ഇന്ധനവില ഉയർന്നതോടെ സ്കൂൾ ഗതാഗത സേവനങ്ങൾ നടത്തുന്നത് വലിയ സാമ്പത്തിക ബാധ്യതയായി മാറിയെന്നാണ് സ്വകാര്യ സ്കൂൾ മാനേജ്മെന്റുകളും അസോസിയേഷനുകളും പറയുന്നത്. ഡീസൽ, പെട്രോൾ വില വർധിച്ചതിന് പുറമെ വാഹനങ്ങളുടെ മെയിന്റനൻസ്, ഇൻഷുറൻസ്, ഡ്രൈവർമാരുടെയും സഹായികളുടെയും ശമ്പളം എന്നിവയും കുത്തനെ ഉയർന്നതായി അവർ ചൂണ്ടിക്കാട്ടുന്നു.
“വർഷങ്ങളായി പല സ്കൂളുകളും ബസ് ഫീസിൽ വലിയ മാറ്റമില്ലാതെ സർവീസ് തുടരുകയായിരുന്നു. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ പഴയ നിരക്കിൽ ഇനിയും മുന്നോട്ടുപോകുന്നത് നഷ്ടമാണ്,” എന്നാണ് ഒരു സ്വകാര്യ സ്കൂൾ അസോസിയേഷൻ പ്രതിനിധിയുടെ പ്രതികരണം. നിലവിൽ പല സ്കൂളുകളും റൂട്ടിന്റെ ദൂരമനുസരിച്ച് പ്രതിമാസം 1,500 മുതൽ 2,500 വരെയാണ് ബസ് ഫീസ് ഈടാക്കുന്നത്. എന്നാൽ പുതിയ നിരക്കുകൾ പ്രാബല്യത്തിൽ വരുന്നതോടെ ദൂരക്കൂടുതലുള്ള റൂട്ടുകളിലും വലിയ വാഹനങ്ങൾ ഉപയോഗിക്കുന്ന സർവീസുകളിലും ഫീസ് ഗണ്യമായി ഉയരാനാണ് സാധ്യത.
ഇതുവരെ വർധിച്ചുവരുന്ന ചിലവുകളുടെ വലിയൊരു പങ്ക് സ്കൂളുകൾ സ്വന്തം നിലയിൽ വഹിച്ചിരുന്നുവെന്നും വിദ്യാർത്ഥികളിലേക്ക് അധികഭാരം മാറ്റാതിരിക്കാൻ ശ്രമിച്ചിരുന്നുവെന്നും മാനേജ്മെന്റുകൾ പറയുന്നു. എന്നാൽ സമീപകാലത്തെ ഇന്ധനവില വർധനവ് കാരണം ഇനി നിരക്ക് കൂട്ടാതെ വഴിയില്ലെന്നാണ് അവരുടെ വിശദീകരണം.
അതേസമയം, പുതിയ തീരുമാനം മധ്യവർഗ്ഗ കുടുംബങ്ങളുടെ ബജറ്റിനെ സാരമായി ബാധിക്കുമെന്ന ആശങ്കയിലാണ് രക്ഷിതാക്കൾ. ട്യൂഷൻ ഫീസ്, പുസ്തകങ്ങൾ, യൂണിഫോം, കോച്ചിംഗ് ക്ലാസുകൾ തുടങ്ങി വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ചെലവുകൾ ഇതിനോടകം തന്നെ കുത്തനെ ഉയർന്ന സാഹചര്യത്തിലാണ് ബസ് ഫീസും കൂടുന്നത്.
“മുൻപ് സ്കൂൾ ബസ് ഫീസ് കൈകാര്യം ചെയ്യാൻ പറ്റുന്ന തരത്തിലായിരുന്നു. എന്നാൽ ഇപ്പോൾ എല്ലാ വർഷവും ചെലവ് കൂടിക്കൊണ്ടിരിക്കുകയാണ്. മധ്യവർഗ്ഗ കുടുംബങ്ങൾക്ക് ഇത് വലിയ സാമ്പത്തിക സമ്മർദ്ദമാണ്',ഒരു രക്ഷിതാവാണ് വണ്‍ ഇന്ത്യയോട് പ്രതികരിച്ചു.
ചില രക്ഷിതാക്കൾക്ക് സ്വന്തം വാഹനത്തിൽ കുട്ടികളെ സ്കൂളിൽ എത്തിക്കുന്നതും പ്രായോഗികമല്ല. ബെംഗളൂരുവിലെ കനത്ത ഗതാഗതക്കുരുക്കും സുരക്ഷാ ആശങ്കകളും കാരണം പല കുടുംബങ്ങളും ഇപ്പോഴും സ്കൂൾ ബസുകളെ ആശ്രയിക്കാൻ നിർബന്ധിതരാണെന്നാണ് മറ്റൊരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.
ഇന്ധനവില വർധനവ് സ്കൂൾ ഗതാഗത വിഭാഗത്തിന്റെ മുഴുവൻ പ്രവർത്തന ബഡ്ജറ്റിനെയും ബാധിച്ചിരിക്കുകയാണെന്ന് സ്കൂൾ അസോസിയേഷനുകൾ പറയുന്നു. വാഹനങ്ങളുടെ മെയിന്റനൻസ് ചെലവുകൾക്കും ജീവനക്കാരുടെ ശമ്പളത്തിനുമെല്ലാം വലിയ വർധനവാണ് ഉണ്ടായിരിക്കുന്നതെന്നും അവർ ചൂണ്ടിക്കാട്ടുന്നു. പുതിയ അധ്യയന വർഷം തുടങ്ങാനിരിക്കെ വരുന്ന ഈ ബസ് ഫീസ് വർധനവ് ബെംഗളൂരുവിലെ ആയിരക്കണക്കിന് കുടുംബങ്ങൾക്ക് അധിക സാമ്പത്തിക ബാധ്യതയാകും. “കുട്ടികളുടെ വിദ്യാഭ്യാസച്ചെലവ് ഓരോ വർഷവും കൈവിട്ടുപോകുകയാണ്” എന്ന തരത്തിലുള്ള പ്രതികരണങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലും രക്ഷിതാക്കളുടെ കൂട്ടായ്മകളിലും ഉയരുന്നത്.