ബെംഗളൂരു യാത്രക്കാര്‍ ശ്രദ്ധിക്കുക: ലഗേജ് നിരക്ക് വര്‍ധിപ്പിച്ച് കെഎസ്ആര്‍ടിസി; പുതിയ നിരക്കുകള്‍
ബെംഗളൂരു: കര്‍ണാടകയില്‍ എത്തുന്നവര്‍ ശ്രദ്ധിക്കുക. നിങ്ങളുടെ ലഗേജ് 30 കിലോയില്‍ കൂടുതലാണെങ്കില്‍ വര്‍ധിപ്പിച്ച ഫീസ് നല്‍കേണ്ടി വരും. കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനാണ് (കെഎസ്ആര്‍ടിസി) ലഗേജ് നിരക്കുകളില്‍ 15 ശതമാനത്തോളം വര്‍ധന വരുത്തിയത്. പുതുക്കിയ ഈ നിരക്കുകള്‍ നാളെ മുതല്‍ (ഫെബ്രുവരി 16) പ്രാബല്യത്തില്‍ വരും. കഴിഞ്ഞ വര്‍ഷം ബസ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് ഇപ്പോള്‍ ലഗേജ് ചാര്‍ജും പരിഷ്‌കരിക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
യാത്രക്കാര്‍ക്ക് 30 കിലോ വരെയുള്ള ലഗേജുകള്‍ സൗജന്യമായി കൊണ്ടുപോകാന്‍ സാധിക്കുമെന്നത് ആശ്വാസകരമായ കാര്യമാണ്. എന്നാല്‍ ഈ പരിധിയില്‍ കൂടുതല്‍ ഭാരമുള്ള സാധനങ്ങള്‍ കൈവശമുണ്ടെങ്കില്‍ പുതുക്കിയ നിരക്കുകള്‍ നല്‍കേണ്ടി വരും. ദൂരത്തിനനുസരിച്ചുള്ള 'സ്റ്റേജുകള്‍' കണക്കാക്കിയാണ് പുതിയ തുക നിശ്ചയിച്ചിരിക്കുന്നത്. കെഎസ്ആര്‍ടിസി നിയമപ്രകാരം ആറ് കിലോമീറ്റര്‍ ദൂരമാണ് ഒരു സ്റ്റേജ് ആയി കണക്കാക്കുന്നത്.

പുതിയ നിരക്ക് പ്രകാരം അഞ്ച് സ്റ്റേജ് വരെയുള്ള യാത്രയ്ക്ക് ആറ് രൂപയാണ് അധികമായി നല്‍കേണ്ടത്. ദൂരം കൂടുന്നതിന് അനുസരിച്ച് ഈ തുകയില്‍ മാറ്റം വരും. ഉദാഹരണത്തിന് ആറു മുതല്‍ 10 വരെയുള്ള സ്റ്റേജുകള്‍ക്ക് 12 രൂപയും 11 മുതല്‍ 15 വരെയുള്ള സ്റ്റേജുകള്‍ക്ക് 20 രൂപയുമാണ് നിരക്ക്. 21 മുതല്‍ 50 വരെയുള്ള സ്റ്റേജുകളില്‍, നിരക്കുകള്‍ 28 രൂപയില്‍ നിന്ന് 50 രൂപയായി ഉയരുന്നു. കൂടുതല്‍ ദൂരത്തേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ലഗേജ് ചാര്‍ജ് 145 രൂപ വരെ ഉയര്‍ന്നേക്കാം.
സാധാരണയായി ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കുമ്പോള്‍ തന്നെ ലഗേജ് ചാര്‍ജും വര്‍ധിപ്പിക്കാറുണ്ടെങ്കിലും കഴിഞ്ഞ ജനുവരിയില്‍ നിരക്ക് കൂട്ടിയപ്പോള്‍ ഇത് നടപ്പാക്കിയിരുന്നില്ല. ഈ വിടവ് നികത്താനാണ് ഇപ്പോള്‍ നിരക്ക് പുതുക്കിയതെന്ന് കോര്‍പ്പറേഷന്‍ അറിയിച്ചു. 2021 ഡിസംബറിലാണ് ഇതിനുമുമ്പ് ലഗേജ് നിരക്കുകള്‍ പരിഷ്‌കരിച്ചിരുന്നത്.












Click it and Unblock the Notifications