര് അഭിപ്രായപ്പെട്ടു. വാടക വാങ്ങുക മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യം എന്നും ചിലര് കുറ്റപ്പെടുത്തി. മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന ഐടി പ്രൊഫഷണലുകളും മെട്രോ നഗരങ്ങളിലേക്ക് ജോലിക്കായി കുടിയേറുന്നവരും അനുഭവിക്കുന്ന പ്രധാന വെല്ലുവിളി മികച്ച താമസ സ്ഥലം കണ്ടെത്തുക എന്നതാണ് എന്ന കമന്ർറുകളുമുണ്ട്.
ബെംഗളൂരുവിലെ വീട്ടുടമസ്ഥര്‍ വാടകക്കാരുടെ ക്ഷമ പരീക്ഷിക്കരുത്, പുതിയ പരീക്ഷണങ്ങള്‍, പ്രകൃതി ആസ്വദിച്ച് കാര്യം സാധിക്കാം, പഴയ കാലത്തേക്ക് നമ്മള്‍ തിരിച്ചുപോകുന്നു, രാവിലെ ചായ കുടി പത്ര വായന കാര്യം സാധിക്കല്‍ എല്ലാം ഒരുമിച്ച്, പണമുണ്ടാക്കുക എന്ന ലക്ഷ്യം മാത്രമുള്ള വീട്ടുടമസ്ഥര്‍ ഇവിടെയാണ് തുടങ്ങി പലതരം പരിഹാസങ്ങളും വീഡിയോക്ക് താഴെയുണ്ട്.















Click it and Unblock the Notifications