ബെംഗളൂരു യാത്രക്കാരുടെ ശ്രദ്ധയ്ക്ക്;പീനിയ ഫ്ലൈ ഓവർ 4 ദിവസത്തേക്ക് അടച്ചിടും..ഏത് വഴി പോകണം? അറിയാം
ബെംഗളൂരുവിലെ തുമകുരു റോഡിലുള്ള (NH-4) ശ്രീ ശിവകുമാർ സ്വാമിജി ഫ്ലൈഓവർ ( പീനിയ എലിവേറ്റഡ് ഫ്ലൈഓവർ) തിങ്കളാഴ്ച അടക്കും. ഏപ്രിൽ 13 തിങ്കളാഴ്ച രാവിലെ 5 മണി മുതൽ ഏപ്രിൽ 17 വെള്ളിയാഴ്ച രാവിലെ 11 മണി വരെയാണ് ഫ്ലൈഓവർ അടച്ചിടുന്നത്. .പീനിയ മുതൽ നാഗസന്ദ്ര വരെ 4.2 കിലോമീറ്റർ നീളമുള്ള പാതയാണിത്. വടക്കോട്ടുള്ള യാത്രക്കാർക്ക് ഏറെ നിർണായകമായ ഫ്ലൈഓവർ കൂടിയാണിത്.
102 മണിക്കൂറോളമാണ് പാത അടച്ചിടുന്നത്. 2010 ലാണ് ഈ മേൽപ്പാലം തുറന്നത്. നിലവിൽ പാതക്ക് സുരക്ഷ പ്രശ്നങ്ങൾ നേരിടുന്നുണ്ട്. മൂന്ന് സ്പാനുകളിലെ പ്രീസ്ട്രെസ്ഡ് കേബിളുകൾ തുരുമ്പ് കാരണം പ്രവർത്തനരഹിതമായതോടെ 2021 ഡിസംബർ മുതൽ ബസുകൾക്കും ട്രക്കുകൾക്കും ഇവിടെ പ്രവേശനം നിരോധിച്ചിരുന്നു.

കഴിഞ്ഞ കുറച്ച് മാസങ്ങളിലായി ഏകദേശം 1,422 കേബിളുകൾ നന്നാക്കുകയും മാറ്റിവെക്കുകയും ചെയ്തിരുന്നു. അറ്റകുറ്റപ്പണിക്ക് ശേഷം സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള അന്തിമ ലോഡ് ടെസ്റ്റിംഗ് നടത്താനാണ് എൻ.എച്ച്.എ.ഐ. ഇപ്പോൾ ഫ്ലൈഓവർ പൂർണ്ണമായി അടയ്ക്കുന്നത്.
ഈ വഴി പോകാം
നെലമംഗല-ബെംഗളൂരു യാത്രികർക്ക് കെന്നമെറ്റൽ വിഡിയ റാംപിൽ നിന്ന് NH-4 ഉപരിതല/സർവീസ് റോഡ് ഉപയോഗിച്ച് 8th മൈൽ, ദസറഹള്ളി, ജാലഹള്ളി ക്രോസ്, പീനിയ പോലീസ് സ്റ്റേഷൻ ജങ്ഷൻ, എസ്.ആർ.എസ്. ജങ്ഷൻ വഴി ഗൊരഗുണ്ടെപാളയയിലേക്ക് എത്താം.
ബെംഗളൂരുവിൽ നിന്ന് നെലമംഗലയിലേക്ക് പോകുന്നവർ എസ്.ആർ.എസ്. ജങ്ഷൻ, പീനിയ പോലീസ് സ്റ്റേഷൻ ജങ്ഷൻ, ജാലഹള്ളി ക്രോസ്, ദസറഹള്ളി, 8th മൈൽ വഴി പാർലെ-ജി ടോൾ കടന്നാണ് പോകേണ്ടത്..
ഈ ആഴ്ച മുഴുവൻ തുമകുരു റോഡിൽ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകുമെന്ന് മുന്നറിയിപ്പുണ്ട്. അതിനാൽ യാത്ര കൃത്യമായ പ്ലാൻ ചെയ്ത് പുറപ്പെടണമെന്നാണ് അധികൃതരുടെ നിർദേശം. പരിശോധനകൾക്ക് ശേഷം, എല്ലാ വാഹനങ്ങൾക്കുമായി ഫ്ലൈഓവർ തുറക്കുന്ന കാര്യത്തിൽ എൻ.എച്ച്.എ.ഐ. അന്തിമ തീരുമാനം എടുക്കുമെന്നും അധികൃതർ അറിയിച്ചു.












Click it and Unblock the Notifications