ബെംഗളൂരുവില്‍ പുതുവത്സരം ആഘോഷിക്കുന്നവര്‍ ശ്രദ്ധിക്കാന്‍; ഈ 19 കാര്യങ്ങള്‍ അറിഞ്ഞിരിക്കണമെന്ന് പൊലീസ്
ബെംഗളൂരു: ഗോവയിലെ നൈറ്റ് ക്ലബ്ബ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ബെംഗളൂരുവില്‍ പുതുവത്സര ആഘോഷങ്ങള്‍ക്ക് കര്‍ശന നിയന്ത്രണവുമായി ബെംഗളൂരു പൊലീസ്. ഗോവയില്‍ തീപിടിത്തത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടതു പോലുള്ള ദുരന്തം ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതലിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. പുതുവത്സര ആഘോഷങ്ങള്‍ക്കായി ആയിരക്കണക്കിന് ആളുകള്‍ ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് ബെംഗളൂരുവിലേക്കു ഒഴുകാറുണ്ട്. ഈ പശ്ചാത്തലത്തിലാണ് പൊലീസ് കര്‍ശനമായ സുരക്ഷാ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. നിയമലംഘനങ്ങള്‍ക്ക് കര്‍ശന നടപടിയെടുക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കുന്നു.
പുതുവത്സര പരിപാടികള്‍ക്ക് സംഘാടകര്‍ ബന്ധപ്പെട്ട എല്ലാ വകുപ്പുകളില്‍ നിന്നും അനുമതികള്‍ വാങ്ങുകയും നിയമങ്ങള്‍ കര്‍ശനമായി പാലിക്കുകയും വേണം. പുതുവത്സര പരിപാടികളില്‍ പടക്കങ്ങള്‍ ഉപയോഗിക്കുന്നതിന് നഗരത്തിലുടനീളം സമ്പൂര്‍ണ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഡിസംബര്‍ 31-ന് പരിപാടികള്‍ സംഘടിപ്പിക്കുന്ന ഹോട്ടലുകള്‍, ബാറുകള്‍ പബ്ബുകള്‍, റസ്റ്റോറന്റുകള്‍, പങ്കെടുക്കുന്ന ആളുകള്‍ എന്നിവര്‍ പാലിക്കേണ്ട 19 ഇന മാര്‍ഗനിര്‍ദേശങ്ങളാണ് പൊലീസ് പുറത്തിറക്കിയത്.

പൊലീസ് പുറത്തിറക്കിയ നിര്‍ദേശങ്ങള്‍ പ്രകാരം ആഘോഷങ്ങള്‍ അനുവദനീയമായ സമയപരിധിക്കുള്ളില്‍ തന്നെ അവസാനിക്കണം. ശബ്ദ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് ലൈസന്‍സ് എടുക്കണം. ഇതുകൂടാതെ അനുവദനീയമായ ശബ്ദ പരിധി കര്‍ശനമായി പാലിക്കുകയും വേണം. പരിപാടി സംഘടിപ്പിക്കുന്ന വേദിയുടെ സീറ്റിങ് ശേഷിക്കനുസരിച്ചുള്ള പാസുകള്‍ മാത്രമേ വിതരണം ചെയ്യാന്‍ പാടുള്ളൂ. പരിപാടികള്‍ ഹാളിനുള്ളില്‍ തന്നെ നടത്തണം. ബേസ്മെന്റുകള്‍, പാര്‍ക്കിങ് ഏരിയകള്‍, ടെറസുകള്‍ എന്നിവിടങ്ങളില്‍ ആഘോഷങ്ങള്‍ നടത്താന്‍ പാടില്ല.
സുരക്ഷയുടെ കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാവില്ലെന്നും ജനങ്ങള്‍ സഹകരിക്കണമെന്നും പൊലീസ് വ്യക്തമാക്കി. എല്ലാ ആഘോഷ വേദികളിലും സിസിടിവി ക്യാമറകള്‍ നിര്‍ബന്ധമാണ്. ഇതിലെ ദൃശ്യങ്ങള്‍ കുറഞ്ഞത് 30 ദിവസത്തേക്ക് സൂക്ഷിക്കണം. സന്ദര്‍ശകരെ കൃത്യമായി പരിശോധിച്ച ശേഷമേ ഉള്ളിലേക്കു പ്രവേശിപ്പിക്കാവൂ. സംശാസ്പദമായ പെരുമാറ്റം ഉണ്ടായാല്‍ പൊലീസിനെ അറിയിക്കണം.
തീപിടിത്തം പോലുള്ള അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ മതിയായ അഗ്‌നിശമന ഉപകരണങ്ങളും വിശാലമായ എക്‌സിറ്റുകളും വേദികളില്‍ സംഘാടകര്‍ ഉറപ്പാക്കണമെന്നും നിര്‍ദേശമുണ്ട്.
സ്ത്രീ സുരക്ഷയ്ക്കും പൊലീസ് പ്രത്യേക പരിഗണന നല്‍കിയിട്ടുണ്ട്. പാര്‍ക്കിങ് മേഖലകളിലും സ്ത്രീകള്‍ കൂടുതലായി എത്തുന്ന ഇടങ്ങളിലും വനിതാ സുരക്ഷാ ജീവനക്കാരെ വിന്യസിക്കണം. സുരക്ഷാ ഏജന്‍സികള്‍ക്കും ബൗണ്‍സര്‍മാര്‍ക്കും നിയമാനുസൃതമായ അംഗീകാരം ഉണ്ടായിരിക്കണം. പരിപാടിയില്‍ പങ്കെടുക്കുന്ന സെലിബ്രിറ്റികള്‍, ഡിജെകള്‍ എന്നിവരുടെ വിവരങ്ങള്‍ മുന്‍കൂട്ടി ലോക്കല്‍ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം. വേദിക്ക് പുറത്ത് പൊതുജനങ്ങള്‍ക്ക് ദൃശ്യമാകുന്ന തരത്തില്‍ ഡിസ്പ്ലേ പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്.
മയക്കുമരുന്ന് ഉപയോഗത്തിനെതിരെയും കടുത്ത നടപടികള്‍ ഉണ്ടാകും. പരിസരത്ത് മയക്കുമരുന്ന് ഉപയോഗം കണ്ടെത്തിയാല്‍ സംഘാടകര്‍ ഉടന്‍ പൊലീസിനെ അറിയിക്കണം. അല്ലാത്തപക്ഷം കെട്ടിട ഉടമകള്‍ക്കും മാനേജര്‍ക്കും എതിരെ കേസ് എടുക്കും. ലൈസന്‍സില്ലാത്ത പൊതുസ്ഥലങ്ങളില്‍ മദ്യം വിളമ്പുന്നതും ഹോട്ടല്‍ മുറികള്‍ കേന്ദ്രീകരിച്ച് നിയമവിരുദ്ധമായ സ്വകാര്യ പാര്‍ട്ടികള്‍ നടത്തുന്നതും നിരോധിച്ചിട്ടുണ്ട്.
പൊതുജനങ്ങള്‍ക്ക് തടസമില്ലാത്ത രീതിയില്‍ പാര്‍ക്കിങ് ക്രമീകരണങ്ങള്‍ സംഘാടകര്‍ തന്നെ ഒരുക്കണം. വേദികളില്‍ ഏതെങ്കിലും തരത്തിലുള്ള സംഘര്‍ഷങ്ങള്‍ ഉണ്ടായാല്‍ ഉടന്‍ തന്നെ പൊലീസിനെ ബന്ധപ്പെടണം. ഈ മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന് ബെംഗളൂരു പൊലീസ് കമ്മീഷണര്‍ അറിയിച്ചു.












Click it and Unblock the Notifications